ഗാംഗുലിയെ മറികടന്നു, സംഗക്കാരയുടെ ചരിത്ര നേട്ടത്തിനൊപ്പമെത്തി രോഹിത് ശർമ്മ

ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡിനൊപ്പമെത്തി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ബംഗ്ലാദേശിനെതിരെയുള്ള സെഞ്ച്വറിയോടെ മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ പേരിലുള്ള ഒരു ലോകകപ്പിൽ നാല് സെഞ്ച്വറികൾ എന്ന റെക്കോർഡിന് ഒപ്പമെത്താൻ രോഹിതിനായി. 2015 ലോകകപ്പിൽ ആയിരുന്നു സംഗക്കാര 4 സെഞ്ച്വറികൾ തികച്ചത്.

ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ഈ ലോകകപ്പിലെ തന്റെ നാലാം സെഞ്ച്വറി സ്വന്തമാക്കിയ രോഹിത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെയും മുൻ ഓസീസ് താരം മാർക് വോയുടെയും പേരിൽ ഉള്ള 3 സെഞ്ച്വറികൾ എന്ന റെക്കോർഡാണ് മറികടന്നത്. 2003 ലോകകപ്പിൽ ആയിരുന്നു സൗരവ് ഗാംഗുലി 3 സെഞ്ച്വറികൾ കുറിച്ചത്. 1999 ലോകകപ്പിൽ ആയിരുന്നു മാർക്ക് വോയുടെ പ്രകടനം.

ഈ ലോകകപ്പിൽ മിന്നും ഫോമിലുള്ള രോഹിത് ശർമ്മ ഓസ്‌ട്രേലിയ, പാകിസ്ഥാൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്ക് എതിരെയും സെഞ്ച്വറി നേടിയിരുന്നു. ബംഗ്ലാദേശിന് എതിരെ 104 റൺസ് നേടി പുറത്തായ രോഹിത് ലോകകപ്പിൽ ഇതുവരെ 544 റൺസ് നേടി ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

Exit mobile version