“ആ വേദന എനിയ്ക്ക് മനസ്സിലാവും”

ലോകകപ്പ് ഫൈനലില്‍ ന്യൂസിലാണ്ട് തോറ്റുവെന്ന് പറയാനാവില്ലെങ്കിലും കിരീടം സ്വന്തമാക്കുവാന്‍ ടീമിനായില്ല. ടൂര്‍ണ്ണമെന്റില്‍ ടീമിന്റെ നെടുംതൂണായ കെയിന്‍ വില്യംസണ്‍ 578 റണ്‍സുമായി ടൂര്‍ണ്ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സങ്കടത്തോടെ കപ്പ് ഇംഗ്ലണ്ട് ഉയര്‍ത്തുന്നത് കാണുവാനെ ഇംഗ്ലണ്ട് നായകന് സാധിച്ചുള്ളു. ഫൈനലിന് ശേഷമുള്ള ദിവസം ഒരു ചീത്ത സ്വപ്നം പോലെയാണ് തനിക്ക് ലോകകപ്പ് ഫൈനലിനെ വീണ്ടും ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നുള്ളുവെന്നാണ് കെയിന്‍ വില്യംസണ്‍ പറഞ്ഞത്.

“ആ ഓര്‍മ്മ ഇടയ്ക്കിടയ്ക്ക് തന്നിലേക്ക് കയറി വരുന്നുണ്ട്. ഞാന്‍ ആളുകളോട് അത് വിശദീകരിക്കുന്നു, പിന്നീട് മറ്റ് കാര്യങ്ങളില്‍ മുഴുകുന്നു, തമാശ പറയുന്നു, എന്നാല്‍ പത്ത് മിനുട്ട് ശേഷം ഇതേ കാര്യം തന്റെ മനസ്സിലേക്ക് വീണ്ടും വരുന്നു, ലോകകപ്പ് കൈവിട്ടത് സത്യമാണെന്ന് ചിന്ത മനസ്സിലേക്ക് വരുന്നു, അത് സത്യമാണോയെന്ന് ചിന്തിക്കുന്നു, താനൊരു ചീത്ത സ്വപ്നം കണ്ടുണര്‍ന്നതാണോയെന്നും ചിലപ്പോള്‍ ചിന്തിച്ച് പോകുന്നു” എന്ന് കെയിന്‍ വില്യംസണ്‍ പറഞ്ഞു.

കെയിന്‍ വില്യംസണ്‍ ഈ പ്രതികരിച്ച ഇഎസ്പിഎന്‍ക്രിക്ക്ഇന്‍ഫോയുടെ ട്വീറ്റിന് കീഴില്‍ “I know the feeling” എന്ന കമന്റുമായി എത്തിയത് മറ്റാരുമല്ല എബി ഡി വില്ലിയേഴ്സ് ആയിരുന്നു. 2015 ലോകകപ്പില്‍ തങ്ങളുടെ കന്നി ലോകകപ്പ് ഫൈനലിന് തൊട്ടടുത്തെത്തി ന്യൂസിലാണ്ടിനോട് തോറ്റ് പുറത്തായ ദക്ഷിണാഫ്രിക്കന്‍ താരവും മുന്‍ നായകനുമായ എബി തനിക്ക് ആ വേദന മനസ്സിലാകുമെന്നാണ് കെയിനിന്റെ പ്രതികരണങ്ങള്‍ക്കുമേല്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

അന്നത്തെ തോല്‍വിയുടെ ആഘാതം തന്നെ ഇപ്പോളും അലട്ടുന്നുണ്ടെന്ന സൂചനയാണ് എബി ഡി വില്ലിയേഴ്സ് ഈ കമന്റിലൂടെ ഉദ്ദേശിക്കുന്നത്.

Exit mobile version