ലോക റെക്കോര്‍ഡിനും ശ്രീലങ്കയ്ക്ക് തുണയാകാനായില്ല, പരമ്പര സമനിലയിലാക്കി സിംബാബ്‍വേ

- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള നാലാം ഏകദിനത്തില്‍ വിജയം നേടി സിംബാബ്‍വേ. ആദ്യം ബാറ്റ് ചെയ്ത് 300 റണ്‍സ് നേടിയ ശ്രീലങ്കയ്ക്കെതിരെ സിംബാബ്‍വേ 4 വിക്കറ്റ് വിജയം കൊയ്യുകയായിരുന്നു. മഴ മൂലം 31 ഓവറായി ചുരുക്കിയ മത്സരത്തില്‍ 10 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് സിംബാബ്‍വേ വിജയം നേടിയത്.

301 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ മത്സരത്തില്‍ 29 ഓവറില്‍ 162 റണ്‍സ് വേണം എന്ന സ്ഥിതിയില്‍ മഴ കളി മുടക്കുകയായിരുന്നു. കളി മുടങ്ങിയ സമയത്ത് സിംബാബ്‍വേ ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം 9 റണ്‍സിനു മുന്നിലായിരുന്നു. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോള്‍ സിംബാബ്‍വേയുടെ ലക്ഷ്യം 60 പന്തില്‍ 80 റണ്‍സ് ആയി പുനക്രമീകരിക്കുകയായിരുന്നു.

ക്രെയിഗ് ഇര്‍വിന്‍ (69*), സോളമണ്‍ മീര്‍(43), തരിസായി മുസകാന്‍ഡ(30), മസകഡ്സ(28) എന്നിവരുടെ ബാറ്റിംഗ് ആണ് വിജയം സിംബാബ്‍വേയ്ക്ക് അനുകൂലമാക്കിയത്. 13 പന്തില്‍ 20 റണ്‍സ് നേടിയ മാല്‍ക്കം വാലറുടെ ബാറ്റിംഗും മത്സര വിജയത്തില്‍ ഏറെ നിര്‍ണ്ണായകമായി. വാനിഡു ഹസരംഗ 3 വിക്കറ്റുമായി ശ്രീലങ്കന്‍ ബൗളര്‍മാരില്‍ തിളങ്ങി. ദുഷമന്ത ചമീര, അസേല ഗുണരത്നേ, സണ്ടകന്‍ എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഓപ്പണര്‍മാരുടെ മികവില്‍ 300 റണ്‍സ് നേടുകയായിരുന്നു. 6 വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് നഷ്ടമായി. 209 റണ്‍സ് കൂട്ടുകെട്ടാണ് നിരോഷന്‍ ഡിക്ക്വെല്ല(116), ധനുഷ്ക ഗുണതിലക(87) എന്നിവര്‍ ആദ്യ വിക്കറ്റില്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ശതക കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സഖ്യം പുതിയ ലോക റെക്കോര്‍ഡാണ് കുറിച്ചിരിക്കുന്നത്.

ഗുണതിലക പുറത്തായപ്പോള്‍ ക്രീസിലെത്തിയ ആഞ്ചലോ മാത്യൂസും മികവ് പുലര്‍ത്തി. 42 റണ്‍സാണ് ശ്രീലങ്കന്‍ നായകന്റെ സംഭാവന. എന്നാല്‍ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ സിംബാബ്‍വേ 300 കടക്കുവാനുള്ള ശ്രീലങ്കന്‍ ശ്രമങ്ങള്‍ക്ക് തടയിടുകയായിരുന്നു.

മാല്‍ക്കം വാല്ലര്‍, ക്രിസ് പോഫു എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടെന്‍ഡായി ചതാര, സികന്ദര്‍ റാസ എന്നിവര്‍ക്കാണ് ഓരോ വിക്കറ്റ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement