കംഗാരുകളെ കീഴടക്കി, ഇനിയല്പം കടുപ്പമേറിയ ലക്ഷ്യം, കീവികളെ മെരുക്കല്‍

ഓസ്ട്രേലിയയില്‍ മികച്ച വിജയവും ചരിത്രവും കുറിച്ചെത്തുന്ന ഇന്ത്യയ്ക്ക് അടുത്ത ദൗത്യം അല്പം ശ്രമകരമാകും. കാരണം 2 വര്‍ഷമായി ഒരു ഏകദിന പരമ്പര പോലും വിജയിക്കാത്ത ഓസ്ട്രേലിയ അല്ല എതിരാളികള്‍. ഇന്ത്യയെ കാത്തിരിക്കുന്നത് മികച്ച ഫോമിലുള്ള ലോക റാങ്കിംഗില്‍ ഏകദിനത്തില്‍ മൂന്നാം റാങ്കിലുള്ള ന്യൂസിലാണ്ടിനെയാണ്. ലോകകപ്പിനു തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് വിദേശ സാഹചര്യത്തില്‍ മാച്ച് പ്രാക്ടീസിനു ലഭിക്കുന്ന അവസാന അവസരം കൂടിയാണ് ഈ പരമ്പര.

അഞ്ച് ഏകദിനങ്ങളുടെ പരമ്പര വിജയിക്കുക ഏറെ ശ്രമകരമാകുമെങ്കിലും വിജയിക്കാനായാല്‍ ലോകകപ്പിനു മുമ്പ് ടീമിന്റെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തുന്ന പ്രകടനമായിരിക്കും അത്. ഇന്ത്യയ്ക്ക് ആശ്വാസമായി എംഎസ് ധോണി ഏറെക്കാലത്തിനു ശേഷം ഫോമിലേക്കുയര്‍ന്നു എന്നത് തന്നെയാണ് മികച്ച വാര്‍ത്ത. മൂന്ന് തുടര്‍ അര്‍ദ്ധ ശതകങ്ങളാണ് ഓസ്ട്രേലിയയ്ക്കെതിരെ ധോണി നേടിയത്.

ധോണിയ്ക്ക് ആറാം നമ്പറിനെക്കാള്‍ നാല്, അഞ്ച് നമ്പറുകളാണ് കൂടുതല്‍ അനുയോജ്യമെന്ന തിരിച്ചറിവു കൂടി നല്‍കിയ പരമ്പരയായിരുന്നു ഓസ്ട്രേലിയയിലേത്. ഇന്ത്യ ധോണിയെ ന്യൂസിലാണ്ടില്‍ ഏത് പൊസിഷനിലാവും ഇറക്കുക എന്നതും ക്രിക്കറ്റ് പണ്ഡിതന്മാരും ആരാധകരും ഉറ്റു നോക്കുന്നുണ്ട്. ലോകകപ്പിനു ധോണിയുടെ ബാറ്റിംഗ് സ്ഥാനം എവിടെയായിരിക്കും എന്ന് കൂടി നിര്‍വചിക്കുന്ന പരമ്പരയായിരിക്കും ന്യൂസിലാണ്ടിലേത്.

ടോപ് ഓര്‍ഡറില്‍ ഇന്ത്യ മാറ്റം വരുത്തുവാന്‍ ഒരുങ്ങില്ലെങ്കിലും അമ്പാട്ടി റായിഡുവിനെയാവുമോ കേധാര്‍ ജാഥവിനെയാവുമോ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ കൂടുതല്‍ സാധ്യത എന്നതിനു ഒരുത്തരം ഈ പരമ്പരയില്‍ നിന്ന് അറിയാനാവും. ലോകത്തില്‍ ഇപ്പോള്‍ മികച്ച ബാറ്റിംഗ് ഫോമിലുള്ള ന്യൂസിലാണ്ടിനെതിരെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം ഏത് രീതിയിലായിരിക്കും എന്നതും ഉറ്റുനോക്കേണ്ട കാര്യം തന്നെയാണ്.

ശ്രീലങ്കയെ ഏകദിനങ്ങളില്‍ വൈറ്റ് വാഷ് ചെയ്തെത്തുന്ന ന്യൂസിലാണ്ട് മൂന്ന് മത്സരങ്ങളിലും 300നു പുറത്തുള്ള സ്കോര്‍ നേടിയിരുന്നു. ഇതില്‍ രണ്ട് മത്സരങ്ങളില്‍ 350നു മുകളിലുള്ള സ്കോറും ന്യൂസിലാണ്ട് നേടി. റോസ് ടെയിലറും തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ഓസ്ട്രേലിയയെ അപേക്ഷിച്ച് കീഴടക്കുവാന്‍ ഇന്ത്യയ്ക്ക് കൂടുതല്‍ പ്രയാസമേറിയ ദൗത്യമാവും കീവികള്‍ എന്ന് വേണം വിലയിരിത്തുവാന്‍.

നിര്‍ണ്ണായകമായി മാറാന്‍ പോകുന്നത് ചഹാലും കുല്‍ദീപും എങ്ങനെ പന്തെറിയുന്നു എന്നതിനെ ആശ്രയിച്ചാവും. ന്യൂസിലാണ്ട് ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിക്കാന്‍ ഈ സ്പിന്‍ സഖ്യത്തിനായാല്‍ വീണ്ടുമൊരു പരമ്പര വിജയം കൂടി ഇന്ത്യയുടെ പോക്കറ്റിലാവുമെന്ന് വേണം കരുതുവാന്‍.

Exit mobile version