വീണ്ടുമൊരു ത്രില്ലര്‍, പക്ഷേ ഇത്തവണ സിംബാബ്‍വേയ്ക്ക് കാലിടറി

ബംഗ്ലാദേശിനെതിരെ വിജയം നേടുവാന്‍ അവസാന ഓവറിൽ 16 റൺസ് വേണമെന്ന നിലയിൽ നിന്ന് 2 പന്തിൽ 5 റൺസിലേക്ക് മത്സരത്തെ എത്തിച്ചുവെങ്കിലും ഒടുവിൽ മൂന്ന് റൺസ് തോൽവിയേറ്റ് വാങ്ങി സിംബാബ്‍വേ. ഇന്ന് സിംബാബ്‍വേ വിജയം കുറിച്ചിരുന്നുവെങ്കില്‍ പാക്കിസ്ഥാന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരശ്ശീല വീഴുമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 150/7 എന്ന സ്കോര്‍ നേടിയപ്പോള്‍ സിംബാബ്‍വേയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് മാത്രമേ നേടാനായുള്ളു.

64 റൺസ് നേടിയ ഷോൺ വില്യംസ് ഒഴികെ ടോപ് ഓര്‍ഡറിൽ ആരും റൺസ് കണ്ടെത്താനാകാതെ പോയതാണ് സിംബാബ്‍വേയ്ക്ക് വിനയായത്. റയാന്‍ ബര്‍ള്‍ 27 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ അവസാന ഓവര്‍ അത്യന്തം ആവേശകരമായിരുന്നു.

ഓവറിലെ മൂന്നാം പന്തിൽ ലെഗ് ബൈ ആയി 4 റൺസ് നേടിയപ്പോള്‍ നാലാം പന്തിൽ മൊസ്ദേക്കിനെ സിക്സര്‍ പറത്തി എന്‍ഗാരാവ മത്സരത്തിൽ സിംബാബ്‍വേയുടെ സാധ്യത നിലനിര്‍ത്തി.

എന്നാൽ അടുത്ത പന്തിൽ വീണ്ടും ഒരു സിക്സറിനായി താരം സ്റ്റെപ്പ്ഔട്ട് ചെയ്തപ്പോള്‍ കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. അവസാന പന്തിൽ 5 റൺസ് വേണ്ടപ്പോള്‍ കീപ്പര്‍ പന്ത് വിക്കറ്റിന് മുന്നിൽ കയറി പിടിച്ചതിനാൽ നോ ബോള്‍ വിധിച്ചതോടെ അവസാന പന്തിൽ വിജയത്തിനായി സിംബാബ്‍വേയ്ക്ക് നാല് റൺസായി മാറി. എന്നാൽ ബ്ലെസ്സിംഗ് മുസറബാനി ബാറ്റിൽ കണക്ട് ചെയ്യാനാകാതെ പോയതോടെ ബംഗ്ലാദേശ് 3 റൺസ് വിജയം സ്വന്തമാക്കി.

ബംഗ്ലാദേശിനായി ടാസ്കിന്‍ അഹമ്മദ് മൂന്നും മൊസ്ദേക്ക് ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ഇതിൽ മൊസ്ദേക്ക് നേടിയ രണ്ട് വിക്കറ്റുകളും അവസാന ഓവറിൽ പിറന്നതാണ്.