പതറാതെ പൊരുതി വോഗ്സ്, പെര്‍ത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമത്

ആഡം വോഗ്സ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 4 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 137 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം സ്കോര്‍ച്ചേര്‍സ് 3 പന്ത് ശേഷിക്കെ മറികടന്നു. അവസാന ഓവറില്‍ ജയത്തിനായി 10 റണ്‍സ് വേണ്ടിയിരുന്ന പെര്‍ത്തിനു വേണ്ടി ആദ്യ പന്തില്‍ തന്നെ സിക്സര്‍ പറത്തി വോഗ്സ് തന്റെ അര്‍ദ്ധ ശതകം തികച്ചു. അടുത്ത പന്തില്‍ സിംഗിള്‍ നേടി സ്ട്രൈക്ക് വോഗ്സ് മാറിയപ്പോള്‍ ടിം ബ്രെസ്നന്‍ സിക്സര്‍ പറത്തി സ്കോര്‍ച്ചേര്‍സിനെ ഒന്നാം സ്ഥാനത്തെത്തിച്ചു.

28/4 എന്ന നിലയില്‍ തകര്‍ന്ന പെര്‍ത്തിനെ കാമറൂണ്‍ ബാന്‍ക്രോഫ്ട്(49)-വോഗ്സ്(56*) കൂട്ടുകെട്ട് പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയായിരുന്നു. 77 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് സഖ്യം നേടിയത്. ബാന്‍ ക്രോഫ്ടിനെയും പുറത്താക്കി റഷീദ് ഖാന്‍ പെര്‍ത്തിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും വോഗ്സ് പതറാതെ പൊരുതി വോഗ്സ് ടീമിനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. മൂന്ന് വിക്കറ്റ് നേടിയ റഷീദ് ഖാന്റെ പ്രകടനത്തിനു പിന്തുണ നല്‍കാന്‍ മറ്റു സ്ട്രൈക്കേഴ്സ് ബൗളര്‍മാര്‍ക്ക് കഴിയാതെ പോയതും പെര്‍ത്തിനു തുണയായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനായി ജേക്ക് വെത്തറാള്‍ഡ്(56) ടോപ് സ്കോററായി. ജേക്ക് ലേമാന്‍(21*), അലക്സ് കാറേ(25) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ സ്ട്രൈക്കേഴ്സ് 137 റണ്‍സ് മാത്രമേ നേടാനായുള്ളു. മാത്യൂ കെല്ലി, ജൈ റിച്ചാര്‍ഡ്സണ്‍, ടിം ബ്രെസ്നന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version