Site icon Fanport

അർജുൻ ജയരാജിന്റെ മാന്ത്രിക ചുവടുകൾ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ

കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു മികച്ച മലയാളി ടാലന്റിനെ കൂടെ സ്വന്തമാക്കിയിരിക്കുകയാണ്. ഗോകുലം കേരള എഫ് സിയുടെ താരമായിരുന്ന അർജുൻ ജയരാജിനെയാ‌ണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ കരാർ ധാരണ ആയിരുന്നു എങ്കിലും ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. താരവും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ദീർഘകാല കരാർ തന്നെ ഒപ്പുവെച്ചു.

ഗോകുലം കേരള എഫ് സിയിൽ ഒരു വർഷത്തെ കരാർ കൂടെ ബാക്കി ഉണ്ടായിരുന്ന അർജുനെ ട്രാൻസ്ഫർ തുക നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. 20 ലക്ഷത്തിനു മുകളിൽ ആണ് ട്രാൻസ്ഫർ തുക എന്നാണ് ക്ലബുനായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. താരം ടീമിനൊപ്പം പ്രീസീസൺ ട്രെയിനിങിന് ഉടൻ ചേരും.

മധ്യനിര താരമായ അർജുൻ ജയരാജ് അവസാന രണ്ട് ഐലീഗ് സീസണുകളിലും ഗോകുലം കേരള എഫ് സിയുടെ പ്രധാന താരമായിരുന്നു. ഗോളുകൾ നേടാനും ഗോൾ അവസരം സൃഷ്ടിക്കാനും കഴിവുള്ള അർജുൻ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയുടെ കരുത്ത് കൂട്ടും. ഇപ്പോൾ വളർന്നു വരുന്ന മലയാളി ഫുട്ബോൾ താരങ്ങളിൽ പ്രധാനി കൂടിയാണ് അർജുൻ. സഹൽ, രാഹുൽ കെ പി എന്നിവർക്ക് ഒപ്പം അർജുൻ കൂടെ എത്തുന്നതോടെ കേരളത്തിലെ ഏറ്റവും മികച്ച മൂന്ന് യുവതാരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തമാവുകയാണ്.

Exit mobile version