
ഉഡിനെസെയുടെ മധ്യനിരതാരം ബെഹ്റാമിയായിരുന്നു ഇന്നലെ സ്വിറ്റ്സർലാന്റിന്റെ താരം. കസമേറോ, കൗട്ടീനോ, പൗളീനോ എന്നീ ലോക ഫുട്ബോളിലെ ഏറ്റവും മികച്ചവർ അണിനിരന്ന മധ്യനിരയെ തളക്കുന്നതിൽ ബെഹ്റാമിയുടെ പങ്ക് വലുതായിരുന്നു. സ്വിറ്റ്സർലാന്റ് നിരയിലെ ഏറ്റവും പരിചയസമ്പത്തുള്ള താരത്തെ ആദ്യ ഇലവനിൽ ഇറക്കിയപ്പോൾ പലരുടേയും നെറ്റി ചുളിഞ്ഞിരുന്നു എങ്കിലും തന്നെ ഉൾപ്പെടുത്തിയ പരിശീലകന്റെ തീരുമാനത്തെ ശരിവെക്കുന്നതായിരുന്നു ബെഹ്റാമിയുടെ പ്രകടനം.
ബ്രസീലിന് ഒരു ഘട്ടത്തിലും താളം കണ്ടെത്താൻ കഴിയില്ല എന്ന കാര്യം ബെഹ്റാമി ഉറപ്പിച്ചു. നെയ്മാറിനെ മാർക്ക് ചെയ്യൽ കൂടെ ഇന്നലെ ബെഹ്റാനിയുടെ ചുമതല ആയിരുന്നു. താൻ കളത്തിൽ ഉള്ളപ്പോഴൊക്കെ അത് ഭംഗിയായി ബെഹ്റാമി ചെയ്യുകയും ചെയ്തു.
ഇന്നലെ 44 പാസുകൾക്ക് ശ്രമിച്ച ബെഹ്റാമി 41ഉം പൂർത്തിയാക്കി. 4 ഫൗളും 2 ഇന്റർസെപ്ഷനും, പിന്നെ ശ്രമിച്ച എല്ലാ ഹെഡറും നേടുക തുടങ്ങി ഒരു സമ്പൂർണ്ണ ഡിഫൻസീവ് മിഡ്ഫീൽഡറുടെ പ്രകടനമായിരുന്നു ബെഹ്റാമി ഇന്നലെ പുറത്തെടുത്തത്. 70 മിനുട്ട് മാത്രമെ ബെഹ്റാമി കളിച്ചുള്ളൂ എങ്കിലും നെയ്മാർ അടക്കമുള്ള താരങ്ങളെ നിഴലാക്കി വെക്കാൻ താരത്തിനായി.
ഇന്നലെ ഇറങ്ങിയതോടെ സ്വിറ്റ്സർലാന്റിനായി ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ച റെക്കോർഡും ബെഹ്റാമി സ്വന്തമാക്കി. ഇത് ബെഹ്റാമിയുടെ നാലാം ലോകകപ്പാണ്. 33കാരനായ ബെഹ്റാമി അല്ലാതെ വേറെ ഒരു താരവും സ്വിസ്സ് ടീമിനായി 4 ലോകകപ്പ് കളിച്ചിട്ടില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
