Picsart 22 12 09 01 09 04 984

3 ഗോളിനു ജയിച്ചു, അതിനു ശേഷം പെനാൾട്ടി ഷൂട്ടൗട്ടും!! ഒരു കളിയിൽ 4 പോയിന്റുമായി ആഴ്സണൽ!!

സൗഹൃദമത്സരത്തിൽ ദുബായ് കപ്പിൽ ലിയോണിനെ തകർത്തു ആഴ്‌സണൽ. ലോകകപ്പ് ഇടവേളക്ക് ശേഷം ആദ്യമായി കളിക്കാൻ ഇറങ്ങിയ ആഴ്‌സണൽ മികച്ച നിരയും ആയാണ് കളിക്കാൻ ഇറങ്ങിയത്. മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ആഴ്‌സണൽ മത്സരത്തിൽ ജയം ഉറപ്പിച്ചു. ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ 19 മത്തെ മിനിറ്റിൽ ഗബ്രിയേൽ ആഴ്‌സണലിന് മുൻതൂക്കം സമ്മാനിച്ചു.

33 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ ഫാബിയോ വിയേരയുടെ പാസിൽ നിന്നു എഡി എങ്കിതിയ ആഴ്‌സണലിന് രണ്ടാം ഗോൾ സമ്മാനിച്ചു. 6 മിനിറ്റിനു ശേഷം ഒരുപാട് പാസുകൾ നിറഞ്ഞ അതുഗ്രൻ ടീം നീക്കത്തിന് ഒടുവിൽ റീസ് നെൽസന്റെ പാസിൽ നിന്നു ഫാബിയോ വിയേര ആഴ്‌സണൽ ജയം പൂർത്തിയാക്കി.

മത്സരശേഷം 1 പോയിന്റിന് ആയി നടത്തിയ പെനാൽട്ടി ഷൂട്ട് ഔട്ടും ആഴ്‌സണൽ 2-1 നു ജയിച്ചു. ആഴ്‌സണൽ യുവ ഗോൾ കീപ്പർ കാൾ ഹെയിൻ നാലു പെനാൽട്ടികൾ ആണ് രക്ഷിച്ചത്.

പ്രത്യേക നിയമം ആണ് ഈ സൗഹൃദ മത്സരങുടെ ടൂർണമെന്റിന് ഉള്ളത്. ലിവർപൂൾ, ആഴ്സണൽ, എ സി മിലാൻ, ലിയോൺ എന്നിവർ പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ ഒരോ മത്സരവും ജയിക്കുന്ന ടീമിന് മൂന്ന് പോയിന്റ് കിട്ടും. മത്സര ഫലം എന്തായാലും എല്ലാ മത്സരത്തിനു ശേഷവും ഒരു പെനാൾട്ടി ഷൂട്ടൗട്ട് നടക്കും. അതിൽ ജയിക്കുന്നവർ ഒരു അധിക പോയിന്റ് കൂടെ ലഭിക്കും. അങ്ങനെ ടൂർണമെന്റിൽ എല്ലാവരും രണ്ട് കളികൾ കളിക്കും. ഇതിനു ശേഷം ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ടീം കപ്പ് നേടും എന്നാണ് നിയമം. ആഴ്സണലിന് ഇന്നത്തെ ജയത്തോടെ 4 പോയിന്റ് ആയി. ഇനി അവർ മിലാനെ ആകും നേരിടുക.

Exit mobile version