
ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഹോങ്കോംഗിനെതിരെ മികച്ച വിജയം നേടി സിംബാബ്വേ. ഇന്ന് ബുല്വായോയില് നടന്ന ഗ്രൂപ്പ് ബി യോഗ്യത മത്സരത്തില്‍ 89 റണ്‍സിനാണ് ഹോങ്കോംഗിനെ സിംബാബ്വേ തകര്‍ത്തത്. സിംബാബ്വേയുടെ മൂന്നാമത്തെ ജയമാണ് ഇന്നത്തേത്. സൂപ്പര്‍ സിക്സിലേക്ക് കടക്കുവാന്‍ ഹോങ്കോംഗിനു ഏറെ നിര്‍ണ്ണായകമായിരുന്നു ഇന്നത്തെ മത്സരം.
ടോസ് നേടിയ ഹോങ്കോംഗ് സിംബാബ്വേയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എഹ്സാന്‍ നവാസ് നാല് വിക്കറ്റ് നേടിയ മത്സരത്തില്‍ സിംബാബ്വേയ്ക്കായി ഹാമിള്ട്ടണ് മസകഡ്സ(84) ടോപ് സ്കോറര്‍ ആയി. ബ്രണ്ടന്‍ ടെയിലര്‍(46), സെഫാസ് സുവാവോ(45) എന്നിവരും റണ്‍സ് കണ്ടെത്തിയപ്പോള്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ടീം 263 റണ്‍സ് നേടി. ഐസാസ് ഖാന്, എഹ്സാന്‍ ഖാന് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ അന്‍ഷുമാന്‍ രത്തിനു മാത്രമേ മികവ് പുലര്‍ത്താനായില്ല. 85 റണ്‍സാണ് താരം നേടിയത്. സിംബാബ്വേയ്ക്കായി സിക്കന്ദര്‍ റാസ മൂന്നും കൈല്‍ ജാര്‍വിസ്, ഗ്രെയിം ക്രെമര്‍, ഷോണ്‍ വില്യംസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial