ലുകാകുവിന് ഇരട്ട ഗോൾ, പനാമയെ തോൽപ്പിച്ച് റഷ്യയിൽ ബെൽജിയം കുതിപ്പ്

- Advertisement -

രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ആദ്യ ലോകകപ്പിന് എത്തിയ പനാമയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ബെൽജിയം റഷ്യയിൽ പടയോട്ടം തുടങ്ങി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബെൽജിയം മുഴുവൻ ഗോളുകളും നേടിയത്. ബെൽജിയത്തിന് വേണ്ടി ലുകാകു ഇരട്ട ഗോൾ നേടിയപ്പോൾ മെർട്ടൻസ് ഒരു ഗോൾ നേടി.

അവസരങ്ങൾ നഷ്ടപ്പെടുത്തിയ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബെൽജിയം ഗോളടി തുടങ്ങിയത്. പനാമ പെനാൽറ്റി ബോക്സിൽ നിന്നും റീബൗണ്ട് വന്ന പന്ത് മികച്ചൊരു ഷോട്ടിലൂടെ മെർട്ടൻസ് പനാമ ഗോൾ വല ചലിപ്പിക്കുകയായിരുന്നു. എന്നാൽ അധികം താമസിയാതെ പനാമക്ക് മത്സരത്തിലേക്ക് തിരിച്ചു വരാൻ മികച്ചൊരു അവസരം ലഭിച്ചെങ്കിലും മുറില്ലോയുടെ ശ്രമം ബെൽജിയൻ ഗോൾ കീപ്പർ ക്വർട്ട രക്ഷപ്പെടുത്തുകയായിരുന്നു.  ഗോൾ നേടിയതോടെ ആത്മവിശ്വാസത്തോടെ കളിച്ച ബെൽജിയം അധികം താമസിയാതെ ലീഡ് ഇരട്ടിയാക്കി. ഡിബ്ര്യൂണെയുടെ പുറം കാലുകൊണ്ടുള്ള പാസിൽ നിന്ന് ഹെഡറിലൂടെ ലുകാകുവാണ് ഗോൾ നേടിയത്.

രണ്ടു മിനുട്ടിനകം മൂന്നാമത്തെ ഗോളും നേടി ബെൽജിയം മത്സരത്തിൽ വിജയം ഉറപ്പിച്ചു. ഇത്തവണ മികച്ചൊരു കൗണ്ടർ അറ്റാക്കിനു ഒടുവിൽ ലുകാകു തന്നെയാണ് ഗോൾ നേടിയത്. ഹസാർഡിന്റെ പാസ് സ്വീകരിച്ച ലുകാകു പനാമ ഗോൾ കീപ്പറെ നിഷ്പ്രയാസം മറികടക്കുകയായിരുന്നു. മൂന്നു ഗോൾ വഴങ്ങിയതോടെ രണ്ടു കൽപ്പിച്ച് പനാമ ആക്രമണത്തിന് ഇറങ്ങിയെങ്കിലും ആശ്വാസ ഗോൾ കണ്ടെത്താൻ അവർക്കായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement