Picsart 24 06 02 23 16 49 715

പൊരുതി കീഴടങ്ങി പിഎന്‍ജി, വെസ്റ്റിന്‍ഡീസിന് 5 വിക്കറ്റ് വിജയം

ചെറിയ സ്കോര്‍ മാത്രമാണ് നേടിയതെങ്കിലും വെസ്റ്റിന്‍ഡീസിനെതിരെ 19 ഓവര്‍ വരെ പന്തെറിഞ്ഞ് സമ്മര്‍ദ്ദം സൃഷ്ടിച്ച് പാപുവ ന്യൂ ഗിനി. മത്സരം അവസാന രണ്ടോവറിലേക്ക് കടക്കുമ്പോള്‍ 13 റൺസ് വിജയത്തിനായി വെസ്റ്റിന്‍ഡീസിന് നേടണമായിരുന്നുവെങ്കിലും റോസ്ടൺ ചേസ് നേടിയ രണ്ട് ബൗണ്ടറികള്‍ കളി വെസ്റ്റിന്‍ഡീസിന്റെ വരുതിയിലാക്കി.137 റൺസ് ചേസ് ചെയ്ത് 19ാം ഓവറിൽ 5 വിക്കറ്റ് വിജയത്തോടെ ടൂര്‍ണ്ണമെന്റ് ആരംഭിയ്ക്കുവാന്‍ വെസ്റ്റിന്‍ഡീസിന് സാധിച്ചു.

രണ്ടാം ഓവറിൽ ജോൺസൺ ചാള്‍സിനെ നഷ്ടമായ വെസ്റ്റിന്‍ഡീസിനെ ബ്രണ്ടന്‍ കിംഗ് – നിക്കോളസ് പൂരന്‍ കൂട്ടുകെട്ടാണ് 53 റൺസ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിച്ചത്. എന്നാൽ സ്പിന്നര്‍മാരിലൂടെ പാപുവ ന്യു ഗിനി വെസ്റ്റിന്‍ഡീസിന് മേൽ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. അടുത്തടുത്ത ഓവറുകളിൽ പൂരനെയും കിംഗിനെയും പുറത്താക്കി പിഎന്‍ജി മത്സരത്തില്‍ തങ്ങള്‍ക്ക് നേരിയ പ്രതീക്ഷ നേടിയെടുത്തു.

പൂരന്‍ 27 റൺസും ബ്രണ്ടന്‍ കിംഗ് 34 റൺസും നേടി പുറത്തായപ്പോള്‍ പത്തോവര്‍ പിന്നിടുമ്പോള്‍ 63/3 എന്ന നിലയിലായിരുന്നു വെസ്റ്റിന്‍ഡീസ്.

റോവ്മന്‍ പവലിനെയും ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡിനെയും നഷ്ടമായ ടീം 97/5 എന്ന നിലയിലായിരുന്നു 16ാം ഓവര്‍ അവസാനിക്കുമ്പോള്‍. പിന്നീട് റോസ്ടൺ ചേസ് ആന്‍ഡ്രേ റസ്സൽ കൂട്ടുകെട്ട് 3 ഓവറിൽ 40 റൺസ് നേടിയാണ് വിന്‍ഡീസിന്റെ വിജയം സാധ്യമാക്കിയത്.

ചേസ് 27 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ആന്‍ഡ്രേ റസ്സൽ 9 പന്തിൽ 15 റൺസുമായി നിര്‍ണ്ണായക സംഭാവന നൽകി.

Exit mobile version