Site icon Fanport

സൺറൈസേഴ്‌സ് ഹൈദരാബാദിന് വമ്പൻ തിരിച്ചടി, ഭുവനേശ്വർ കുമാർ ഐ.പി.എല്ലിൽ നിന്ന് പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ പുറത്ത്. ഇടുപ്പിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. സൂപ്പർ താരം പുറത്തുപോയത് സൺറൈസേഴ്‌സ് ഹൈദരാബാദിന് വമ്പൻ തിരിച്ചടിയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലാണ് ഭുവനേശ്വർ കുമാറിന് പരിക്കേറ്റത്. മത്സരത്തിന്റെ 19ആം ഓവറിൽ പരിക്കേറ്റ ഭുവനേശ്വർ കുമാർ മത്സരം പൂർത്തിയാകാതെ കളം വിട്ടിരുന്നു. തുടർന്ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് മുൻപ് ഭുവനേശ്വർ കുമാറിന് കുറച്ച് മത്സരങ്ങൾ മാത്രമാണ് നഷ്ടമാവുകയെന്ന് ക്യാപ്റ്റൻ ഡേവിഡ് വാർണർ പറഞ്ഞെങ്കിലും താരത്തിന് ടൂർണമെന്റ് മുഴുവൻ നഷ്ടമാവുമെന്ന് ടീമിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായ ഭുവനേശ്വർ കുമാറിന്റെ പരിക്ക് ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ഓസ്ട്രേലിയയിൽ പര്യടനം നടത്താനിരിക്കുന്ന ഇന്ത്യൻ ടീമിനും തിരിച്ചടിയാണ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഡിസംബർ മാസമാണ് തുടങ്ങുക.

Exit mobile version