Picsart 24 06 24 10 16 54 374

വെസ്റ്റിൻഡീസിനെ പുറത്താക്കി ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമി ഫൈനലിൽ

ടി20 ലോകകപ്പിൽ ആതിഥേയരായ വെസ്റ്റിൻഡീസിനെ പുറത്താക്കി കൊണ്ട് ദക്ഷിണാഫ്രിക്ക സെമി ഫൈനലിലേക്ക് മുന്നേറി. മഴ കാരണം 17 ഓവറിൽ 123 എന്ന വിജയലക്ഷ്യം ചെയ്സ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്ക 17ആം ഓവറിലേക്ക് ലക്ഷ്യം കാണുക ആയിരുന്നു. തുടക്കത്തിൽ ഡി കോക്ക് (12), റീസ് ഹെൻഡ്രിക്സ് (0) എന്നിവരെ നഷ്ടമായി എങ്കിലും ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലേക്ക് എത്തി.

18 റൺസുമായി മാക്രം, 22 റൺസുമായി ക്ലാസൻ, 19 റൺസുമായി സ്റ്റബ്സ് എന്നിവർ നല്ല സംഭാവനകൾ നൽകിയത് ദക്ഷിണാഫ്രിക്കയ്ക്ക് രക്ഷയായി. പക്ഷെ റോസ്റ്റൺ ചെയ്സിന്റെ 2 ഓവറുകൾ വെസ്റ്റിൻഡീസിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 2 ഓവറിൽ 6 റൺസ് മാത്രം വഴങ്ങി റോസ്റ്റൻ ചെയ്സ് 2 വിക്കറ്റുകൾ വീഴ്ത്തി. സ്റ്റബ്സ് വീണതോടെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിൽ ആയി.

അവസാന 3 ഓവറിൽ 19 റൺസ് ആയിരുന്നു അവർക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ബാക്കിയുണ്ടായിരുന്നത് നാലു വിക്കറ്റും. ഇത് 2 ഓവറിൽ 13 ആയി മാറി. 16ആം ഓവറിൽ റോസ്റ്റൺ ചെയ്സ് ഒരു വിക്കറ്റ് കൂടെ വീഴ്ത്തി. കേശവ് മഹാരാജ് 2 റൺസ് എടുത്ത് പുറത്ത്. ദക്ഷിണാഫ്രിക്കയുടെ 7 വിക്കറ്റുകൾ നഷ്ടം. എങ്കിലും ആ ഓവറിൽ 8 റൺസ് നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയി. അവസാന ഓവറിൽ ജയിക്കാൻ 5 റൺസ്.

യാൻസനും റബാദയും ആയിരുന്നു ക്രീസിൽ. മക്കോയ് ആണ് വെസ്റ്റിൻഡീസിനായി അവസാന ഓവർ എറിഞ്ഞത്. ആദ്യ പന്തിൽ സിക്സ് അടിച്ച് യാൻസൺ വിജയം ഉറപ്പിച്ചു.

ഇന്ന് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വെസ്റ്റിന്‍ഡീസിന് 135 റൺസ് ആയിരുന്നു നേടാൻ ആയത്. റോസ്ടൺ ചേസ് അര്‍ദ്ധ ശതകം നേടിയപ്പോള്‍ ഓപ്പണര്‍ കൈൽ മയേഴ്സ് 35 റൺസ് നേടി ടീമിലെ രണ്ടാമത്തോ ടോപ് സ്കോറര്‍ ആയി.

മറ്റ് താരങ്ങള്‍ക്കാര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല. 5/2 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ കൈൽ മയേഴ്സ് – റോസ്ടൺ ചേസ് കൂട്ടുകെട്ട് 81 റൺസ് മൂന്നാം വിക്കറ്റിൽ നേടി മുന്നോട്ട് നയിച്ചുവെങ്കിലും മയേഴ്സ് പുറത്തായ ശേഷം ടീം വീണ്ടും തകര്‍ച്ച നേരിട്ടു.

86/2 എന്ന നിലയിൽ നിന്ന് ടീം പൊടുന്നനെ 97/6 എന്ന നിലയിലേക്ക് വീഴുന്നതാണ് പിന്നീട് കണ്ടത്. ചേസ് 52 റൺസ് നേടി പുറത്തായപ്പോളാണ് ടീമിന് 6ാം വിക്കറ്റ് നഷ്ടമായത്. 9 പന്തിൽ 15 റൺസ് നേടിയ ആന്‍ഡ്രേ റസ്സൽ റണ്ണൗട്ട് രൂപത്തിൽ പുറത്തായതും വെസ്റ്റിന്‍ഡീസിന് അവസാന ഓവറുകളിൽ റൺ റേറ്റ് ഉയര്‍ത്തുന്നതിൽ തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസിയുടെ തകര്‍പ്പന്‍ സ്പെല്ലാണ് ടീമിന് മികവ് പുലര്‍ത്തുവാന്‍ സഹായിച്ചത്.

118/8 എന്ന നിലയിൽ നിന്ന് അൽസാരി ജോസഫ് (11*) – ഗുഡകേഷ് മോട്ടി (4*) എന്നിവര്‍ ചേര്‍ന്ന് നേടിയ 17 റൺസിന്റെ 9ാം വിക്കറ്റ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ 135/8 എന്ന സ്കോറിലെത്തിച്ചത്.

Exit mobile version