അദ്നാൻ യനുസായിനെ അങ്ങനെ മറക്കാൻ പറ്റുമോ

- Advertisement -

അദ്നാൻ യനുസായ് , ഒരുഘട്ടത്തിൽ റയാൻ ഗിഗ്സിനു പകരക്കാരനായി 11 നമ്പർ ജേഴ്സി വരെ കൊടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും ടീമും ഒരേ പോലെ പ്രതീക്ഷ വെച്ച താരം. നീണ്ട ഇടവേളയ്ക്ക് ശേഷമാകും യനുസായിന്റെ മുഖം തലക്കെട്ടുകൾക്ക് കീഴിൽ വീണ്ടും വരുന്നത്. ഇംഗ്ലണ്ടിനെ വീഴ്ത്താൻ യനുസായ് ഇന്ന് നേടിയ ഗോളാണ് യനുസായ്. പന്ത് കാലിൽ വെച്ച് മാന്ത്രികം കാണിച്ച് ഡാനി റോസിനെ വേറെ വഴിക്ക് അയച്ച മാന്ത്രികം തന്നെയാണ് യനുസായ്.

കാലിൽ കളിയുള്ള എന്നാൽ എവിടെയോ പിഴച്ച താരം. സർ അലക്സ് ഫെർഗൂസൺ വിരമിച്ച് മോയിസ് ചുമതല ഏറ്റെടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഏക നല്ല ഓർമ്മ ഈ ബെൽജിയൻ വണ്ടർ ബോയ് ആയിരുന്നു. 44ാം ജെഴ്സി അണിഞ്ഞ് കളത്തിലിറങ്ങിയ താരം സീസണിലുടനീളം മാഞ്ചസ്റ്ററിന്റെ ചുവന്ന പകുതിയുടെ പ്രതീക്ഷയായി മാറി.

2013-14 സീസണിൽ സണ്ടർലാന്റിനെതിരെയായിരുന്നു യനുസായ് ആദ്യമായി മാഞ്ചസ്റ്ററിന്റെ ആദ്യ ഇലവനിൽ എത്തിയത്. അന്ന് ആദ്യ സ്റ്റാർട്ടിൽ സണ്ടർലാന്റിനെതിരെ ഇരട്ട ഗോൾ അടിച്ചുകൊണ്ട് തുടങ്ങിയ അദ്നാൻ പിന്നീട് മോയിസ് ടീമിലെ സ്ഥിരം സ്റ്റാർട്ടറായി. ഒരു ഘട്ടത്തിൽ പി എസ് ജി യനുസായിനു വേണ്ടി 40 മില്യൺ വരെ വാഗ്ദാനം ചെയ്തത് വെറുമൊരു ട്രാൻസ്ഫർ റൂമറായിരുന്നില്ല.

2014-15 സീസണിൽ 11ാം നമ്പറിലേക്ക് മാറിയ യനുസായിക്ക് പക്ഷെ നിരാശയുടെ സീസണായി അത്. യനുസായ് പിറകിലാവാനുള്ള പഴി ഇപ്പോഴും മോയിസിന് പിറകിൽ മാഞ്ചസ്റ്ററിന്റെ പരിശീലകനായി എത്തിയ വാൻഹാൽ കേൾക്കുന്നുണ്ട്. മാഞ്ചസ്റ്ററിൽ നിന്ന് ഡോർട്മുണ്ടിലും സണ്ടർലാന്റിലും യനുസായ് ലോണിൽ പോയിരുന്നു എങ്കിലും എവിടെയും ആ 44ആം നമ്പർ യനുസായിനെ കാണാൻ കഴിഞ്ഞില്ല.

റിയൽ സോസിഡാഡിലേക്ക് യനുസായ് പോയപ്പോഴും എന്നേലും ആ ടാലന്റ് അതിന്റെ പൊടൻഷ്യൽ പൂർത്തിയാക്കണം എന്നേ ഫുട്ബോൾ പ്രേമികൾ ആഗ്രഹിച്ചുള്ളൂ. ഇന്ന് യനുസായിന്റെ സ്ട്രൈക്ക് കണ്ടവർ അകത്ത് സന്തോഷിക്കുന്നുണ്ടാകും. ഇനി ഒരിക്കൽ കൂടെ ഈ ലോകകപ്പിൽ കണ്ടില്ലായെങ്കിലും യനുസാസ് ഉണ്ടെന്ന് ഓർക്കാൻ ഈ ഗോൾ സഹായിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement