
197 റണ്‍സ് എന്ന ലക്ഷ്യം തേടി ഇറങ്ങിയ അഫ്ഗാനിസ്ഥാനെ വീഴ്ത്തി സിംബാബ്വേ. അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ 4 റണ്‍സ് നേടേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനു എന്നാല്‍ ഒരു റണ്ണും നേടാനായില്ല. 156/3 എന്ന നിലയില്‍ നിന്ന് 177/9 എന്ന നിലയിലേക്ക് വീണ അഫ്ഗാനിസ്ഥാനെ 16 റണ്‍സ് നേടി അവസാന വിക്കറ്റ് കൂട്ടുകെട്ട് വീണ്ടും ജയമെന്ന സ്വപ്നം കാണുവാന്‍ പ്രേരിപ്പിച്ചുവെങ്കിലും ബ്രയാന്‍ വിട്ടോറിയുടെ മുന്നില്‍ ദവലത് സദ്രാന് മുട്ടുമടക്കുകയായിരുന്നു.
റഹ്മത് ഷായും(69), മുഹമ്മദ് നബിയും ചേര്‍ന്ന് അനായാസ ജയത്തിലേക്ക് ടീമിനെ നയിക്കുമെന്ന കരുതിയപ്പോളാണ് വില്ലനായി ബ്ലെസ്സിംഗ് മുസര്‍ബാനി എത്തിയത്. റഹ്മത് ഷായെ ബ്ലെസ്സിംഗ് പുറത്താക്കിയപ്പോള്‍ മുഹമ്മദ് നബിയെ സിക്കന്ദര്‍ റാസ മടക്കിയയച്ചു. പിന്നീട് ഇരുവരും ചേര്‍ന്ന് മധ്യനിരയെ ചുരുട്ടിക്കെട്ടിയപ്പോള്‍ അഫ്ഗാന് സംഘം പ്രതിരോധത്തിലായി.
ഇരുവരും ചേര്‍ന്ന് ഏഴ് വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. ബ്ലെസ്സിംഗ് നാലും റാസ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ബ്രയാന്‍ വിട്ടോറി രണ്ടും ടെണ്ടായി ചതാര ഒരു വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ 43 ഓവറില്‍ 196 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ബ്രണ്ടന്‍ ടെയിലര്‍ 89 റണ്‍സ് നേടിയപ്പോള്‍ സിക്കന്ദര്‍ റാസ 60 റണ്‍സ് നേടി. റഷീദ് ഖാനും മുജീബ് സദ്രാനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ദവലത് സദ്രാനാണ് രണ്ട് വിക്കറ്റ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial