Site icon Fanport

പെനാൽട്ടി രക്ഷിച്ചു ഡേവിഡ് റയ, സമനില വഴങ്ങി ആഴ്‌സണൽ

യുഫേഫ ചാമ്പ്യൻസ് ലീഗ് ആദ്യ മത്സരത്തിൽ യൂറോപ്പ ലീഗ് ജേതാക്കൾ ആയ അറ്റലാന്റക്ക് എതിരെ അവരുടെ മൈതാനത്ത് ഗോൾരഹിത സമനില വഴങ്ങി ആഴ്‌സണൽ. വിരസമായ മത്സരത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് ഇല്ലാതെ ഇറങ്ങിയ ആഴ്‌സണൽ അവസരങ്ങൾ ഉണ്ടാക്കാൻ ബുദ്ധിമുട്ടുന്നത് ആണ് കാണാൻ ആയത്. ഇടക്ക് സാകയുടെ ഫ്രീകിക്ക് ഇറ്റാലിയൻ കീപ്പർ രക്ഷിച്ചപ്പോൾ മാർട്ടിനെല്ലിക്ക് ലഭിച്ച അവസരം താരത്തിന് പോസ്റ്റിലേക്ക് അടിക്കാൻ ആയില്ല. ഇടക്ക് അറ്റലാന്റ ഉയർത്തിയ വെല്ലുവിളി ആഴ്‌സണൽ അനായാസം പ്രതിരോധിച്ചു.

ആഴ്‌സണൽ

എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ എഡേർസനെ വീഴ്ത്തിയതിന് തോമസ് പാർട്ടി പെനാൽട്ടി വഴങ്ങിയതോടെ ആഴ്‌സണൽ പ്രതിരോധത്തിൽ ആയി. എന്നാൽ മറ്റെയോ ററ്റെഗുയി എടുത്ത പെനാൽട്ടി രക്ഷിച്ച ആഴ്‌സണൽ ഗോൾ കീപ്പർ ഡേവിഡ് റയ ററ്റെഗുയിയുടെ റീബൗണ്ടിൽ നിന്നുള്ള ഹെഡറും അവിശ്വസനീയം ആയി രക്ഷിച്ചു. തുടർന്ന് പകരക്കാരനായി ഇറങ്ങിയ സ്റ്റെർലിങ് നൽകിയ പാസിൽ നിന്നു മാർട്ടിനെല്ലിക്ക് ലഭിച്ച അവസരം താരം പുറത്തേക്ക് അടിച്ചു കളഞ്ഞു. ഇടക്ക് ലുക്മാന്റെ ശ്രമം മികച്ച ടാക്കിളിലൂടെ സലിബയും തടഞ്ഞു. അടുത്ത മത്സരത്തിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ആഴ്‌സണലിന്റെ എതിരാളികൾ.

Exit mobile version