ബാഴ്‌സലോണയെ ഞെട്ടിച്ച് ഗെറ്റാഫെക്ക് ക്യാമ്പ് നൗവിൽ സമനില

പേരുകേട്ട ബാഴ്‌സലോണ ആക്രമണ നിരയെ പിടിച്ചു കെട്ടി ഗെറ്റാഫ. ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിലാണ് ബാഴ്‌സലോണയെ ഗെറ്റാഫെ ഗോൾ രഹിത സമനിലയിൽ പിടിച്ചത്. സീസണിൽ ഇത് രണ്ടാം തവണയാണ് സ്വന്തം ഗ്രൗണ്ടിൽ ബാഴ്‌സലോണ പോയിന്റ് നഷ്ടപ്പെടുത്തുന്നത്.

തുടക്കം മുതൽ അവസാനം വരെ ബാഴ്‌സലോണ ആക്രമണ നിരയെ പിടിച്ചു കെട്ടുന്ന പ്രകടനമാണ് ഗെറ്റാഫെ പുറത്തെടുത്തത്. സമനിലയോടെ അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വ്യതാസം ഏഴായി കുറഞ്ഞു. ജനുവരിയിൽ ടീമിലെത്തിയ യെറി മിനയെ ആദ്യ പതിനൊന്നിൽ ഇറക്കിയാണ് ബാഴ്‌സലോണ ഇറങ്ങിയത്. പക്ഷെ മത്സരത്തിന്റെ തുടക്കത്തിൽ അവസരം സൃഷ്ട്ടിക്കാൻ ബാഴ്‌സലോണക്കയില്ല. ആദ്യ പകുതിയിലെ മികച്ച അവസരം ലഭിച്ചതും ഗെറ്റാഫെക്കായിരുന്നു.

രണ്ടാം പകുതിയിൽ ലൂയിസ് സുവാരസിലൂടെ ഗോളിനടുത്ത് എത്തിയെങ്കിലും സുവാരസിന്റെ ഷോട്ട് പോസ്റ്റിനു തൊട്ടുരുമ്മി പുറത്ത് പോവുകയായിരുന്നു. ഗെറ്റാഫെക്ക് ഗക്കുവിലൂടെ ഗോൾ നേടാൻ മികച്ചൊരു അവസരം ലഭിച്ചെങ്കിലും ബാഴ്‌സലോണ ഗോൾ കീപ്പർ ട്ര സ്റ്റീഗൻ രക്ഷക്കെത്തുകയായിരുന്നു. മത്സരം അവസാന മിനുട്ടിലേക്ക് എത്തിയതോടെ ഇനിയേസ്റ്റയേയും പരിക്ക് മാറി ടീമിൽ ഇടം പിടിച്ച ഡെംബെലേയേയും ഇറക്കി ഗോൾ നേടാൻ ശ്രമിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത ഗെറ്റാഫെ പ്രതിരോധം ബാഴ്‌സ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞു നിർത്തി.

കളിയുടെ അവസാന മിനിറ്റുകളിൽ മെസ്സിയും സുവാരസും മിനയും ഗോളിനടുത്ത് എത്തിയെങ്കിലും ഗെറ്റാഫെ ഗോൾ പോസ്റ്റിൽ ഗുയിട്ടയുടെ മികച്ച പ്രകടനം അവർക്ക് വിലങ്ങുതടിയായി. 23 മത്സരങ്ങളിൽ നിന്ന് 59 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. തൊട്ടു പിറകിലുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 23 മത്സരങ്ങളിൽ നിന്ന് തന്നെ 52 പോയിന്റുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version