Jaspritbumrah

‘തല’ തെറിപ്പിച്ച് ബുംറ!!! ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ സെമിയിൽ

ട്രാവിസ് ഹെഡിന്റെ വെല്ലുവിളിയെ മറികടന്ന് 24 റൺസ് വിജയവുമായി ഇന്ത്യ. ഇന്ത്യ നൽകിയ 206 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസേ നേടാനായുള്ളു. ഹെഡിന്റെ നിര്‍ണ്ണായക വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയ്ക്കൊപ്പം മിച്ചൽ മാര്‍ഷിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും പുറത്താക്കി കുൽദീപ് യാദവും നിര്‍ണ്ണായക പ്രകടനമാണ് ഇന്ത്യയ്ക്കായി നേടിയത്.

വാര്‍ണറെ തുടക്കത്തിലെ നഷ്ടമായെങ്കിലും മിച്ചൽ മാര്‍ഷ് – ട്രാവിസ് ഹെഡ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 65/1 എന്ന മികച്ച സ്കോറിലേക്ക് ആണ് എത്തിച്ചത്. മുന്നോട്ട് കുതിയ്ക്കുകയായിരുന്ന ഓസ്ട്രേലിയയ്ക്ക് കുൽദീപ് യാദവ് ആണ് രണ്ടാം പ്രഹരം ഏല്പിച്ചത്.

81 റൺസ് കൂട്ടുകെട്ട് നേടിയ മാര്‍ഷ് – ഹെഡ് സഖ്യത്തെ മിച്ചൽ മാര്‍ഷിന്റെ വിക്കറ്റ് നേടി കുൽദീപ് ആണ് തകര്‍ത്തത്.  ബൗണ്ടറി ലൈനിൽ തകര്‍പ്പനൊരു ക്യാച്ചിലൂടെ അക്സര്‍ ആണ് കുൽദീപിന് വിക്കറ്റ് നേടിക്കൊടുത്തത്. 37 റൺസായിരുന്നു മാര്‍ഷിന്റെ സംഭാവന. 10 ഓവര്‍ പിന്നിടുമ്പോള്‍ 99/2 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. ഇന്ത്യയ്ക്ക് വെല്ലുവിളിയായി അര്‍ദ്ധ ശതകം തികച്ച് ട്രാവിസ് ഹെഡ് ക്രീസിലുണ്ടായിരുന്നു.

41 റൺസ് അതിവേഗത്തിൽ കൂട്ടിചേര്‍ത്ത് ഇന്ത്യയ്ക്ക് വെല്ലുവിളിയായി മാറുകയായിരുന്ന ഹെഡ് – മാക്സ്വെൽ കൂട്ടുകെട്ടിനെയും കുൽദീപ് യാദവ് തകര്‍ത്തപ്പോള്‍ ഇന്ത്യ മത്സരത്തിൽ മേൽക്കൈ നേടി. 12 പന്തിൽ 20 റൺസായിരുന്നു മാക്സ്വെൽ നേടിയത്.

തൊട്ടടുത്ത ഓവറിൽ മാര്‍ക്കസ് സ്റ്റോയിനിസിനെ അക്സര്‍ പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 4ാം വിക്കറ്റ് നഷ്ടമായി. എന്നാൽ ട്രാവിസ് ഹെഡിന്റെ സാന്നിദ്ധ്യം ഇന്ത്യയ്ക്ക് വെല്ലുവിളിയായി നിലകൊണ്ടു. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 65 റൺസായിരുന്നു ഓസ്ട്രേലിയ നേടേണ്ടിയിരുന്നത്.

ജസ്പ്രീത് ബുംറ എറിഞ്ഞ 17ാം ഓവറിൽ ട്രാവിസ് ഹെഡിനെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായപ്പോള്‍ ടീമിന്റെ വിജയപ്രതീക്ഷ അസ്തമിയ്ക്കുകയായിരുന്നു. 43 പന്തിൽ 76 റൺസാണ് ഹെഡ് നേടിയത്. ഇതോടെ അവസാന മൂന്നോവറിൽ ഓസ്ട്രേലിയയുടെ വിജയ ലക്ഷ്യം 53 റൺസായി മാറി.

മാത്യു വെയിഡിനെ അര്‍ഷ്ദീപ് പുറത്താക്കിയപ്പോള്‍ അതേ ഓവറിൽ ഒരു ഫോറും സിക്സും നേടി ടിം ഡേവിഡ് ഓസ്ട്രേലിയന്‍ ക്യാമ്പിൽ പ്രതീക്ഷ നൽകിയെങ്കിലും തൊട്ടടുത്ത പന്തിൽ ഡേവിഡിനെ അര്‍ഷ്ദീപ് പുറത്താക്കുകയായിരുന്നു. മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റാണ് അര്‍ഷ്ദീപ് നേടിയത്.

Exit mobile version