Picsart 23 08 22 02 42 28 890

10 പേരായി കളിച്ചിട്ടും ജയിച്ചു കയറി ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം മത്സരത്തിലും ജയം കണ്ടു ആഴ്‌സണൽ. ക്രിസ്റ്റൽ പാലസിന് എതിരെ അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് ആണ് ആഴ്‌സണൽ ജയം കണ്ടത്. അവസാന 40 മിനിറ്റ് 10 പേരായി കളിച്ചാണ് ആഴ്‌സണൽ ജയം പിടിച്ചെടുത്തത്. ടിംബറിനു പകരം ടോമിയാസു എന്ന ഒറ്റ മാറ്റവും ആയി ആണ് ആഴ്‌സണൽ ഇന്ന് കളിക്കാൻ ഇറങ്ങിയത്. തുടക്കം മുതൽ പാലസിന് മേൽ വലിയ ആധിപത്യം ആണ് ആഴ്‌സണൽ പുലർത്തിയത്. ഇടക്ക് സാകയുടെ പാസിൽ നിന്നു എഡി എകെതിയയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.

തുടർന്ന് ആദ്യ പകുതിയിൽ തന്നെ റൈസിന്റെ മനോഹരമായ നീക്കത്തിന് ഒടുവിൽ റൈസ് നൽകിയ പന്ത് ലക്ഷ്യം കാണാനും എഡിക്ക് ആയില്ല. ഇടക്ക് പാലസിന്റെ ആയുവിന്റെ നീക്കം അതുഗ്രൻ ടാക്കിളിലൂടെയാണ് സലിബ തടഞ്ഞത്. രണ്ടാം പകുതിയിൽ പക്ഷെ ആഴ്‌സണൽ പാലസ് പ്രതിരോധം ഭേദിച്ചു. തങ്ങൾക്ക് ലഭിച്ച ഫ്രീകിക്ക് വേഗത്തിൽ എടുത്ത മാർട്ടിനെല്ലിയുടെ തീരുമാനം പാലസ് പ്രതിരോധത്തെ ഞെട്ടിച്ചു. തുടർന്ന് ഈ പാസ് സ്വീകരിക്കാനുള്ള എഡിയുടെ ശ്രമം ഗോൾ കീപ്പർ ജോൺസ്റ്റോണിന്റെ ഫൗളിന് ആഴ്‌സണലിന് അനുകൂലമായ പെനാൽട്ടി ലഭിച്ചു. തുടർന്ന് പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് ആഴ്‌സണലിന് അർഹിച്ച മുൻതൂക്കം സമ്മാനിച്ചു.

അനായാസ ജയത്തിലേക്ക് ആഴ്‌സണൽ പോവും എന്നു കരുതിയ മത്സരത്തിൽ എല്ലാം മാറി മറിഞ്ഞത് പെട്ടെന്ന് ആണ്. ആദ്യം ത്രോ ഇൻ ഇടാൻ വൈകിച്ചതിനു മഞ്ഞ കാർഡ് ലഭിച്ച ടോമിയാസു തുടർന്ന് ഏഴു മിനിറ്റിനുള്ളിൽ രണ്ടാം മഞ്ഞ കാർഡും കണ്ടു. ഇത്തവണ പക്ഷെ ആയുവിനെതിരായ താരത്തിന്റെ നീക്കത്തിന് റഫറി നൽകിയ രണ്ടാം മഞ്ഞ കാർഡ് തീർത്തും അനർഹമായ ഒന്നായിരുന്നു. തുടർന്ന് നിരവധി മാറ്റങ്ങൾ വരുത്തിയ ആഴ്‌സണൽ 10 പേരായിട്ടും പാലസിന്റെ ആക്രമണങ്ങൾ എല്ലാം തടഞ്ഞു. 67 മത്തെ മിനിറ്റ് മുതൽ 10 പേരായിട്ട് കളിച്ചിട്ടും ആഴ്‌സണലിന്റെ പോരാട്ടവീര്യം കളത്തിൽ കാണാൻ ആയി. ഇടക്ക് എസെയെ വീഴ്ത്തിയതിന് പാലസ് പെനാൽട്ടിക്ക് ആയി വാദിച്ചു എങ്കിലും വാർ അത് അനുവദിച്ചില്ല. തീർത്തും മാസ്റ്റർ ക്ലാസ് എന്നു പറയാവുന്ന പ്രകടനം ആണ് ഇന്ന് ഡക്ലൻ റൈസ്, വില്യം സലിബ എന്നിവർ പുറത്ത് എടുത്തത്.

Exit mobile version