ആദ്യ ദിനം സിംബാബ്‍വേയുടേത്, 219 റണ്‍സിനു വെസ്റ്റിന്‍ഡീസ് ഓള്‍ഔട്ട്

- Advertisement -

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ സിംബാബ്‍വേയ്ക്ക് മേല്‍ക്കൈ. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ വെസ്റ്റിന്‍ഡീസിനെ ആദ്യ ഇന്നിംഗ്സില്‍ 219 റണ്‍സിനു പുറത്താക്കിയ സിംബാബ്‍വേ തങ്ങളുടെ ഇന്നിംഗ്സില്‍ 19/0 എന്ന നിലയിലാണ്. റണ്ണൊന്നുമെടുക്കാതെ ഹാമിള്‍ട്ടണ്‍ മസകഡ്സയും 17 റണ്‍സുമായി സോളമന്‍ മീറുമാണ് ക്രീസില്‍. സിംബാബ്‍വേ ബൗളിംഗില്‍ ഗ്രെയിം ക്രെമര്‍, ഷോണ്‍ വില്യംസ് എന്നിവരാണ് തിളങ്ങിയത്.

ടോസ് നേടിയ വെസ്റ്റിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൈല്‍ ജാര്‍വിസ്, ബ്രണ്ടന്‍ ടെയിലര്‍ എന്നിവര്‍ സിംബാബ്‍വേ നിരയിലേക്ക് മടങ്ങിയെത്തിയ ടെസ്റ്റ് മത്സരം കൂടിയാണ് ഇത്. ഷായി ഹോപ് 90 റണ്‍സുമായി പുറത്താകാതെ നിന്നു. കീറണ്‍ പവല്‍(56), റോഷ്ടണ്‍ ചേസ്(31) എന്നിവരാണ് വെസ്റ്റിന്‍ഡീസ് നിരയില്‍ തിളങ്ങിയ മറ്റു ബാറ്റ്സ്മാന്മാര്‍.

110/2 എന്ന നിലയില്‍ നിന്ന് 219 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. കീറണ്‍ പവല്‍, ഷായി ഹോപ് കൂട്ടുകെട്ട് മത്സരം വെസ്റ്റിന്‍ഡീസിനു അനുകൂലമാക്കുമെന്ന് തോന്നിപ്പിച്ചപ്പോളാണ് കരീബിയന്‍ സംഘത്തിന്റെ അന്തകരായി സിംബാബ്‍വേ നായകന്‍ ഗ്രെയിം ക്രെമറും ഷോണ്‍ വില്യംസും രംഗത്തെത്തിയത്. ഗ്രെയിം ക്രെമര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ഷോണ്‍ വില്യംസ് മൂന്ന് വിക്കറ്റും നേടി. കൈല്‍ ജാര്‍വിസ്, സോളമന്‍ മീര്‍, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement