മഴ നിയമത്തില്‍ വിന്‍ഡീസിനു തോല്‍വി, ടി20 പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

185 റണ്‍സ് ചേസ് ചെയ്ത വിന്‍ഡീസ് 17.1 ഓവറില്‍ 135/7 എന്ന നിലയില്‍ നില്‍ക്കെ മഴ തടസ്സമായി എത്തിയപ്പോള്‍ 19 റണ്‍സിന്റെ ഡക്ക്വര്‍ത്ത് ലൂയിസ് വിജയം നേടി ബംഗ്ലാദേശ്. ഇതോടെ വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പര 2-1 നു ബംഗ്ലാദേശ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 184 റണ്‍സെന്ന മികച്ച സ്കോറിലേക്ക് നയിച്ചത് ലിറ്റണ്‍ ദാസിന്റെ വെടിക്കെട്ട് അര്‍ദ്ധ ശതകമാണ്. 32 പന്തില്‍ നിന്ന് 61 റണ്‍സാണ് താരം നേടിയത്.

മഹമ്മദുള്ള(20 പന്തില്‍ 32*), ഷാക്കിബ് അല്‍ ഹസന്‍(24), തമീം ഇക്ബാല്‍(13 പന്തില്‍ 21) എന്നിവരാണ് തിളങ്ങിയ മറ്റു താരങ്ങള്‍. 5 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയ ബംഗ്ലാദേശിനു വേണ്ടി ആരിഫുള്‍ ഹക്ക് 18 റണ്‍സ് നേടി പുറത്താകാതെ നിന്നു. വിന്‍ഡീസിനു വേണ്ടി കാര്‍ലോസ് ബ്രാത്‍വൈറ്റ്, കീമോ പോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ടോപ് ഓര്‍ഡറിന്റെ പരാജയമാണ് വിന്‍ഡീസിനു തിരിച്ചടിയായത്. ആന്‍ഡ്രേ റസ്സല്‍ 21 പന്തില്‍ 6 സിക്സുകളുടെ സഹായത്തോടെ 47 റണ്‍സ് നേടിയാണ് വിന്‍ഡീസിന്റെ തോല്‍വിയുടെ ആഘാതം കുറച്ചത്. റോവ്മന്‍ പവല്‍ 23 റണ്‍സും ദിനേഷ് രാംദിന്‍ 21 റണ്‍സും നേടി. ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റ് നേടി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version