ബെൽജിയം, സൂപ്പർ താരങ്ങളെ ഇട്ട് വേവിച്ച വെറും സാമ്പാറല്ല

- Advertisement -

കഴിഞ്ഞ ലോകകപ്പിലും യൂറോ കപ്പിലും ബെൽജിയത്തെ കണ്ട് ഇത് മറ്റൊരു ഇംഗ്ലണ്ടാണ് എന്നൊരു അഭിപ്രായം ഫുട്ബോൾ ലോകത്ത് നിന്ന് ഉയർന്നിരുന്നു. അതെ എല്ലാ പൊസിഷനിലും സൂപ്പർ താരങ്ങൾ, ബെഞ്ചിലും അതെ പക്ഷെ ടീമെന്ന നിലയിൽ ആ ശക്തി തെളിയിക്കാൻ വർഷങ്ങളായി ഇംഗ്ലണ്ടിന് കഴിയാതിരുന്നത് പോലെ ഈ ബെൽജിയൻ തലമുറക്കും കഴിഞ്ഞിരുന്നില്ല. എന്നാൽ റൊബേർട്ടോ മാർട്ടിനെസ് എന്ന സ്പാനിഷ് പരിശീലകന് ഇപ്പോൾ റഷ്യയിലേക്ക് കൂട്ടി വന്നിരിക്കുന്നത് അങ്ങനെയൊരു സൂപ്പർ താരങ്ങളുടെ നിരയല്ല.

ഒരു സൂപ്പർ താരവുമില്ലാതെ റിലഗേഷനിൽ പൊരുതുകയായിരുന്ന വീഗാൻ അത്ലറ്റിക്കിനെ 2013ൽ എഫ് എ കപ്പ് ചാമ്പ്യന്മാരാക്കിയ ചരിത്രമുണ്ട് റോബേർട്ടോ മാർട്ടിനെസ് എന്ന പരിശീലകന്. ആ പരിശീലകന് കുറേയേറെ സൂപ്പർ താരങ്ങളെ ടീമായി മാറ്റിയെടുക്കാനും വലിയ പ്രയാസമില്ല എന്ന് കാണിക്കുകയാണ് ബെൽജിയത്തിന്റെ റഷ്യയിലെ തുടക്കവും അവരുടെ സമീപകാലത്തെ ഫുട്ബോളും. 20ൽ അധികം മത്സരങ്ങളായി ബെൽജിയം ഒരു പരാജയം അറിഞ്ഞിട്ട്. സ്പെയിന് മാത്രമെ ഇപ്പോൾ ബെൽജിയത്തേക്കാൾ മികച്ച അപരാജിത റെക്കോർഡ് ഉള്ളൂ.

ആദ്യ മത്സരത്തിൽ പനാമയ്ക്കെതിരെയും ഇന്ന് ടുണീഷ്യക്കെതിരെയും അനായാസമായിരുന്നു ബെൽജിയത്തിന്റ് ഫുട്ബോൾ. ഇംഗ്ലണ്ടിനെ വിറപ്പിച്ച ടുണീഷ്യയുടെ വലയിൽ അഞ്ചു ഗോളുകളാണ് ബെൽജിയൻ അറ്റാക്ക് അടിച്ചു കയറ്റിയത്. ബാറ്റ്ഷുവായി അവസാന 20 മിനുട്ടുകളിൽ അലസത കാണിച്ചില്ലായിരുന്നു എങ്കിൽ ആ അഞ്ച് ഗോളുകൾ രണ്ടെക്കം വരെ കടന്നേനെ. ടൂർണമെന്റിൽ ഇതുവരെ എട്ടു ഗോളുകൾ അടിച്ച ബെൽജിയം റഷ്യക്കൊപ്പം ഈ ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ടീമായും മാറി.

ഹസാർഡ്, ഡിബ്ര്യുയിൻ, മെർടൻസ് ഏതാണ്ട് ഒരേ പൊസിഷനിൽ കളിച്ച് ശീലിച്ച മൂന്ന് താരങ്ങളെ ഒരു ടീമിൽ എങ്ങനെ ലയിപ്പിക്കാം എന്ന മാർട്ടിനെസിന്റെ മികവാണ് ഈ രണ്ട് മത്സരങ്ങളിലും കണ്ടത്. ഇവർക്ക് മുന്നിൽ അണിനിരക്കുന്ന ലുകാകുവിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടാകുന്ന പോലെ അവസരങ്ങൾക്ക് ക്ഷാമമില്ല. അതാണ് രണ്ട് മത്സരത്തിൽ നിന്ന് 4 ഗോളുകളിൽ ലുകാകുവിനെ എത്തിച്ചിരിക്കുന്നത്. ഗോൾഡൻ ബൂട്ടുമായു ലുകാകു റഷ്യയിൽ നിന്ന് മടങ്ങിയാലും അത്ഭുതപ്പെടാനില്ല.

നാളെ പനാമ വിജയിക്കാതിരുന്നാൽ മതിയാകും ബെൽജിയത്തിന്റെ പ്രീക്വാർട്ടർ ഉറപ്പാക്കാൻ. പിന്നെ ബാക്കിയുള്ളത് ഗ്രൂപ്പിലെ അവസാന പോരാണ്. ബെൽജിയത്തിന്റെ ലോകകപ്പിലെ ആദ്യത്തെ ശരിക്കുള്ള പരീക്ഷണമായിരിക്കും ഇംഗ്ലണ്ട്.

ടോട്ടൻഹാം മധ്യനിര നയിച്ച ഡെംബലെയെ ഒന്നും ഇനിയും ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്നത് ബെൽജിയത്തിന്റെ ടീം കരുത്തിന്റെ ആഴവും വ്യക്തമാക്കുന്നു. എന്തായാലും എന്തിനോ തിളയ്ക്കുന്ന സൂപ്പർ താര സാമ്പാറായി ബെൽജിയം അവസാനിക്കില്ല എന്ന് ഈ പ്രകടനങ്ങൾ ഉറപ്പ് നൽകുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement