മഴയില്‍ മുങ്ങി സന്നാഹ മത്സരങ്ങള്‍

ഇന്ന് നടക്കാനിരുന്ന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ രണ്ടും മഴ മൂലം ഉപേക്ഷിച്ചു. ബ്രിസ്റ്റോളില്‍ ദക്ഷിണാഫ്രിക്കയും വിന്‍ഡീസും തമ്മിലുള്ള മത്സരവും കാര്‍ഡിഫില്‍ നടന്ന പാക്കിസ്ഥാന്‍ ബംഗ്ലാദേശ് മത്സരവും മഴയും മൂലം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇതില്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് മത്സരം ടോസ് പോലും നടക്കാതെയാണ് ഉപേക്ഷിക്കപ്പെട്ടത്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനോട് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നിരുന്നു. ഇതോടെ ബംഗ്ലാദേശിനെതിരെ മെച്ചപ്പെട്ട പ്രകടനവുമായി ലോകകപ്പിലേക്ക് ആത്മവിശ്വാസത്തോടെയെത്താമെന്ന പാക്കിസ്ഥാന്‍ പ്രതീക്ഷയാണ് തകര്‍ന്നത്.

അതേ സമയം ദക്ഷിണാഫ്രിക്ക വിന്‍ഡീസ് മത്സരത്തില്‍ ടോസ് നേടി വിന്‍ഡീസ് ദക്ഷിണാഫ്രിക്കയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. മത്സരം 12.4 ഓവറിലെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക 95 റണ്‍സ് നേടി നില്‍ക്കവെയാണ് മഴയെത്തി കളി മുടക്കിയത്. ഹാഷിം അംല 51 റണ്‍സും ക്വിന്റണ്‍ ഡി കോക്ക് 37 റണ്‍സും നേടിയാണ് പുറത്താകാതെ നിന്നത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ മികച്ച വിജയം നേടിയിരുന്നു.

Exit mobile version