
ഓസ്ട്രേലിയയെ ലക്ഷ്യം വെച്ച് തയ്യാറാക്കിയ സ്പിന്‍ പിച്ചില്‍ സ്വയം വീണ് ടീം ഇന്ത്യ. മൂന്നാം ദിവസം പൂനെ ടെസ്റ്റ് അവസാനിച്ചപ്പോള്‍ ഓസ്ട്രേലിയ 333 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ആതിഥേയര്‍ക്കെതിരെ സ്വന്തമാക്കിയത്. ഒന്നാം ഇന്നിംഗ്സിനെ അപേക്ഷിച്ച് 2 റണ്‍സ് അധികം നേടാനായി എന്നത് മാത്രമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പോസ്റ്റീവായ ഏക കാര്യം. മൂന്നാം ദിവസം വീണ ഇന്ത്യയുടെ 10 വിക്കറ്റുകളും സ്വന്തമാക്കിയത് ഓസീസ് സ്പിന്നര്‍മാരായിരുന്നു.
441 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 33.5 ഓവറില്‍ 107 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 31 റണ്‍സ് നേടിയ പുജാരയാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ഇന്ത്യയുടെ രണ്ടാമിന്നിംഗ്സിലെ 10 വിക്കറ്റുകളും വീഴ്ത്തിയത് ഓസീസ് സ്പിന്നര്‍മാരാണ്. സ്റ്റീവ് ഒക്കേഫെ 6 വിക്കറ്റും നഥാന്‍ ലയോണ്‍ 4 വിക്കറ്റും വീഴ്ത്തി ഇന്ത്യയുടെ അന്തകരായി.
നേരത്തെ ഓസ്ട്രേലിയയെ രണ്ടാം ഇന്നിംഗ്സില്‍ 285 റണ്‍സിനു ഇന്ത്യ പുറത്താക്കിയിരുന്നു. മൂന്നാം ദിവസം 143/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ തകരുകയായിരുന്നു. 31 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിനെയാണ് മൂന്നാം ദിവസം സന്ദര്‍ശകര്‍ക്ക് ആദ്യം നഷ്ടമായത്. മാത്യു വെയിഡ്(20),മിച്ചല്‍ സ്റ്റാര്‍ക്ക്(30) എന്നിവരെ കൂട്ടുപിടിച്ച് നായകന് സ്റ്റീവന്‍ സ്മിത്ത് തന്റെ ശതകം തികച്ചു(109). ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിന് നാല് വിക്കറ്റും, രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും വീഴ്ത്തി. ഉമേഷ് യാദവ് രണ്ടും, ജയന്ത് യാദവ് ഒരു വിക്കറ്റും നേടി.