നാലാം ദിവസം ലീഡ് സിംബാബ്‍വേയ്ക്ക്

വെസ്റ്റിന്‍ഡീസ് പേസര്‍മാരുടെ മുന്നില്‍ സിംബാബ്‍വേ ടോപ് ഓര്‍ഡര്‍ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ന്നുവെങ്കിലും പിന്നീട് പീറ്റര്‍ മൂര്‍-സിക്കന്ദര്‍ റാസ കൂട്ടുകെട്ട് നേടിയ 94 റണ്‍സ് കൂട്ടുകെട്ട് നാലാം ദിവസം അവസാനിക്കുമ്പോള്‍ സിംബാബ്‍വേയ്ക്ക് 18 റണ്‍സിന്റെ ലീഡ് നല്‍കുകയായിരുന്നു. ഒരു ദിവസം ശേഷിക്കെ രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്‍വേ 140/4 എന്ന നിലയിലാണ്. 58 റണ്‍സുമായി സിക്കന്ദര്‍ റാസ, 39 റണ്‍സ് നേടിയ പീറ്റര്‍ മൂര്‍ എന്നിവരാണ് ക്രീസില്‍.

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 48 റണ്‍സ് ലീഡുമായി നാലാം ദിവസം 374/7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റിന്‍ഡീസിനു വേണ്ടി ഷെയിന്‍ ഡോവ്റിച്ചും ജേസണ്‍ ഹോള്‍ഡറും ശതകങ്ങള്‍ നേടിയിരുന്നു. 212 റണ്‍സ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് സഖ്യം നേടിയത്. 103 റണ്‍സ് നേടിയ ഡോവ്റിച്ച് പുറത്താകുമ്പോള്‍ വെസ്റ്റിന്‍ഡീസ് സ്കോര്‍ 442 റണ്‍സായിരുന്നു. എന്നാല്‍ 6 റണ്‍സ് കൂടി നേടി വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. ഹോള്‍ഡര്‍ 110 റണ്‍സ് നേടി.

ഓള്‍ഔട്ട് ആവുമ്പോള്‍ 122 റണ്‍സ് ലീഡ് വെസ്റ്റിന്‍ഡീസ് നേടിയിരുന്നു. നാലാം ദിവസം വീണ് വെസ്റ്റിന്‍ഡീസ് വിക്കറ്റുകള്‍ എല്ലാം തന്നെ ടെന്‍ഡായി ചിസോരയാണ് വീഴ്ത്തിയത്. നേരത്തെ ഇന്നിംഗ്സില്‍ സിക്കന്ദര്‍ റാസ 5 വിക്കറ്റ് നേടിയിരുന്നു.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ സിംബാബ്‍വേയ്ക്ക് ആദ്യ ആറ് ഓവറിനുള്ളില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. കെമര്‍ റോച്ച് ഹാമിള്‍ട്ടണ്‍ മസകഡ്സയെയും(5), സോളമന്‍ മിറിനെയും(0) പുറത്താക്കി സിംബാബ്‍വേയെ സമ്മര്‍ദ്ദത്തിലാക്കി. ബ്രണ്ടന്‍ ടെയിലറും(10), ക്രെയിഗ് ഇര്‍വിനും(22) പുറത്തായപ്പോള്‍ 46/4 എന്ന നിലയിലായിരുന്നു ആതിഥേയര്‍.

പരാജയഭീതിയില്‍ നിന്ന് മത്സരത്തില്‍ ലീഡ് നേടുകയെന്ന നിര്‍ണ്ണായക ദൗത്യമാണ് സിക്കന്ദര്‍ റാസയും പീറ്റര്‍ മൂറും ചേര്‍ന്ന് നിര്‍വഹിച്ചത്. മത്സരം അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമനിലയ്ക്കാണ് കൂടുതല്‍ സാധ്യതയെങ്കിലും സിംബാബ്‍വേയെ എത്രയും കുറഞ്ഞ സ്കോറിനു പുറത്താക്കി മത്സരം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാവും വെസ്റ്റിന്‍ഡീസ് അവസാന ദിവസത്തില്‍ ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകോഴിക്കോട് കേരള ബ്ലാസ്റ്റേഴ്‌സ് – ഗോകുലം എഫ് സി മത്സരം
Next articleചരിത്രം വഴിമാറി, ന്യൂസിലാണ്ടിനെ ടി20യില്‍ വീഴ്ത്തി ഇന്ത്യ