Site icon Fanport

പ്രീ സീസൺ സമനിലയോടെ തുടങ്ങി ആഴ്‌സണൽ, അരങ്ങേറ്റം കുറിച്ച് ഹാവർട്സ്

ജർമ്മനിയിൽ നടന്ന തങ്ങളുടെ ആദ്യ പ്രീ സീസൺ മത്സരത്തിൽ സമനില വഴങ്ങി ആഴ്‌സണൽ. എഫ്.സി ന്യൂറംബർഗിന് എതിരെ 1-1 ന്റെ സമനില ആണ് ആഴ്‌സണൽ വഴങ്ങിയത്. പരിക്ക് മാറിയ വില്യം സലിബ അടക്കം ശക്തമായ ടീമും ആയാണ് ആഴ്‌സണൽ കളിക്കാൻ ഇറങ്ങിയത്. പരിശീലനത്തിന് ഇടയിൽ ചെറിയ പരിക്കേറ്റ ക്യാപ്റ്റൻ ഒഡഗാർഡിന് പകരം ഫാബിയോ വിയേര ആണ് ആദ്യ 11 ൽ എത്തിയത്. മത്സരത്തിൽ ഏഴാം മിനിറ്റിൽ ബെൻ വൈറ്റിന്റെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ ബുകയോ സാക ആണ് ആഴ്‌സണലിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചത്.

ആഴ്‌സണൽ

സാകയുടെ മികവ് വീണ്ടും കാണിച്ച മികച്ച ഗോൾ ആയിരുന്നു ഇത്. തുടർന്നും ആഴ്‌സണൽ അവസരങ്ങൾ സൃഷ്ടിച്ചു. ആദ്യ പകുതിക്ക് ശേഷം വലിയ മാറ്റങ്ങൾ ആണ് ആഴ്‌സണൽ വരുത്തിയത്. കായ് ഹാവർട്സിന് ആർട്ടെറ്റ അരങ്ങേറ്റവും നൽകി. 62 മിനിറ്റിൽ ആഴ്‌സണൽ യുവ ഗോൾ കീപ്പർ കാൾ ഹെയിനിന്റെ പിഴവിൽ നിന്നു ഒകുനുകിയിലൂടെ ജർമ്മൻ ടീം സമനില കാണുക ആയിരുന്നു. തുടർന്ന് ബോലഗൻ അടക്കമുള്ള ആഴ്‌സണൽ താരങ്ങൾക്ക് അവസരങ്ങൾ ലഭിച്ചു എങ്കിലും വിജയഗോൾ മാത്രം കാണാൻ ആയില്ല. ഇനി അമേരിക്കയിലേക്ക് പോകുന്ന ആഴ്‌സണലിന് അവിടെയാണ് പ്രീ സീസൺ മത്സരങ്ങൾ.

Exit mobile version