ഇത്തവണ മാപ്പ് നൽകണം, ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് സന്ദേശ് ജിങ്കൻ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം പ്രകടനത്തെ തുടർന്നാണ് ക്യാപ്റ്റന് ആരാധകരോട് മാപ്പ് പറയേണ്ടി വന്നത്. ഈ സീസണിൽ ആരാധകരുടെ പ്രതീക്ഷകൾക്കനുസരിച്ച് പ്രകടനം നടത്താൻ തങ്ങൾക്കായില്ലെന്നും ഇതിലും മികച്ച പ്രകടനം ആരാധകർ അർഹിക്കുന്നുവെന്നും ജിങ്കൻ ട്വിറ്ററിൽ കുറിച്ചു. 2019 ൽ ഇതിലും കൂടുതൽ അധ്വാനിക്കാനും ആരാധകർക്ക് ആഗ്രഹിക്കുന്ന പ്രകടനം നടത്താനും ശ്രമിക്കുമെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

സമീപ കാലത്തെ ഏറ്റവും മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കാഴ്ച്ച വെച്ചത്. കപ്പില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിന് കൂട്ടായി ഇരുന്ന ആരാധകരെയും ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് നഷ്ടപ്പെട്ടു. ആരും നേതൃത്വം നൽകാതെ ഉയർന്നു വന്ന എംറ്റി സ്റ്റേഡിയം ചാലഞ്ച് ആരാധകർ ഏറ്റെടുത്തു. അരലക്ഷത്തിൽ അധികം ആൾക്കാർ വന്നിരുന്ന കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അവസാന രണ്ടു മത്സരങ്ങളിൽ കാണികളുടെ എണ്ണം വെറും എട്ടായിരം മാത്രമായിരുന്നു. 12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും 9 പോയന്റുമായി ലീഗിൽ എട്ടാം സ്ഥാനത്ത് നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

Exit mobile version