Picsart 22 10 03 02 33 28 934

പെനാൾട്ടി നഷ്ടപ്പെടുത്തി ബെൻസീമ, വിജയവും ഒന്നാം സ്ഥാനവും കൈവിട്ട് റയൽ മാഡ്രിഡ്‌

ഈ സീസണിൽ ആദ്യമായി റയൽ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തു. ഇന്ന് ലാലിഗയിൽ ബെർണബയുവിൽ വെച്ച് നടന്ന മത്സരത്തിൽ ഒസാസുനയോട് റയൽ മാഡ്രിഡ് സമനിലയിൽ പിരിയേണ്ടി വന്നു. 1-1 എന്നായിരുന്നു സ്കോർ. ബെൻസീമ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയത് റയൽ മാഡ്രിഡിന് തിരിച്ചടിയായി.

ഇന്ന് മത്സരത്തിന്റെ 42ആം മിനുട്ടിൽ വിനീഷ്യസിന്റെ ഗോളിലൂടെ ആണ് റയൽ മാഡ്രിഡ് മുന്നിൽ എത്തിയത്. വിനീഷ്യസിന്റെ ഒരു ക്രോസ് ജഡ്ജ് ചെയ്യുന്നതിൽ ഗോളിക്ക് പിഴച്ചതോടെ ആണ് റയൽ ലീഡ് എടുത്തത്.

രണ്ടാം പകുതിയിൽ 50ആം മിനുട്ടിൽ ഗാർസിയയിലൂടെ ഒസാസുന സമനില ഗോൾ നേടി. സ്കോർ 1-1. 78ആം മിനുട്ടിൽ ആയിരുന്നു റയലിന് പെനാൾട്ടി ലഭിച്ചത്. ഒസാസുനയുടെ ഉനായ് ഗാർസിയ ചുവപ്പ് കണ്ട് പുറത്തും പോയി.

പക്ഷെ പെനാൾട്ടി എടുത്ത ബെൻസീമക്ക് പിഴച്ചു. ബെൻസീമയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഇതിനു ശേഷം ലീഡ് എടുക്കാൻ റയലിന് ആയില്ല. റയൽ മാഡ്രിഡ് ആദ്യമായാണ് ഈ സീസണിൽ പോയിന്റ് നഷ്ടപ്പെടുത്തുന്നത്. ഇതോടെ റയലിന്റെ ഒന്നാം സ്ഥാനം നഷ്ടമായി ബാഴ്സലോണ ലീഗിൽ അടുത്ത മാച്ച് വീക്ക് വരെ ഒന്നാമത് തുടരും എന്ന് ഉറപ്പായി. റയലിനും ബാഴ്സലോണക്കും 19 പോയിന്റുകൾ ആണ് ഉള്ളത്.

Exit mobile version