ഐ എസ് എൽ അടുത്ത സീസൺ ഉദ്ഘാടന മത്സരം കൊച്ചിയിൽ തന്നെ

ഐ എസ് എൽ അടുത്ത സീസൺ ഉദ്ഘാടന മത്സരം കൊച്ചിയിൽ തന്നെ നടക്കും. ഐ എസ് എൽ ഉദ്ഘാടന മത്സരത്തിന് കൊച്ചി വേദിയാകും എന്ന് ഇന്ന് ജി സി ഡി എ പത്ര കുറിപ്പിലൂടെ അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സും ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റിയും നടത്തിയ ചർച്ചകൾക്ക് ശേഷം ആണ് പുതിയ സീസണിലെ ഒരുക്കങ്ങളെ കുറിച്ച് ജി സി ഡി എ അറിയിച്ചത്‌.

ഐ എസ് എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ 10 ഹോം മത്സരങ്ങൾക്കും കൊച്ചി വേദിയാകും. അവസാന രണ്ട് സീസണുകളിൽ ഗോവയിൽ ആയിരുന്നു ഐ എസ് എൽ നടന്നിരുന്നത്. ഐ എസ് എല്ലിനായി സ്റ്റേഡിയവും പരിസരവും നവീകരിക്കാനും തീരുമാനം ആയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ടീം ഓഗസ്റ്റ് മുതൽ കൊച്ചിയിൽ വെച്ച് പരിശീലനം ആരംഭിക്കും.Img 20220406 Wa0062

കേരള ബ്ലാസ്റ്റേഴ്സിന്റെയും ജി സി ഡി എയുടെയും സംയുക്ത പ്രസ് റിലീസ്;

ഐ എസ് എൽ മത്സരങ്ങൾക്ക് ഇക്കൊല്ലം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. 2022 ഒക്ടോബർ മുതൽ മാർച്ച് 2023 വരെ നീളുന്ന ഐ എസ് എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയിൽ 10 മത്സരങ്ങൾ നടക്കും. ഉദ്ഘാടന മത്സരം കൊച്ചിയിൽ തന്നെയായിരിക്കും. ഓഗസ്റ്റ് മാസത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ വന്ന് പരിശീലനം ആരംഭിക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ എല്ലാ പ്രവർത്തനങ്ങൾക്കും ജിസിഡിഎ സഹായവും സഹകരണവും തുടർന്നും നൽകും. കേരളത്തിലെ ഫുട്ബോളിന്റെ വികസനത്തിനും കൂടുതൽ മത്സരങ്ങൾ കൊച്ചിയിലേക്ക് കൊണ്ടുവരാനും ജിസിഡിഎയും ബ്ലാസ്റ്റേഴ്സും ഒരുമിച്ച് ശ്രമിക്കും.

സ്റ്റേഡിയം പരിസരം കൂടുതൽ ആകർഷകമാക്കുക, അശാസ്ത്രീയമായ പാർക്കിംഗ് നിയന്ത്രിക്കുവാൻ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുക എന്നിവ ജിസിഡിഎ അടിയന്തരമായി ഏറ്റെടുത്ത് നടപ്പിലാക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ മ്യൂസിയത്തിനായുള്ള സ്ഥലസൗകര്യവും സഹകരണവും ജിസിഡിഎ നൽകും.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ആരാധക പിന്തുണയും കഴിഞ്ഞ സീസണിലെ മത്സരങ്ങൾ ലൈവ്സ്ട്രീമിങ് നടത്തിയതിൽർ ജനപങ്കാളിത്തവും കണക്കിലെടുത്ത് വരുന്ന സീസണിലേക്ക് കൂടുതൽ ആരാധകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പാണ് ജി സി ഡി എയും കേരള ബ്ലാസ്റ്റേഴ്സും സംയുക്തമായി സമയബന്ധിതമായി നടത്തുന്നത്.

ജി സി ഡി എ ചെയർമാൻ ശ്രീ കെ ചന്ദ്രപ്പിള്ള, കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ ശ്രീ നിഖിൽ ഭരദ്വാജ് എന്നിവർ ജി സി ഡി എയിലെയും കേരള ബ്ലാസ്റ്റേഴ്സിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഈ കാര്യങ്ങൾ ധാരണയിലായത്.