Picsart 22 12 10 03 34 24 562

ലാറ്റിനമേരിക്കൻ പ്രതീക്ഷയുമായി അർജന്റീന ലോകകപ്പ് സെമി ഫൈനലിൽ

ഖത്തർ ലോകകപ്പിൽ സെമി ഫൈനലിൽ ഒരു ലാറ്റിൻ അമേരിക്കൻ ടീം ഉണ്ടാകും എന്ന് ഉറപ്പിച്ച് അർജന്റീനയും മെസ്സിയും. ഇന്ന് ക്വാർട്ടർ ഫൈനലിൽ നെതർലന്റ്സിനെ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടം വിജയിച്ചാണ് അർജന്റീന സെമിയിലേക്ക് മുന്നേറിയത്. അത്യന്തം ആവേശകരമായിരുന്ന മത്സരത്തിൽ ഒരു ഘട്ടത്തിൽ അർജന്റീന 2 ഗോളുകൾക്ക് മുന്നിൽ ആയിരുന്നു‌. അവിടെ നിന്ന് എക്സ്ട്രാ ടൈമിലേക്കും പെനാൾട്ടി ഷൂട്ടൗട്ടിലേക്കും കളി എത്തി.

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും പ്രതീക്ഷയോടെ ആണ് തുടങ്ങിയത്. വ്യക്തമായ മേധാവിത്വം ഇരുവർക്കും തുടക്കത്തിൽ ഉണ്ടായിരുന്നില്ല. നെതർലന്റ്സ് പന്ത് കയ്യിൽ വെച്ചു എങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. അവർ ഹൈ ബോളുകളെയും ക്രോസുകളെയും ആശ്രയിച്ചു എങ്കിലും ഫലം ഉണ്ടായില്ല. അർജന്റീന പതിയെ ആണെങ്കിലും അവസരങ്ങൾ സൃഷ്ടിച്ചു തുടങ്ങി.

ലയണൽ മെസ്സി ആണ് കളിയിലെ ആദ്യ വലിയ അവസരം 35ആം മിനുട്ടിൽ സൃഷ്ടിക്കുന്നത്. നെതർലൻഡ്സ് ഡിഫൻസിനെ തകർത്ത മെസ്സിയുടെ ഒരു റണിന് ഒടുവിൽ പിറന്ന ഒരു നൊ ലുക് പാസ് പെനാൾട്ടി ബോക്സിലേക്ക് ഓടിയെത്തിയ മൊളീനയുടെ കാലിൽ. ഫുൾബാക്ക് പന്ത് വലയിൽ എത്തിച്ച് അർജന്റീനക്ക് ലീഡ് നൽകി. നെതർലന്റ്സിന് ആദ്യ പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയിരുന്നില്ല.

 

രണ്ടാം പകുതിയിലും അർജന്റീനയുടെ നല്ല അറ്റാക്കുകൾ വന്നും 63ആം മിനുട്ടിൽ മെസ്സി എടുത്ത ഫ്രീകിക്ക് ചെറിയ വ്യത്യാസത്തിൽ ആണ് പുറത്ത് പോയത്. 73ആം മിനുട്ടിൽ ഡെംഫ്രിസിന്റെ ഒരു ഫൗളിന് റഫറി അർജന്റീനക്ക് അനുകൂലമായി ഒരു പെനാൾട്ടി വിധിച്ചു. ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മെസ്സി അർജന്റീനയെ സെമി ഫൈനലിലേക്ക് നയിച്ചു.

മെസ്സിയുടെ പത്താം ലോകകപ്പ് ഗോളായിരുന്നു ഇത്. ഇതിനു ശേഷമാണ് നെതർലന്റ്സ് കളിയിലേക്ക് തിരികെവരാൻ ശ്രമിച്ചത്. 83ആം മിനുറ്റ്രിൽ ഒരു വെഗോസ്റ്റ് ഹെഡർ എമി മാർട്ടിനസിനെ കീഴ്പ്പെടുത്തി വലയിൽ എത്തി. സ്കോർ 2-1. പിന്നെ ആവേശകരമായ അന്ത്യ നിമിഷങ്ങൾ ആയിരുന്നു.

10 മിനുട്ടിന്റെ ഇഞ്ച്വറി ടൈം ആണ് കളിയുടെ അവസാനം ലഭിച്ചത്. ആ 10 മിനുട്ടും കഴിഞ്ഞ് 11ആം മിനുട്ടിൽ കിട്ടിയ ഒരു ഫ്രീകിക്കിൽ നിന്ന് നെതർലന്റ്സ് തന്ത്രപരമായി വെഗോസ്റ്റിനെ കണ്ടെത്തി. സൂപ്പർ സബ്ബായ വെഗോസ്റ്റ് തന്റെ രണ്ടാം ഗോളും കണ്ടെത്തി അർജന്റീനയിൽ നിന്ന് അവസാന നിമിഷം വിജയം തട്ടിയെടുത്തു. സ്കോർ 2-2.

പിന്നെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോൾ അർജന്റീന ആണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലെ അവസാന നിമിഷം എൻസോ ഗോൾ പോസ്റ്റിൽ അടിച്ചതായിരുന്നു അർജന്റീന വിജയ ഗോളിന് ഏറ്റവും അടുത്ത നിമിഷം. എങ്കിൽ അവസാനം വരെ സ്കോർ 2-2 എന്ന് തുടർന്നു‌.

 

പെനാൾട്ടി ഷൂട്ടൗട്ടിൽ നെതർലൻഡ്സിന്റെ ആദ്യ കിക്ക് വാം ഡൈക് നഷ്ടപ്പെടുത്തിയപ്പോൾ അർജന്റീനയുടെ ആദ്യ കിക്ക് മെസ്സി ലക്ഷ്യത്തിൽ എത്തിച്ചു. നെതർലന്റ്സിന്റെ രണ്ടാം കിക്കും എമി മാർട്ടിനസ് സേവ് ചെയ്തു. അർജന്റീനയുടെ രണ്ടാം കിക്ക് പരെദെസ് ലക്ഷ്യത്തിൽ എത്തിച്ചു. അർജന്റീന 2-0. പിന്നീടുള്ള കിക്കുകൾ ഡച്ച് ടീം ലക്ഷ്യത്തിൽ എത്തിച്ചു എങ്കിലും എൻസോ ഫെർണാണ്ടസിന്റെ നാലാം പെനാൾട്ടി കിക്ക് അർജന്റീനയുടെ സെമി ഉറപ്പിച്ചേനെ. പക്ഷെ എൻസോയുടെ കിക്ക് പുറത്ത് പോയി. ഇതോടെ നെതർലന്റ്സിന് ചെറിയ പ്രതീക്ഷ വന്നു.

ലൂക് ഡിയോങിന്റെ അഞ്ചാം കിക്ക് ലക്ഷ്യത്തിൽ എത്തിയതോടെ സ്കോർ 3-3. പിന്നെ അർജന്റീനയുടെ അവസാന പെനാൾട്ടി കിക്ക്. ലൗട്ടാരോ ആണ് ആ കിക്ക് എടുത്തത്‌‌. ലൗട്ടാരോ സമ്മർദ്ദങ്ങൾ അതിജീവിച്ച് ഫൈനലിലേക്ക് അർജന്റീനയെ എത്തിച്ചു.

 

2014ലെ കണക്ക് തീർക്കാൻ വന്ന നെതർലന്റ്സിന് ഒരു കണക്ക് കൂടെ എഴുതി ചേർക്കാനെ ആയുള്ളൂ. ഇനി സെമി ഫൈനലിൽ ക്രൊയേഷ്യയെ ആകും അർജന്റീന നേരിടുക.

Exit mobile version