Site icon Fanport

ആവേശകരമായ 3 റൺസ് ജയം നേടി സിംബാബ്‍വേ

അയര്‍ലണ്ടിനെതിരെ ആവേശകരമായ 3 റൺസ് വിജയം നേടി സിംബാബ്‍വേ. ആദ്യ ടി20യിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ‍്‍വേ 7 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് മാത്രമാണ് ‍സിംബാബ്‍വേ നേടിയതെങ്കിലും എതിരാളികളെ 114/9 എന്ന സ്കോറിൽ പിടിച്ചുകെട്ടിയാണ് സിംബാബ്‍വേ വിജയം ഉറപ്പാക്കിയത്.

47 റൺസ് നേടിയ റെഗിസ് ചകാബ്‍വയാണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. 28 പന്തിലാണ് താരം മിന്നും പ്രകടനം പുറത്തെടുത്തത്. ക്രെയിഗ് എര്‍വിന്‍(17), വെല്ലിംഗ്ടൺ മസകഡ്സ(19) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. അയര്‍ലണ്ടിനായി ക്രെയിഗ് യംഗ്, സിമി സിംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മികച്ച തുടക്കം അയര്‍ലണ്ടിന് ലഭിച്ചുവെങ്കിലും 44/1 എന്ന നിലയിൽ ടീം തകരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സിമി സിംഗ് പുറത്താകാതെ 28 റൺസ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ പോള്‍ സ്റ്റിര്‍ലിംഗ്(24), കെവിന്‍ ഒബ്രൈന്‍(25) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍.

അവസാന ഓവറിൽ 6 റൺസായിരുന്നു അയര്‍ലണ്ടിന് വിജയത്തിനായി വേണ്ടിയിരുന്നതെങ്കിലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി സിംബാബ്‍വേ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഓവറിൽ നിന്ന് വെറും 2 റൺസാണ് പിറന്നത്. റിച്ചാര്‍ എന്‍ഗാരാവയാണ് ഓവര്‍ എറിഞ്ഞത്.

 

Exit mobile version