നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ച് അവദ് വാരിയേഴ്സ്

സൈന നേഹ്‍വാലിനെ പരിക്കേറ്റതിനെത്തുടര്‍ന്ന് പിന്മാറേണ്ടി വന്നുവെങ്കിലും ആദ്യ മത്സരത്തില്‍ വിജയം നേടി അവദ് വാരിയേഴ്സ്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സ്മാഷേഴ്സിനെയാണ് അവദ് വാരിയേഴ്സ് പുതിയ സീസണിലെ ഉദ്ഘാടന മത്സരം വിജയിച്ച് തുടങ്ങിയത്. രണ്ട് പുരുഷ സിംഗിള്‍സും മിക്സഡ് ഡബിള്‍സും വിജയിച്ച് 3-0 ന്റെ ലീഡ് ആദ്യമേ അവദ് സ്വന്തമാക്കിയിരുന്നു. 4-3 എന്ന സ്കോറിനാണ് അവദ് വാരിയേഴ്സ് ചെന്നൈ സ്മാഷേഴ്സിനെ പരാജയപ്പെടുത്തിയത്.

അവദിനായി ശ്രീകാന്ത് കിഡംബി, പാരുപള്ളി കശ്യപ് എന്നിവര്‍ പുരുഷ സിംഗിള്‍സും ക്രിസ്റ്റീന പെഡേര്‍സെന്‍-ടാംഗ് ചുന്‍ മാന്‍ മിക്സഡ് ഡബിള്‍സിലും വിജയം കൊയ്തു. ചെന്നൈ സ്മാഷേഴ്സിനായി പിവി സിന്ധു, പുരുഷ ഡബിള്‍സ് ടീമുകള്‍ തങ്ങളുടെ മത്സരം ജയിച്ചുവെങ്കിലും ആദ്യ മൂന്ന് മത്സരങ്ങളും അവദ് ജയിച്ചതോടെ മത്സരങ്ങള്‍ അപ്രസക്തമാകുകയായിരുന്നു.

ശ്രീകാന്ത് ഫ്രഞ്ച് താരം ബ്രൈസ് ലെവര്‍ഡെസിനെ 15-12, 15-14 എന്ന സ്കോറിനാണ് ആവേശകരമായ മത്സത്തില്‍ പരാജയപ്പെടുത്തിയത്. പാരുപ്പള്ളി കശ്യപ് ഡാനിയേല്‍ എസ് ഫാരീദിനെതിരെ 15-12, 15-8 എന്ന സ്കോറിനു ജയിച്ചു. അവദ് തങ്ങളുടെ ട്രംപ് മാച്ച് ആയി ഈ മത്സരത്തെയാണ് നിശ്ചയിച്ചിരുന്നത്. വിജയത്തോടെ 2 പോയിന്റാണ് ഈ മത്സരത്തില്‍ നിന്ന് അവദിനു സ്വന്തമാക്കാനായത്.

മികസഡ് ഡബിള്‍സില്‍ തങ്ങളെക്കാള്‍ മികച്ച ടീമിനെ അട്ടിമറിച്ചാണ് ക്രിസ്റ്റീന-ടാംഗ് സഖ്യം വിജയം നേടിയത്. ആദ്യ ഗെയിം നഷ്ടമായ ശേഷം 10-15, 15-5, 15-12 എന്ന സ്കോറിനാണ് ടീം വിജയം കൊയ്തത്. ഇംഗ്ലണ്ടിന്റെ ക്രിസ് ആഡ്കോക്ക്-ഗാബ്രിയേല്‍ ആഡ്കോക്ക് സഖ്യത്തെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്.
പുരുഷ ഡബിള്‍സില്‍ ക്രിസ് ആഡ്കോക്ക്-യാംഗ് ലീ സഖ്യമാണ് ഇന്നലെ ചെന്നൈയ്ക്ക് ആദ്യ ജയം നല്‍കിയത്. 15-11, 10-15, 15-11 എന്ന സ്കോറിനു മൂന്ന് ഗെയിം പോരാട്ടത്തില്‍ ഹെന്‍ഡ്ര സേതിയാവന്‍-ഓര്‍ ചിന്‍ ചുംഗ് സഖ്യത്തെ പരാജയപ്പെടുത്തിയത്. ഏവരും പ്രതീക്ഷിച്ച സൈന-സിന്ധു മത്സരം നടക്കാതെ പോയപ്പോള്‍ സിന്ധു സായി ഉത്തേജിതയെ പരാജയപ്പെടുത്തി ചെന്നൈയുടെ രണ്ടാം ജയം നേടി. 15-10, 15-9 എന്ന സ്കോറിനാണ് സിന്ധു ചെന്നൈയുടെ ട്രംപ് മാച്ച് ജയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleധോണിയല്ലാതെ മറ്റു കീപ്പര്‍മാരെ പരിഗണിക്കും പക്ഷേ ലോകകപ്പിനു ശേഷം മാത്രം
Next articleവനിത ഏകദിന, ടി20 ലോക ടീമില്‍ ഇടം പിടിച്ച് ഏക്ത ബിഷ്ട്