ഗാലേയില്‍ അട്ടിമറി, ശ്രീലങ്കയെ ഞെട്ടിച്ച് സിംബാബ്‍വേ

- Advertisement -

17 വര്‍ഷങ്ങള്‍ക്ക് ശേഷം ഗാലേയില്‍ ഒരു ഏകദിനം അരങ്ങേറിയപ്പോള്‍ വിജയം കൊയ്ത് സിംബാബ്‍വേ. ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ 6 വിക്കറ്റിനാണ് സിംബാബ്‍വേ വിജയം സ്വന്തമാക്കിയത്. ശ്രീലങ്കയുടെ 316 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് 47.4 ഓവറില്‍ സിംബാബ്‍വേ മറികടന്നത്. 112 റണ്‍സ് നേടി തന്റെ കരിയറിലെ മികച്ച സ്കോര്‍ നേടിയ സോളമണ്‍ മിര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സാണ് നേടിയത്. 86 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസ് ടോപ് സ്കോറര്‍ ആയപ്പോള്‍ ഉപുല്‍ തരംഗ 79 റണ്‍സുമായി പുറത്താകാതെ നിന്നു. ദനുഷ്ക ഗുണതിലക(60), ആഞ്ചലോ മാത്യൂസ്(43), അസേല ഗുണരത്നേ(28) എന്നിവരാണ് ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച സംഭാവന നല്‍കിയത്. ടെന്‍ഡായി ചതാര(2), ഷോണ്‍ വില്യംസ്, ഗ്രെയിം ക്രെമര്‍, സോളമണ്‍ മിര്‍ എന്നിവരാണ് വിക്കറ്റ് നേട്ടക്കാര്‍.

സോളമണ്‍ മിറിന്റെ ശതകത്തിനു പുറമേ ഷോണ്‍ വില്യംസ്(65), സിക്കന്ദര്‍ റാസ(67*), മാല്‍ക്കം വാല്ലര്‍(40*) എന്നിവരാണ് സിംബാബ്‍വേ സ്കോറര്‍മാര്‍. 102 റണ്‍സ് അപരാജിത കൂട്ടുകെട്ടാണ് റാസ-വാല്ലര്‍ കൂട്ടുകെട്ട് സിംബാബ്‍വേയ്ക്കായി അഞ്ചാം വിക്കറ്റില്‍ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement