ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ശ്രീലങ്ക

ബംഗ്ലാദേശിനെ 7 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ശ്രീലങ്ക. ഇതോടു കൂടി മൂന്ന് മത്സരങ്ങളുള്ള പരമ്പര ശ്രീലങ്ക സ്വന്തമാക്കി. 2015 നു ശേഷം ആദ്യമായാണ് ശ്രീലങ്ക ഒരു ഹോം സീരിസ് വിജയിക്കുന്നത്. അവിഷ്ക ഫെർണാണ്ടോയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ശ്രീലങ്കയ്ക്ക് ജയം നൽകിയത്. 75 പന്തുകളിൽ നിന്നും 82 റൺസടിച്ചാണ് അവിഷ്ക ശ്രീലങ്കയെ ജയത്തിലേക്ക് നയിച്ചത്‌.

രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 238 റൺസ് നേടി. 8 വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 238 റൺസ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 32 പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കി. ആഞ്ചലോ മാത്യൂസ് 52 റൺസും കുശാൽ മെൻഡിസ് 41 റൺസും നേടി പുറത്താകാതെ നിന്നു. മുസ്താഫിസുർ റഹ്മാൻ 2 വിക്കറ്റ് നേടിയപ്പോൾ ഹാസൻ ഒരു വിക്കറ്റും നേടി.

ജയം മാത്രം ലക്ഷ്യം വെച്ചാണ് ടോസ്സ് നേടിയ ബംഗ്ലാദേശ് ഇന്നിറങ്ങിയത്. എന്നാൽ ആദ്യം തന്നെ ബംഗ്ലാ കടുവകൾക്ക് പിഴച്ചു. ക്യാപ്റ്റൻ തമീം 19 റൺസിനും സൗമ്യ സർക്കാർ 12 റൺസിനും മിഥൂൻ 11 റൺസിനും പുറത്തായി. ഒറ്റയ്ക്ക് പൊരുതുന്ന മുഷ്ഫിക്കർ റഹീമിന് പിന്തുണ നൽകിയത് മെഹ്ദി ഹസ്സൻ (43) മാത്രമാണ്. 110 പന്തുകളിൽ നിന്നുമാണ് റഹീം 98 റൺസ് നേടിയത്. പ്രദീപ്, ഉദാന, ധനഞ്ജയ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. തൈജുൾ ഇസ്ലാമും ഷബീർ റഹ്മാനും റൺ ഔട്ട് ആവുകയായിരുന്നു.

Exit mobile version