ത്രില്ലറില്‍ ചരിത്രം കുറിച്ച് ബംഗ്ലാദേശ്, ഏഷ്യ കപ്പ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് കിരീടമില്ല

- Advertisement -

ഇന്ത്യന്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് ചരിത്രത്തിലാദ്യമായി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ബംഗ്ലാദേശ് വനിതകള്‍. ഇന്ത്യയെ 112 റണ്‍സിനു എറിഞ്ഞുപിടിച്ച ശേഷം 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ അവസാന പന്തിലാണ് ബംഗ്ലാദേശ് വിജയം കുറിച്ചത്. പൂനം യാദവിന്റെ തകര്‍പ്പന്‍ സ്പെല്ലിനെ മറികടന്നാണ് ബംഗ്ലാദേശ് ചരിത്ര നേട്ടം ഉറപ്പാക്കിയത്. അവസാന ഓവില്‍ വിജയത്തിനായി 9 റണ്‍സ് നേടേണ്ടിയിരുന്ന ബംഗ്ലാദേശ് അവസാന പന്തിലാണ് ലക്ഷ്യം മറികടന്നത്.

അവസാന ഓവറില്‍ 9 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കെതിരെ പന്ത് കൈയ്യിലെടുത്തത് ഇന്ത്യന്‍ നായിക ഹര്‍മ്മന്‍പ്രീത് കൗര്‍ ആയിരുന്നു. നിഗാര്‍ സുല്‍ത്താന(27), റുമാന അഹമ്മദ്(23) എന്നിവരാണ് ബംഗ്ലാദേശ് വിജയത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചത്. ഇന്ത്യയ്ക്കായി പൂനം യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.

113 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി ഒന്നാം വിക്കറ്റില്‍ 35 റണ്‍സ് നേടി ഓപ്പണര്‍മാര്‍ വിജയത്തിലേക്ക് ടീമിനെ നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് തുടരെയുള്ള പന്തുകളില്‍ ഓപ്പണര്‍മാരെ രണ്ടും പൂനം യാദവ് പുറത്താക്കിയത്. അയഷ റഹ്മാന്‍ 17 റണ്‍സും ഷമീമ സുല്‍ത്താന 16 റണ്‍സുമാണ് നേടിയത്. ഇരുവരും പുറത്തായ ശേഷം മൂന്നാം വിക്കറ്റില്‍ 20 റണ്‍സ് കൂട്ടിചേര്‍ത്ത ബംഗ്ലാദേശിനെ ഫര്‍ഗാന ഹക്കിന്റെ വിക്കറ്റും വീഴ്ത്തി പൂനം യാദവ് തന്നെ തിരിച്ചടി നല്‍കി.

മികച്ച രീതിയില്‍ ബംഗ്ലാദേശിനെ മുന്നോട്ട് നയിക്കുകയായിരുന്നു നിഗാര്‍ സുല്‍ത്താനയെയും പൂനം യാദവ് മടക്കിയയച്ചു. 28 റണ്‍സാണ് റുമാനയ്ക്കൊപ്പം നിഗാര്‍ നേടിയത്. പൂനം യാദവ് തന്റെ സ്പെല്ലില്‍ വെറും 9 റണ്‍സ് വിട്ടു നല്‍കി 4 വിക്കറ്റാണ് നേടിയത്.

അവസാന മൂന്നോവറില്‍ 23 റണ്‍സായിരുന്നു ബംഗ്ലാദേശ് വിജയത്തിനായി നേടേണ്ടിയിരുന്നത്. 18ാം ഓവര്‍ എറിയാനെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിനെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പായിച്ച് ഫഹിമ ഖാത്തുന്‍ ബംഗ്ലാദേശിനെ വിജയത്തിനോടു കൂടുതല്‍ അടുപ്പിച്ചുവെങ്കിലും രണ്ട് പന്തുകള്‍ക്ക് ശേഷം ഹര്‍മ്മന്‍പ്രീത് താരത്തിനെ പുറത്താക്കി. ഓവറില്‍ നിന്ന് 10 റണ്‍സ് നേടി ബംഗ്ലാദേശ് അവസാന രണ്ടോവറിലെ ലക്ഷ്യം 13 റണ്‍സാക്കി കുറച്ചു.

ദീപ്തി ശര്‍മ്മ എറിഞ്ഞ 19ാം ഓവറില്‍ 4 റണ്‍സ് മാത്രമേ ബംഗ്ലാദേശിനു നേടാനായുള്ളു. അവസാന ഓവര്‍ എറിയാനെത്തിയ ഹര്‍മ്മന്‍പ്രീത് കൗറിനെ ആദ്യ മൂന്ന് പന്തില്‍ നിന്ന് ആറ് റണ്‍സ് നേടി ബംഗ്ലാദേശ് ലക്ഷ്യം മൂന്ന് പന്തില്‍ മൂന്ന് റണ്‍സാക്കി മാറ്റി. എന്നാല്‍ നാലാം പന്തില്‍ സന്‍ജിത ഇസ്ലാമിനെ പുറത്താക്കി ഹര്‍മ്മന്‍പ്രീത് മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.

അഞ്ചാം പന്തില്‍ 23 റണ്‍സ് നേടിയ റുമാന അഹമ്മദ് റണ്ണൗട്ടാകുമ്പോള്‍ ബംഗ്ലാദേശ് ഒരു റണ്‍സ് കൂടി പൂര്‍ത്തിയാക്കിയിരുന്നു. അവസാന പന്തില്‍ വിജയത്തിനായി രണ്ട് റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശ് ചരിത്ര വിജയം കുറിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement