Uganda

ലോകകപ്പിലെ ആദ്യ വിജയം നേടി ഉഗാണ്ട, ലോ സ്കോറിംഗ് മത്സരത്തിൽ മറികടന്നത് പിഎന്‍ജിയെ

പാപുവ ന്യു ഗിനിയ്ക്കെതിരെ പൊരുതി നേടിയ വിജയവുമായി ഉഗാണ്ട. ഇന്ന് ടി20 ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യു ഗിനി 19.1 ഓവറിൽ 77 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഉഗാണ്ട 7 വിക്കറ്റ് നഷ്ടത്തിൽ 18.2 ഓവറിൽ 78 റൺസ് നേടി വിജയം കുറിച്ചു. ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയം ആണ് ഉഗാണ്ട നേടുന്നത്.

ആദ്യം ബാറ്റ് ചെയ്ത പിഎന്‍ജി നിരയിൽ 15 റൺസ് നേടിയ ഹിരി ഹിരി ടോപ് സ്കോറര്‍ ആയപ്പോള്‍ 12 റൺസ് നേടിയ ലെഗ സിയാക്കയാണ് രണ്ടാമത്തെ ടോപ് സ്കോറര്‍. 13 റൺസ് എക്സ്ട്രാസ് ഇനത്തിൽ വന്നപ്പോള്‍ മറ്റ് ബാറ്റര്‍മാരിലാരും തന്നെ രണ്ടക്ക സ്കോര്‍ നേടിയില്ല. ഉഗാണ്ടയ്ക്ക് വേണ്ടി അല്പേഷ് രാംജാനി, കോസ്മാസ് ക്യേവുട, ജുമ മിയാഗി, സുബുഗ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഉഗാണ്ടയ്ക്കായി ബാറ്റിംഗിൽ 33 റൺസ് നേടിയ റിയാസത് അലി ഷാ ആണ് ടോപ് സ്കോറര്‍. ഒരു ഘട്ടത്തിൽ 26/5 എന്ന നിലയിലായിരുന്ന ഉഗാണ്ടയെ റിയാസത് അലി ഷാ – ജുമ മിയാഗി കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയ 35 റൺസിന്റെ കൂട്ടുകെട്ടിന്റെ ബലത്തിൽ വിജയത്തിനടുത്തെത്തി. ജുമ 13 റൺസാണ് നേടിയത്.

വിജയത്തിന് 3 റൺസ് അകലെ വെച്ചാണ് റിയാസതിന്റെ വിക്കറ്റ് ടീമിന് നഷ്ടമായത്. എങ്കിലും 7 റൺസ് നേടിയ കെന്നത് വൈസ്വ വിജയം ഉറപ്പാക്കി. പിഎന്‍ജിയ്ക്ക് വേണ്ടി അലൈ നാവോയും നോര്‍മന്‍ വാനുവയും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version