ഹോട്ടൽ സ്റ്റാഫിനെതിരെ വംശീയാധിക്ഷേപവുമായി ബാഴ്സലോണയുടെ ഫ്രെഞ്ച് താരങ്ങളായ അന്റോണിൻ ഗ്രീസ്സ്മാനും ഒസ്മാൻ ഡെംബെലെയും. ഇരു താരങ്ങൾക്കെതിരെയും കനത്ത പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇരു താരങ്ങളുടേയും വീഡിയോ ക്ലിപ്പ് വൈറലായതിനെ തുടർന്നാണ് വംശീയാധിക്ഷേപത്തിനെതിരെ ആരാധകർ രംഗത്ത് വന്നത്. തങ്ങളുടെ ഹോട്ടൽ മുറിയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ എത്തിയ ഏഷ്യൻ വംശജരായ ടെക്നീഷ്യന്മാരെയാണ് ഡെംബെലെ വംശീയമായി അധിക്ഷേപിക്കുന്നത്.
ഗ്രീസ്സ്മാൻ മാത്രമാണ് ഏഷ്യൻ വംശജരായ ടെക്ക്നീഷ്യന്മാർക്ക് ഒപ്പം വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഏഷ്യൻ വംശജരുടെ രൂപത്തെയും അവരുടെ ഭാഷയേയും അധിക്ഷേപിക്കുന്ന ഡെംബെലെയെ ആ വീഡിയോയിൽ കാണാം. അതേ സമയം സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോ യൂറോ കപ്പിന് മുൻപുള്ളതാണെന്നാണ് പുറത്ത് വരുന്ന വിവരം.
https://twitter.com/duatleti/status/1410746677158301697?s=19
2019ൽ ബാഴ്സലോണ പ്രീ സീസണിനായി ജപ്പാനിൽ പോയപ്പോൾ ഡെംബെലെ തന്നെ റെക്കോർഡ് ചെയ്ത വീഡിയോ ആണിത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാദത്തിന് പിന്നാലെ ഇരു താരങ്ങളും ഒഫീഷ്യലായി പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. കളിക്കളത്തിലും സോഷ്യൽ മീഡിയയിലും വംശീയാധിക്ഷേപത്തിനെതിരെ പ്രതികരിക്കുന്ന താരങ്ങൾ റിയൽ ലൈഫിൽ നേരെ മറിച്ചാണെന്ന് തെളിയിക്കുന്നതാണി സംഭവമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഫുട്ബോൾ ആരാധകർ പറയുന്നത്.