റായിഡുവിനെ തിരഞ്ഞെടുക്കാതിരുന്നത് സെലക്ടര്‍മാരുടെ മണ്ടത്തരം – യുവരാജ് സിംഗ്

2019 ലോകകപ്പിന് എംഎസ്കെ പ്രസാദ് നയിച്ച സെലക്ഷന്‍ പാനലിന്റെ മണ്ടത്തരങ്ങള്‍ ആ് റായിഡുവിനെ പോലുള്ള താരത്തെ പുറത്തിരുത്തുവാന്‍ ഇടയാക്കിയതെന്ന് പറഞ്ഞ് യുവരാജ് സിംഗ്. ടൂര്‍ണ്ണമെന്റില്‍ ആദ്യം മുതല്‍ക്കെ തഴയപ്പെട്ട താരം പിന്നീട് പല താരങ്ങള്‍ക്കും പരിക്കേറ്റ സാഹചര്യമുണ്ടായിട്ടും പരിഗണിക്കപ്പെട്ടിരുന്നില്ല.

ഐപിഎല്‍ 2019ലെയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങളിലും മോശം പ്രകടനം പുറത്തെടുത്ത താരത്തെ ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്ക്വാഡില്‍ പരിഗണിച്ചിരുന്നില്ല. താരത്തിന് പകരം വിജയ് ശങ്കറെയാണ് ടീമിലെത്തിച്ചത്. പിന്നീട് വിജയ് ശങ്കര്‍ക്കും ശിഖര്‍ ധവാനും പരിക്കേറ്റപ്പോള്‍ പകരം ഋഷഭ് പന്തിനെയും മയാംഗ് അഗര്‍വാളിനെയും ടീമിലേക്ക് എടുക്കുകയായിരുന്നു.

വിജയ് ശങ്കറിനെ ആദ്യം തന്നെ എടുത്തതിന്റെ കാരണം തന്നെ തനിക്ക് മനസ്സിലായില്ലെന്നും പിന്നീട് താരത്തിന് പരിക്കേറ്റപ്പോള്‍ റായിഡുവിനെ അവഗണിച്ച് പന്തിനെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ഇതെല്ലാം സെലക്ടര്‍മാരുടെ മണ്ടത്തരമെന്നാണ് യുവരാജ് പറയുന്നത്. ഈ രണ്ട് താരങ്ങള്‍ക്കും ലോകകപ്പ് പോലുള്ള ടൂര്‍ണ്ണമെന്റില്‍ കളിക്കുവാനും മാത്രമുള്ള പരിചയം അപ്പോളുണ്ടായിരുന്നില്ലെന്നും യുവരാജ് വ്യക്തമാക്കി.

അതെ സമയം ന്യൂസിലാണ്ടില്‍ 90 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവിനെ മോശം ഐപിഎലിന്റെ അടിസ്ഥാനത്തിലാണ് ടീമില്‍ നിന്ന് പുറത്താക്കിയതെന്നും യുവരാജ് ആരോപിച്ചു. ലോകകപ്പിന് മുമ്പ് വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രം കളിച്ച താരങ്ങളെയാണ് ഇന്ത്യന്‍ മധ്യ നിരയിലേക്ക് സെലക്ടര്‍മാര്‍ പരീക്ഷിച്ചതെന്നും അത് മണ്ടത്തരമെന്നേ താന്‍ പറയൂ എന്നും യുവരാജ് കൂട്ടിചേര്‍ത്തു.

Exit mobile version