വിജയം പിടിച്ചെടുത്ത് സിംബാബ്‍‍വേ, അഫ്ഗാനിസ്ഥാനു ബാറ്റിംഗ് തകര്‍ച്ച

- Advertisement -

121/5 എന്ന നിലയില്‍ നിന്ന് വിജയത്തിനു 9 റണ്‍സ് അകലെ നില്‍ക്കുമ്പോളാണ് അഫ്ഗാനിസ്ഥാനു അപ്രതീക്ഷിതമായ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. 5 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടയില്‍ അവര്‍ ഓള്‍ഔട്ട് ആവുന്ന കാഴ്ചയാണ് ഹരാരെയില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് കാണാനായത്. 130 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 25ാം ഓവറില്‍ വിജയം ഉറപ്പിച്ചു തന്നെയാണിറങ്ങിയത് എന്നാല്‍ പെട്ടെന്നാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. 29.3 ഓവറില്‍ അഫ്ഗാനിസ്ഥാന്‍ 126 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. സിംബാബ്വേയ്ക്ക് വേണ്ടി ചതാര, ഷോണ്‍ വില്യംസ്, ക്രിസ് പോഫു എന്നിവര്‍ 3 വിക്കറ്റ് വീഴ്ത്തി. നായകന്‍ അസ്ഗര്‍ സ്റ്റാനിക്സായി (31), സമിയുള്ള ഷെന്‍വാരി(29) എന്നിവരാണ് അഫ്ഗാനിസ്ഥാന്റെ പ്രധാന സ്കോറര്‍മാര്‍. ഷോണ്‍ വില്യംസ്, തെണ്ടായ് ചതാര എന്നിവരാണ് കളിയിലെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.

ടോസ് ലഭിച്ച ആതിഥേയര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും 129 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. സിംബാബ്വേ നിരയില്‍ തരിസായി മുസ്കാണ്ട(60), മാല്‍ക്കം വാലര്‍ (36) എന്നിവര്‍ മാത്രമേ ചെറുത്ത് നില്പ് നടത്തിയുള്ളു. അഫ്ഗാനിസ്ഥാനു വേണ്ടി ഗുല്‍ബാദിന്‍ നൈബ് 4 വിക്കറ്റും, റഷീദ് ഖാന്‍ 3 വിക്കറ്റും സ്വന്തമാക്കി. പരമ്പരയില്‍ അഫ്ഗാനിസ്ഥാന്‍ 2-1 നു മുന്നിലാണ്.

Advertisement