മൂന്ന് വര്‍ഷത്തിനിടെ ഇംഗ്ലണ്ട് 500ന് മേലുള്ള സ്കോര്‍ നേടുന്നത് ഇതാദ്യമായി

സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ വമ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ട് ആദ്യ രണ്ട് ദിവസങ്ങളില്‍ കാഴ്ചവെച്ചത്. 583/8 എന്ന സ്കോറിന് ഇംഗ്ലണ്ട് തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇംഗ്ലണ്ട് 500ന് മേലുള്ള സ്കോര്‍ നേടുന്നത്.

359 റണ്‍സ് കൂട്ടുകെട്ട് നേടിയ സാക്ക് ക്രോളി- ജോസ് ബട്ലര്‍ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് ഈ നേട്ടം സാധ്യമാക്കിയത്. സാക്ക് ക്രോളി തന്റെ ഇരട്ട ശതകം നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇരട്ട ശതകമെന്ന നേട്ടം കൊയ്ത. അതേ സമയം ജോസ് ബട്‍ലര്‍ തന്റെ ആദ്യത്തെ 150ന് മേലുള്ള സ്കോര്‍ നേടുകയും ചെയ്തു.

സാക്ക് ക്രോളി 267 റണ്‍സും ജോസ് ബട്‍ലര്‍ 152 റണ്‍സുമാണ് നേടിയത്. തന്റെ കന്നി ശതകത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ഇംഗ്ലണ്ട് താരമെന്ന ബഹുമതി സാക്ക് ക്രോളിയ്ക്ക് നേരിയ വ്യത്യാസത്തിലാണ് നഷ്ടമായത്. 1903-04 കാലഘട്ടത്തില്‍ തന്റെ ആദ്യ ശതകം നേടിയ ഇന്നിംഗ്സില്‍ 287 റണ്‍സ് നേടിയ ആര്‍ഇ ഫോസ്റ്ററുടെ പിന്നില്‍ 267 റണ്‍സുമായി സാക്ക് ക്രോളിയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

Exit mobile version