രണ്ടാം ജയം സ്വന്തമാക്കി ഓസ്ട്രേലിയ, ഇന്ത്യയെ തകര്‍ത്തത് 60 റണ്‍സിനു

- Advertisement -

ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ 60 റണ്‍സിന്റെ ജയമാണ് ഓസ്ട്രേലിയ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 287/9 എന്ന നിലയില്‍ ബാറ്റിംഗ് അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ 227 റണ്‍സിനു ഓള്‍ഔട്ട് ആയി. രണ്ടാം മത്സരത്തിലും നിക്കോള്‍ ബോള്‍ട്ടണ്‍ ആണ് ഓസ്ട്രേലിയന്‍ നിരയില്‍ തിളങ്ങിയത്. 84 റണ്‍സ് നേടിയ താരത്തിനു പിന്തുണയായി എല്‍സെ പെറി(70*), ബെത്ത് മൂണി(56) എന്നിവരും മികച്ച സംഭാവന നല്‍കി. ഇന്ത്യയ്ക്കായി ശിഖ പാണ്ഡേ മൂന്നും പൂനം യാദവ് രണ്ടും വിക്കറ്റ് നേടി. എക്ത ബിഷ്ട്, ഹര്‍മ്മന്‍പ്രീത് കൗര്‍ എന്നിവരും ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ സ്മൃതി മന്ഥാന മാത്രമാണ് തിളങ്ങിയത്. 53 പന്തില്‍ നിന്ന് 67 റണ്‍സ് നേടി സ്മൃതി പുറത്തായപ്പോള്‍ പൂജ വസ്ത്രാക്കര്‍(30), പൂനം റൗത്ത്(27), ദീപ്തി ശര്‍മ്മ(26) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ജെസ്സ് ജോനാസെന്‍ മൂന്നും അമാന്‍ഡ വെല്ലിംഗ്ടണ്‍, എല്‍സെ പെറി എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement