Site icon Fanport

ടി20 ലോകകപ്പിൽ പാകിസ്ഥാൻ കഷ്ടിച്ച് രക്ഷപ്പെട്ടു

Resizedimage 2026 02 07 14 33 43 1


കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന 2026 ഐ.സി.സി പുരുഷ ടി20 ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ പാകിസ്ഥാന് ആവേശകരമായ വിജയം. നെതർലൻഡ്‌സ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഒൻപത് പന്തുകൾ ബാക്കിനിൽക്കെ പാകിസ്ഥാൻ മറികടന്നു. ഒരു ഘട്ടത്തിൽ തുടർച്ചയായി വിക്കറ്റുകൾ വീണ് സമ്മർദ്ദത്തിലായ പാകിസ്ഥാനെ വാലറ്റത്ത് ഫഹീം അഷ്റഫ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് വിജയതീരത്ത് എത്തിച്ചത്.

31 പന്തിൽ നിന്ന് 47 റൺസ് നേടിയ സാഹിബ്സാദ ഫർഹാനും പാകിസ്ഥാൻ നിരയിൽ നിർണ്ണായക പങ്കുവഹിച്ചു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന് വേണ്ടി സാഹിബ്സാദ ഫർഹാനും സയിം അയൂബും ചേർന്ന് പവർപ്ലേ ഓവറുകളിൽ തകർപ്പൻ തുടക്കമാണ് നൽകിയത്.

അയൂബ് 13 പന്തിൽ 24 റൺസ് നേടി പുറത്തായെങ്കിലും ഫർഹാൻ പോരാട്ടം തുടർന്നു. എന്നാൽ മധ്യനിരയിൽ ഉസ്മാൻ ഖാൻ പൂജ്യത്തിന് പുറത്തായതും നായകൻ ബാബർ അസം 15 റൺസുമായി മടങ്ങിയതും പാകിസ്ഥാനെ പ്രതിരോധത്തിലാക്കി. ഷദാബ് ഖാനും മുഹമ്മദ് നവാസും പെട്ടെന്ന് പുറത്തായതോടെ പാകിസ്ഥാൻ ഏഴ് വിക്കറ്റിന് 114 റൺസ് എന്ന നിലയിലേക്ക് വീണു. ഈ ഘട്ടത്തിൽ ഒന്നിച്ച ഫഹീം അഷ്റഫും ഷഹീൻ അഫ്രീദിയും ചേർന്ന് 34 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ ജയത്തിലേക്ക് നയിച്ചു. ഫഹീം 11 പന്തിൽ നിന്ന് മൂന്ന് സിക്സറുകളും രണ്ട് ഫോറുകളുമടക്കം പുറത്താകാതെ 29 റൺസ് അടിച്ചുകൂട്ടി.


നെതർലൻഡ്‌സിന് വേണ്ടി ആര്യൻ ദത്തും പോൾ വാൻ മീകെരനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി മികച്ച പോരാട്ടം കാഴ്ചവെച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ നെതർലൻഡ്‌സിനെ സൽമാൻ മിർസയുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് 147 റൺസിൽ ഒതുക്കിയത്. ഡച്ച് നിരയിൽ 37 റൺസ് നേടിയ നായകൻ സ്കോട്ട് എഡ്വേർഡ്‌സാണ് ടോപ് സ്കോറർ.

Exit mobile version