അമേരിക്കൻ പര്യടനത്തിന് ബാഴ്‌സ തിരിച്ചു, കൂടെ ഡിയോങും

Dejong

പ്രീ സീസൺ മത്സരങ്ങൾക്ക് വേണ്ടി എഫ്സി ബാഴ്‌സലോണ അമേരിക്കയിലേക്ക് തിരിച്ചു. പുതുതായി എത്തിയ റാഫിഞ്ഞയും ടീമിനോടൊപ്പമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കൈമാറ്റം അനിശ്ചിതത്വത്തിലായ ഫ്രാങ്കി ഡിയോങ്ങും ടീമിനോടൊപ്പം തിരിച്ചിട്ടുണ്ട്. പുതിയ തട്ടകം തേടുന്ന ഒരു പിടി താരങ്ങളെ സാവി അമേരിക്കൻ പര്യടനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാർട്ടിൻ ബ്രാത്വൈറ്റ്, ഉംറ്റിട്ടി, റിക്കി പൂജ്, ഓസ്കാർ മിൻഹ്വെസ, നെറ്റോ എന്നിവർ ടീമിനോടൊപ്പം ഇല്ല. യുണൈറ്റഡുമായുള്ള കൈമാറ്റത്തിന് സമ്മതം മൂളാത്ത ഡി യോങ്ങിനേയും ബാഴ്‌സ പ്രീ സീസൺ മത്സരങ്ങൾക്ക് ടീമിനോടൊപ്പം ചേർക്കില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കോച്ച് സാവിയുടെ തീരുമാനം ആണ് അന്തിമമെന്ന് ടീം പ്രെസിഡന്റ് ലപോർട അറിയിച്ചിരുന്നു.

അതേ സമയം സാവിക്ക് ടീമിനോടൊപ്പം യാത്ര തിരിക്കാൻ സാധിച്ചിട്ടില്ല. പാസ്പോർട്ട് സംബന്ധമായ നിയമക്കുരുക്കുകൾ ആണ് സാവിക്ക് വിനയായത്. അടുത്ത ദിവസങ്ങളിൽ തന്നെ കോച്ചിന് ടീമിനോടൊപ്പം ചേരാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ലപോർടയും ടീമിടൊപ്പം സഞ്ചരിക്കുന്നുണ്ട്. ബയേണിൽ നിന്നുള്ള കൈമാറ്റം പൂർത്തിയാക്കാൻ ബാഴ്‌സയിൽ ഉള്ള ലെവെന്റോവ്സ്കിയും ഉടനെ ടീമിനോടൊപ്പം ചേരും. പുതുതായി ടീമിൽ എത്തിയ ഫ്രാങ്ക് കേസ്സി, ക്രിസ്റ്റൻസൺ എന്നുവരാകും മറ്റ് പ്രധാന ആകർഷണം.

പതിനഞ്ചു ദിവസത്തോളം നീളുന്ന പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഇന്റർ മിയാമിയെ ബാഴ്‌സലോണ നേരിടും. ജൂലൈ 19ന് മിയാമിയിൽ വെച്ചാണ് മത്സരം. ശേഷം വിവിധ വിവിധ നഗരങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ യുവന്റസ്, റയൽ മാഡ്രിഡ്, ന്യൂയോർക്ക് റെഡ് ബുൾസ് എന്നിവരെ നേരിടും.