ഉയരെ പറക്കുന്ന ആഴ്സണൽ, ലെസ്റ്റർ സിറ്റിയെ വീഴ്ത്തി അർട്ടേറ്റയുടെ ടീം നാലാമത്

ആഴ്സണൽ ഗംഭീര വിജയവുമായി ടോപ് 4ൽ തിരികെയെത്തി. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. അടുത്ത കാലത്തായി അർട്ടേറ്റയുടെ ടീം നടത്തുന്ന മികച്ച പ്രകടനങ്ങളുടെ തുടർച്ചയാണ് ഇന്നും കണ്ടത്. ഇന്ന് മത്സരം ആരംഭിച്ച് 11ആം മിനുട്ടിൽ തന്നെ ആഴ്സണൽ ലീഡ് എടുത്തു. മാർട്ടിനെല്ലിയുടെ കോർണറിൽ നിന്ന് ഫ്രണ്ട് പോസ്റ്റിൽ നിന്ന പാർട്ടി ഹെഡ് ചെയ്ത പന്ത് വലയിൽ എത്തിക്കുക ആയിരുന്നു.
20220313 233545
ആദ്യ പകുതി ആഴ്സണൽ 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ ലെസ്റ്റർ സെന്റർ ബാക്ക് സൊയുഞ്ചു ആഴ്സണലിന് ഒരു പെനാൾട്ടി സമ്മാനിച്ചു. അത് ലകാസെറ്റ് മനോഹരമായി വലയിലും എത്തിച്ചു. ആഴ്സ്ണലിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ഈ വിജയം അവരെ വീണ്ടും ടോപ് 4ൽ എത്തിച്ചു. 26 മത്സരങ്ങളിൽ നിന്ന് 51 പോയിന്റ് ആണ് ആഴ്സണലിന് ഉള്ളത്. 50 പോയിന്റുമായി അഞ്ചാമത് നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 3 മത്സരങ്ങൾ കുറവാണ് ആഴ്സണൽ കളിച്ചത്.