Site icon Fanport

വീണ്ടും കൊക്കോ ഗോഫ്! നിലവിലെ ജേതാവ് ഒസാക്കയെ അട്ടിമറിച്ച് 15 കാരി

ടെന്നീസ് ലോകത്തെ ഞെട്ടിച്ച് കൊക്കോ ഗോഫ് എന്ന 15 കാരി വീണ്ടും. ഓസ്‌ട്രേലിയൻ ഓപ്പണിൽ വീണ്ടുമൊരു അട്ടിമറി കൂടി ഇന്ന് പിറന്നപ്പോൾ ഞെട്ടിയത് നിലവിലെ ജേതാവും മൂന്നാം സീഡുമായ ജപ്പാന്റെ സാക്ഷാൽ നയോമി ഒസാക്ക. കഴിഞ്ഞ വിംബിൾഡനിൽ വീനസ് വില്യംസിനെ ആദ്യ റൗണ്ടിൽ മറികടന്ന് വരവ് അറിയിച്ച ഗോഫ് ഈ ആറു മാസം കൊണ്ട് താൻ എത്രത്തോളം വളർന്നു എന്നു തെളിയിക്കുന്ന പ്രകടനം ആണ് ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇത് വരെ നടത്തുന്നത്. ആദ്യ റൗണ്ടിൽ വീനസിനെ മറികടന്ന താരം മൂന്നാം റൗണ്ടിൽ ഇന്ന് ഒസാക്കയെ മറികടന്നത് നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു.

ആദ്യ സെറ്റിൽ ഒരവസരവും ഒസാക്കക്ക് നൽകാതെ 6-3 നു സെറ്റ് സ്വന്തമാക്കിയ ഗോഫ് വരാനിരിക്കുന്നത് എന്താണ് എന്ന വ്യക്തമായ സൂചന ലോകത്തിനു നൽകി. എന്നാൽ രണ്ടാം സെറ്റിൽ ആദ്യമെ തന്നെ സർവ്വീസ് ബ്രൈക്ക് വഴങ്ങിയ ശേഷം തിരിച്ചു ബ്രൈക്ക് ചെയ്ത ഒസാക്ക തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചു. എന്നാൽ ഒരിക്കൽ കൂടി ഒസാക്കയുടെ സർവ്വീസ് ഭേദിച്ച 15 കാരിയായ അമേരിക്കൻ താരം 6-4 നു രണ്ടാം സെറ്റും മത്സരവും കൈക്കലാക്കി ഒസാക്കക്ക് പുറത്തേക്കുള്ള വഴി കാണിച്ചു. ഒസാക്കക്ക് എതിരായ ജയത്തോടെ 15 കാരിയായ ഗോഫിനെ കിരീടപോരാട്ടത്തിൽ വരെ സാധ്യത കല്പിക്കുന്നുണ്ട് പലരും. കളിക്കുന്നത് ഗോഫ് ആയതിനാൽ തന്നെ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ഈ 15 കാരി ഉയർത്തിയാലും അത്ര അത്ഭുതപ്പെടാൻ കഴിയില്ല.

Exit mobile version