പരമ്പര സമനിലയിലാക്കി സിംബാബ്‍വേ, സ്കോട്‍ലാന്‍ഡിനെതിരെ വിജയം 6 വിക്കറ്റിനു

സ്കോട്‍ലാന്‍ഡിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ സിംബാബ്‍വേയ്ക്ക് 6 വിക്കറ്റ് വിജയം. നായകന്‍ ഗ്രെയിം ക്രെമറിന്റെ ബൗളിംഗ് മികവില്‍ സ്കോട്‍ലാന്‍ഡിനെ 169 റണ്‍സിനു ഓള്‍ഔട്ടാക്കിയ സിംബാബ്‍വേ ലക്ഷ്യം 37 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കുകയായിരുന്നു. ആദ്യ മത്സരം പരാജയപ്പെട്ടിരുന്ന സിംബാബ്‍വേ വിജയത്തോടു കൂടി പരമ്പര സമനിലയിലാക്കി.

106/1 എന്ന നിലയില്‍ നിന്നാണ് സ്കോട്‍ലാന്‍ഡ് 169 റണ്‍സിനു പുറത്തായത്. 61 റണ്‍സ് നേടിയ സ്കോട്‍ലാന്‍ഡ് നായകന്‍ കൈല്‍ കോയെറ്റ്സറെ പുറത്താക്കി തന്റെ വിക്കറ്റ് വേട്ട ആരംഭിച്ച ക്രെമര്‍ ആതിഥേയരുടെ മധ്യനിരെ തകര്‍ക്കുകയായിരുന്നു. 58 റണ്‍സ് നേടിയ കാലം മക്ലോഡിനെ ഷോണ്‍ വില്യംസ് പുറത്താക്കി. 10 ഓവറില്‍ 29 റണ്‍സിനു വഴങ്ങി 5 വിക്കറ്റാണ് ഗ്രെയിം ക്രെമര്‍ സ്വന്തമാക്കിയത്. ഷോണ്‍ വില്യംസ്, സിക്കന്ദര്‍ റാസ എന്നിവര്‍ രണ്ട് വിക്കറ്റു നേടിയപ്പോള്‍ റയാന്‍ ബര്‍ള്‍ ആണ് വിക്കറ്റ് നേടിയ മറ്റൊരു താരം.

സിക്കന്ദര്‍ റാസ(58*), റയാന്‍ ബര്‍ള്‍ (30*) എന്നിവര്‍ പുറത്താകാതെ നേടിയ 72 റണ്‍സ് കൂട്ടുകെട്ടാണ് സിംബാബ്‍വേ വിജയം എളുപ്പമാക്കിയത്. 44/3 എന്ന നിലയിലേക്ക് വീണ സിംബാബ്‍വേയ്ക്ക് വേണ്ടി ക്രെയിഗ് ഇര്‍വിന്‍ 30 റണ്‍സ് നേടി. ക്രിസ് സോള്‍ സ്കോട്‍ലാന്‍ഡിനു വേണ്ടി 3 വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഡേവിയും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഇനി റോയൽ ട്രാവൽസ് എഫ് സി കോഴിക്കോട്
Next articleആതിഥേയർ ആത്മവിശ്വാസത്തോടെ തുടങ്ങി, റഷ്യക്ക് രണ്ട് ഗോൾ ജയം