ഒബാമയങ്ങ് മികവിൽ നോർവിചിനെ തകർത്ത് ആഴ്സണൽ

ഒരിടവേളയ്ക്ക് ശേഷം ആഴ്സണലിന് തുടർച്ചയായ മൂന്നാം വിജയം. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ നോർവിച് സിറ്റിയെ ആണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. ഒബാമയങ്ങിന്റെ മികവിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആയിരുന്നു ആഴ്സണലിന്റെ വിജയം. രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ടാണ് ഒബാമയങ്ങ് താരമായത്.

മത്സരത്തിന്റെ 33ആം മിനുട്ടിൽ ആയിരുന്നു ഒബാമയങ്ങിന്റെ ആദ്യ ഗോൾ വന്നത്. ആ ഗോളിന് പിന്നാലെ 37ആം മിനുട്ടിൽ ഷാക്കയുടെ ഗോൾ ഒരുക്കാനും ഒബമായങ്ങിനായി. ഷാക്കയുടെ ഈ സീസണിലെ ആദ്യ ഗോളാണിത്. രണ്ടാം പകുതിയിൽ ഒബാമയങ്ങിന്റെ വക ഒരു ഗോൾ കൂടെ വന്നു. 67ആം മിനുട്ടിൽ ആയിരുന്നു ഒബയുടെ ഗോൾ. 81ആം മിനുട്ടിൽ സെഡറിക് സോറസ് ആഴ്സണലിന്റെ ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു. സെഡറികിന്റെ ആഴ്സണൽ അരങ്ങേറ്റം ആയിരുന്നു ഇന്ന്.

ഇന്നത്തെ വിജയം ആഴ്സണലിനെ 46 പോയന്റിൽ എത്തിച്ചു. ഇപ്പോൾ ലീഗിൽ ഏഴാം സ്ഥാനത്താണ് ആഴ്സണൽ ഉള്ളത്. നോർവിച് സിറ്റിക്ക് ഈ പരാജയം അവരുടെ റിലഗേഷൻ ഒഴിവാക്കാനുള്ള പോരാട്ടത്തിന് തിരിച്ചടിയാണ്. ഇപ്പോഴും ലീഗിൽ അവസാന സ്ഥാനത്താണ് നോർവിച് ഉള്ളത്.

Exit mobile version