ഇന്ത്യയോട് ഏറ്റ വൻ തോൽവിക്ക് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ മൊത്തമായും പുറത്താക്കി

ശ്രീലങ്കൻ കായിക മന്ത്രി റോഷൻ രണസിംഗെ, ടീമിന്റെ ലോകകപ്പ് പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ ക്രിക്കറ്റ് ബോർഡിനെ മൊത്തമായും പുറത്താക്കി. ഇന്ത്യയോട് ഏറ്റ വൻ പരാജയത്തിനു പിന്നാലെയാണ് തീരുമാനം. ഇന്ത്യയോട് 55 റണ്ണിന് ഓളൗട്ട് ആയതോടെ ശ്രീലങ്കയുടെ സെമി പ്രതീക്ഷകൾ അവസനിച്ചിരുന്നു.

മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗയെ ബോർഡിന്റെ ഇടക്കാല ചെയർമാനായി നിയമിച്ചിട്ടുണ്ട്. പുതുതായി രൂപീകരിച്ച ഏഴംഗ സമിതിയിൽ വിരമിച്ച സുപ്രീം കോടതി ജഡ്ജിയും മുൻ ബോർഡ് പ്രസിഡന്റും ഉൾപ്പെടുന്നു.

കായിക മന്ത്രി റോഷൻ രണസിംഗ ശ്രീലങ്ക ക്രിക്കറ്റ് ബോർഡിനെ ശക്തമായി വിമർശിച്ചു. ഭരണസമിതി അംഗങ്ങൾ ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീലങ്കൻ ക്രിക്കറ്റ് സെക്രട്ടറി മോഹൻ ഡി സിൽവ ശനിയാഴ്ച രാജിവച്ചിരുന്നു.

“ഇന്ത്യ മികച്ച ക്രിക്കറ്റ് കളിക്കുന്നതിനാലാണ് എല്ലാം ജയിക്കുന്നത്” – സൽമാൻ ബട്ട്

ഇന്ത്യക്ക് ഇന്ത്യയുടെ മേലെയുള്ള പ്രതീക്ഷകൾ സംരക്ഷിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ പാകിസ്താൻ താരം സൽമാൻ ബട്ട്. എല്ലാ മത്സരങ്ങളും വിജയിച്ചതോടെ ഇന്ത്യക്ക് മേൽ ആരാധകരുടെ വലിയ പ്രതീക്ഷ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. “അവരുടെ ആധിപത്യ പ്രകടനങ്ങൾ കാരണം ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾ ക്രമാതീതമായി വർദ്ധിച്ചു. ഒരു ലോകകപ്പിൽ അവരുടെ എല്ലാ മത്സരങ്ങളും ഇത്ര സമഗ്രമായി ജയിച്ചത് മുമ്പ് സംഭവിച്ചിട്ടില്ല‌. ഇന്ത്യക്ക് ഈ പ്രതീക്ഷകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”ബട്ട് പറഞ്ഞു.

“ഇന്ത്യ കളിക്കുന്നത് വ്യത്യസ്ത ഗ്രൗണ്ടിലാണ്. അവർ ഒരേ വേദിയിൽ രണ്ട് മത്സരങ്ങൾ കളിച്ചിട്ടില്ല. ചുവന്ന മണ്ണിലും കറുത്ത മണ്ണിലും അവർ മികച്ച പ്രകടനം കാഴ്ചവച്ചു. എല്ലാത്തരം സാഹചര്യങ്ങളിലും അവർ പ്രകടനം നടത്തിയിട്ടുണ്ട്. അവർ മികച്ച ക്രിക്കറ്റ് കളിക്കുന്നതിനാലാണ് അവർ എല്ലാം ജയിക്കുന്നത്,” ബട്ട് കൂട്ടിച്ചേർത്തു.

ലങ്ക!!! അസലങ്ക!!! അസലങ്കയുടെ സെഞ്ച്വറിയുടെ മികവിൽ ശ്രീലങ്കയ്ക്ക് 279 റൺസ്

ബംഗ്ലാദേശിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 279 റൺസാണ് നേടിയത്. 49.3 ഓവറിലാണ് ശ്രീലങ്ക ഓള്‍ഔട്ട് ആയത്. ഒരു ഘട്ടത്തിൽ 135/5 എന്ന നിലയിലായിരുന്ന ലങ്കയെ ചരിത് അസലങ്കയുടെ ബാറ്റിംഗ് മികവാണ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. പതും നിസ്സങ്ക, സദീര സമരവിക്രമ, ധനന്‍ജയ ഡി സിൽവയും പൊരുതി നിന്നു.

ആഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട് ആയി പുറത്താകുന്നതും മത്സരത്തിനിടെ സാക്ഷ്യം വഹിക്കുവാന്‍ ഏവര്‍ക്കുമായി. 108 റൺസ് നേടിയ ചരിത് അസലങ്കയാണ് ടീമിന്റെ ടോപ് സ്കോറര്‍. നിസ്സങ്കയും സമരവിക്രമയും 41 റൺസ് വീതം നേടിയപ്പോള്‍ ധനന്‍ജയ ഡി സിൽവ് 34 റൺസ് നേടി പുറത്തായി.

ആറാം വിക്കറ്റിൽ അസലങ്ക – ധനന്‍ജയ കൂട്ടുകെട്ട് നേടിയ 76 റൺസ് കൂട്ടുകെട്ടാണ് ലങ്കയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. 105 പന്തിൽ 108 റൺസ് നേടിയാണ് അസലങ്ക 49ാം ഓവറിലെ 4ാം പന്തിൽ പുറത്തായത്.

തന്‍സിം ഹസന്‍ ഷാക്കിബ്  ബംഗ്ലാദേശിനായി 3 വിക്കറ്റ് നേടി. ഷൊറിഫുള്‍ ഇസ്ലാം, ഷാക്കിബ് അൽ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

“കോഹ്ലി സെൽഫിഷ് ആണ്, പക്ഷെ അത് ടീം ജയിക്കണം എന്ന കാര്യത്തിൽ” ഹഫീസിന് മറുപടിയുമായി പ്രസാദ്

വിരാട് കോഹ്ലി സെൽഫിഷ് ആണെന്ന് വിമർശനങ്ങളെ പ്രതിരോധിച്ച് വെങ്കിടേഷ് പ്രസാദ് രംഗത്ത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്നലെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മാച്ച് വിന്നിംഗ് സെഞ്ചുറി നേടാൻ കോഹ്ലിക്ക് ആയിരുന്നു. എന്നാൽ കോഹ്ലി ടീമിനായല്ല സെഞ്ച്വറിക്ക് ആയാണ് കളിച്ചത് എന്ന് പാകിസ്താൻ താരം ഹഫീസ് വിമർശനം ഉയർത്തിയിരുന്നു. ഇതിനെതിരെ മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ വെങ്കിടേഷ് പ്രസാദ് ആഞ്ഞടിച്ചു.

“വിരാട് കോഹ്‌ലിയെക്കുറിച്ചുള്ള രസകരമായ വാദങ്ങൾ കേൾക്കുന്നു. അദ്ദേഹം സ്വാർത്ഥനാണെന്നും വ്യക്തിപരമായ നാഴികക്കല്ലുകളിൽ ആണ് ശ്രദ്ധ എന്നും. അതെ കോഹ്‌ലി സ്വാർത്ഥനാണ്, നൂറുകോടി ജനങ്ങളുടെ സ്വപ്നം പിന്തുടരാൻ തക്ക സ്വാർത്ഥനാണ്, ഇത്രയധികം നേട്ടങ്ങൾ നേടിയിട്ടും മികവിനായി പരിശ്രമിക്കാൻ തക്ക സ്വാർത്ഥനാണ്, പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ തക്ക സ്വാർത്ഥനാണ്, തന്റെ ടീമിന്റെ വിജയം ഉറപ്പാക്കാൻ തക്ക സ്വാർത്ഥനാണ്. അതെ, കോലി സ്വാർത്ഥനാണ്.” പ്രസാദ് ട്വിറ്ററിൽ ഇത്തിരി സർക്കാസത്തോടെ കുറിച്ചു.

ആഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട്!!!

ബംഗ്ലാദേശ് – ശ്രീലങ്ക ലോകകപ്പ് മത്സരത്തിനിടെ വിചിത്രമായ രീതിയിൽ പുറത്തായി ആഞ്ചലോ മാത്യൂസ്. ശ്രീലങ്കയുടെ നാലാം വിക്കറ്റ് നഷ്ടമായ ശേഷം ബാറ്റിംഗിന് ക്രീസിലെത്തിയ ആഞ്ചലോ മാത്യൂസ് ക്രീസില്‍ നിശ്ചിത സമയത്തിനുള്ളിൽ എത്തിയില്ലെന്ന് കാണിച്ച് ബംഗ്ലാദേശ് അപ്പീൽ ചെയ്യുകയും താരം ടൈംഡ് ഔട്ടാണെന്ന് വിധിക്കുകയുമായിരുന്നു.

തെറ്റായ ഹെൽമെറ്റ് എടുത്തെത്തിയ ആഞ്ചലോ മാത്യൂസിന് പകരം ഹെൽമെറ്റുമായി സബ്സ്റ്റിറ്റ്യൂട്ട് താരമെത്തിയെങ്കിലും സമയം കഴിഞ്ഞുവെന്ന് കാണിച്ചുള്ള ബംഗ്ലാദേശിന്റെ അപ്പീൽ താരത്തിന്റെ പുറത്താകലിന് കാരണമായി. 2 മിനുട്ടിനുള്ളിൽ ക്രീസിലെത്തി സ്ട്രൈക്ക് എടുക്കണമെന്നാണ് ക്രിക്കറ്റിലെ നിയമം.

എന്നാൽ നിശ്ചിത സമയത്ത് ക്രീസിലെത്തിയെങ്കിലും ഹെൽമെറ്റ് ശരിയാകാത്തതിനാല്‍ താരം സ്ട്രൈക്ക് എടുത്തിരുന്നില്ല.

ഇന്ത്യയുടെ ബാറ്റർമാർ ആഘോഷിക്കപ്പെടുന്നത് പോലെ ബൗളർമാരും ആഘോഷിക്കപ്പെടണമെന്ന് അക്തർ

ഇന്ത്യൻ ബൗളർമാർ ആഘോഷിക്കപ്പേടേണ്ടതുണ്ട് എന്ന് പാകിസ്താൻ പേസർ അക്തർ. ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ബൗളു കൊണ്ട് വൻ പ്രകടനം നടത്താൻ ഇന്ത്യക്ക് ആയിരുന്നു. ബൗളർമാർ മിന്നുന്ന പ്രകടനം നടത്തുന്നതിനാൽ അവർക്ക് അതിന്റെ ക്രെഡിറ്റ് പോകണം. അക്തറ്റ് പറഞ്ഞു. അടിസ്ഥാനപരമായി ബാറ്റർമാർക്ക് കിട്ടുന്നത് പോലെ എല്ലാ പ്രശംസയും ശ്രദ്ധയും ഇന്ത്യൻ പേസ് ബൗളർമാർക്കും ലഭിക്കണം. അക്തർ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ഫാസ്റ്റ് ബൗളിംഗ് ആഘോഷിക്കപ്പെടേണ്ട സമയമാണിത്, കാരണം കഴിഞ്ഞ മൂന്ന് നാല് മത്സരങ്ങളിൽ അവർ മികച്ച പ്രകടനം കാഴ്ചവച്ചു, അവർ വേറിട്ടുനിൽക്കുകയാണ്. അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“ദക്ഷിണാഫ്രിക്കയെ അവർ ചെയ്സിൽ ഉത്തരവാദിത്വം എടുക്കാത്തതിൽ ഞാൻ നിരാശനാണ്. അവർ ഇന്ത്യയുടെ മുന്നിൽ തളർന്നു. അവരുടെ നായകനായ ബാവുമ പേസർമാരെ ആക്രമിക്കാൻ പോലും ശ്രമിച്ചില്ല. അവൻ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമായിരുന്നു.”അദ്ദേഹം കൂട്ടിച്ചേർത്തു.

ആശ്വാസ ജയം തേടി ബംഗ്ലാദേശ്, ശ്രീലങ്കയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു

തുടര്‍ച്ചയായ ആറ് തോൽവികള്‍ക്ക് അവസാനം കുറിയ്ക്കുവാന്‍ ഇന്ന് ബംഗ്ലാദേശ് ലോകകപ്പിൽ ഇറങ്ങുന്നു. ഇന്ന് ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ ടീം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ ആദ്യ മത്സരത്തിൽ വിജയം നേടിയ ശേഷം പിന്നീട് ഒരു മത്സരത്തിലും ബംഗ്ലാദേശിന് വിജയം നേടുവാനായിട്ടില്ല.

അതേ സമയം ശ്രീലങ്കയുടെയും സ്ഥിതി മെച്ചമില്ല. ഇതുവരെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്. ബംഗ്ലാദേശ് നിരയിൽ മുസ്താഫിസുര്‍ റഹ്മാന് പകരം തന്‍സിം ഷാക്കിബ് ടീമിലെത്തുമ്പോള്‍ ശ്രീലങ്കയ്ക്കായി കുശൽ പെരേരയും ധനന്‍ജയ ഡി സിൽവയും ടീമിലേക്ക് എത്തുന്നു. ദിമുത് കരുണാരത്നേയും ഹേമന്തയും ആണ് ടീമിൽ നിന്ന് പുറത്ത് പോകുന്നത്.

ശ്രീലങ്ക: Pathum Nissanka, Kusal Perera, Kusal Mendis(w/c), Sadeera Samarawickrama, Charith Asalanka, Angelo Mathews, Dhananjaya de Silva, Maheesh Theekshana, Dushmantha Chameera, Kasun Rajitha, Dilshan Madushanka

ബംഗ്ലാദേശ്: Tanzid Hasan, Litton Das, Najmul Hossain Shanto, Mushfiqur Rahim(w), Mahmudullah, Shakib Al Hasan(c), Towhid Hridoy, Mehidy Hasan Miraz, Tanzim Hasan Sakib, Taskin Ahmed, Shoriful Islam

 

സമ്മർദ്ദത്തിലും ശാന്തനായ ക്യാപ്റ്റൻ ആണ് രോഹിത് ശർമ്മ എന്ന് സഹീർ ഖാൻ

ഇന്ത്യൻ ടീമിന്റെ നായകനെന്ന നിലയിൽ രോഹിത് ശർമ്മ നടത്തുന്ന പ്രകടനത്തെ പ്രശംസിച്ച് സഹീർ ഖാൻ. സമ്മർദത്തിൽ ശാന്തനാണ് രോഹിത് ശർമ്മ എന്ന് സഹീർ ഖാൻ പറഞ്ഞു. ഞായറാഴ്ച, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയെ 243 റൺസിന് ഇന്ത്യ തോൽപ്പിച്ചിരുന്നു. അതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു മുൻ ഇന്ത്യൻ പേസർ.

“തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് രോഹിത്. അത് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് വളരെ പ്രധാനമാണ്. എല്ലാ കളിക്കാരുമായി സമയം ചെലവഴിക്കാനും സപ്പോർട്ട് സ്റ്റാഫുകളോടും കളിക്കാരോടും സംസാരിക്കാനും വിവിധ സാഹചര്യങ്ങൾ ചർച്ച ചെയ്യാനും അവൻ ഇഷ്ടപ്പെടുന്നു. അവൻ ഗെയിമിനെ എങ്ങനെ സമീപിക്കുന്നു എന്നതിന്റെ മുഖമുദ്ര അതാണ്” സഹീർ ക്രിസ്ബസിനോട് പറഞ്ഞു.

“സമ്മർദത്തിനു കീഴിലും അവൻ വളരെ ശാന്തനാണ് എന്നതാണ് എനിക്ക് അവനെക്കുറിച്ച് ഇഷ്ടം. അവൻ ചില സമയങ്ങളിൽ ആനിമേറ്റഡ് ആയി കണ്ടേക്കാം, എന്നാൽ അതിനർത്ഥം അയാൾക്ക് സമ്മർദ്ദം അനുഭവപ്പെടുന്നു എന്നല്ല. തീരുമാനങ്ങൾ എടുക്കുമ്പോൾ അദ്ദേഹം വളരെ ശാന്തനാണ്, ” സഹീർ പറഞ്ഞു.

“അദ്ദേഹം ട്രോഫികൾ നേടുന്നു, അത് അദ്ദേഹത്തിന് സ്വാഭാവികമായി വരുന്ന ഒന്നാണ്, ടൂർണമെന്റുകൾ ജയിപ്പിക്കാൻ അവനറിയാം.”സഹീർ കൂട്ടിച്ചേർത്തു.

“വിരാട് കോഹ്ലി സെൽഫിഷ് ആയിരുന്നു, സെഞ്ച്വറിക്ക് ആയി കളിച്ചു, ടീമിനായല്ല” – ഹഫീസ്

ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റെക്കോർഡ് നോട്ടത്തിൽ എത്തിയ വിരാട് കോഹ്ലിയെ വിമർശിച്ച് മുൻ പാകിസ്താൻ താരം മുഹമ്മദ് ഹഫീസ്. കോഹ്ലി സെൽഫിഷ് ആയാണ് കളിച്ചത് എന്നും ടീമിനായല്ല സ്വന്തം സെഞ്ച്വറിക്ക് ആയാണ് കോഹ്ലി കളിച്ചത് എന്നും ഹഫീസ് പറഞ്ഞു.

“വിരാട് കോഹ്‌ലിയുടെ ബാറ്റിംഗിൽ ഞാൻ സ്വാർത്ഥത കണ്ടു, ഈ ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് കോഹ്ലി ഇങ്ങനെ സെഞ്ച്വറിക്ക് വേണ്ടി കളിക്കുന്നത്. 49-ാം ഓവറിൽ, സ്വന്തം സെഞ്ചുറിയിലെത്താൻ അദ്ദേഹം സിംഗിൾ എടുക്കാൻ നോക്കി, ടീമിനായി കളിച്ചില്ല,” ‘ടോപ്പ് ക്രിക്കറ്റ് അനാലിസിസ്’ എന്ന ക്രിക്കറ്റ് ഷോയിൽ ഹഫീസ് പറഞ്ഞു

“രോഹിത് ശർമ്മയ്ക്കും സ്വാർത്ഥ ക്രിക്കറ്റ് കളിക്കാമായിരുന്നു, പക്ഷേ അദ്ദേഹം കളിച്ചില്ല കാരണം അദ്ദേഹം ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത്, തനിക്കുവേണ്ടിയല്ല, നിങ്ങളുടെ ക്യാപ്റ്റനും കോഹ്ലിയെ പോലെ കളിക്കാൻ കഴിയും, പക്ഷേ അവന്റെ ലക്ഷ്യം അവന്റെ വ്യക്തിപരമായ നേട്ടത്തേക്കാൾ വലുതാണ്. രോഹിത്തിനും സെഞ്ചുറികൾ നേടാനാകും.” ഹഫീസ് കോഹ്ലിയെ വിമർശിച്ചു.

“വിരാട് നന്നായി കളിച്ചില്ലെന്ന് ഞാൻ പറയുന്നില്ല. 97ൽ എത്തുന്നതുവരെ അദ്ദേഹം മനോഹരമായി ബാറ്റ് ചെയ്തു. അവസാനത്തെ മൂന്ന് സിംഗിൾസ്, അദ്ദേഹം എടുത്തത്. ബൗണ്ടറികൾ അടിക്കുന്നതിന് പകരം അദ്ദേഹം സിംഗിളുകൾക്കായി തിരയുകയായിരുന്നു. അവൻ 97-ലും 99-ലും പുറത്തായാൽ ആർക്കാണ് പ്രശ്‌നം. ടീം എല്ലായ്പ്പോഴും മുകളിലായിരിക്കണം.” ഹഫീസ് കൂട്ടിച്ചേർത്തു.

വിരാട് കോഹ്ലിക്ക് സ്വർണ്ണ ബാറ്റ് സമ്മാനിച്ച് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ

ഇന്നലെ തന്റെ ജന്മദിനം സെഞ്ച്വറിയുമായി ആഘോഷിച്ച വിരാട് കോഹ്ലിക്ക് സ്വർണ്ണ ബാറ്റ് സമ്മാനമായി ലഭിച്ചു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ച് ഇന്നലെ മത്സര ശേഷം ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) ആണ് അദ്ദേഹത്തിന്റെ 35-ാം ജന്മദിനത്തിൽ കോഹ്ലിക്ക് സ്വർണ്ണ ബാറ്റ് സമ്മാനിച്ചത്. കോഹ്‌ലി സച്ചിന്റെ 49-ാം ഏകദിന സെഞ്ച്വറി റെക്കോർഡിനൊപ്പം ഇന്നലെ എത്തി.

ഇന്ത്യൻ ഇതിഹാസ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ സഹോദരനും സിഎബി പ്രസിഡന്റുമായ സ്നേഹാശിഷ് ​​ഗാംഗുലിയാണ് കോലിക്ക് സ്വർണ്ണ ബാറ്റ് സമ്മാനിച്ചത്. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ഗ്രൗണ്ടിൽ കോലി പിറന്നാൾ കേക്കും മുറിച്ചു. അദ്ദേഹം ഗ്രൗണ്ട് സ്റ്റാഫിനോടും ഇന്നലെ നന്ദി പറഞ്ഞു.

ഇന്ത്യ തോൽവി അറിയാതെ കിരീടം നേടും എന്ന് മുഹമ്മദ് യൂസുഫ്

ഇന്ത്യ തോൽവിയറിയാതെ ഈ ലോകകപ്പ് നേടും എന്ന് മുൻ പാകിസ്ഥാൻ ബാറ്റർ മുഹമ്മദ് യൂസഫ്. ഇന്നലെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തതോടെയാണ് മുഹമ്മദ് യൂസുഫ് ഇന്ത്യ തന്നെ കപ്പ് ഉയർത്തും എന്ന് പറഞ്ഞത്.

“മത്സരത്തിന് മുമ്പ്, രണ്ട് മുൻനിര ടീമുകൾ തമ്മിലുള്ള അടുത്ത മത്സരം ആണ് നടക്കുക എന്ന് ഇന്നലെ തോന്നിയിരുന്നു. എന്നാൽ ഈ മത്സരത്തിന് ശേഷം ഒരു ടീം മാത്രമാണ് ടൂർണമെന്റിൽ മുന്നിലുള്ളത് എന്ന് വ്യക്തമാണ്.” അദ്ദേഹം പറഞ്ഞു.

“ഇന്ത്യ ആണ് ഫേവറിറ്റ്സ്, അവർക്ക് മികച്ച ബാറ്റർമാരും ബൗളർമാരും ഉണ്ട്. അവരുടെ ഫീൽഡിംഗും മികച്ചതാണ്, അവർ ഒരു യൂണിറ്റായി കളിക്കുന്നു, ”യൂസഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, പരിശ്രമവും കഠിനാധ്വാനവും ചെയ്യുന്നു. രാഹുൽ ദ്രാവിഡിന്റെ സംഭാവനകളും ആരും മറക്കരുത്. ദ്രാവിഡ് ടീമിനെ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിച്ചു. ടീമിനെ മുഴുവൻ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നത് ദ്രാവിഡും രോഹിത് ശർമ്മയും തമ്മിലുള്ള മനോഹരമായ കെമിസ്ട്രി കൊണ്ടാണ്.” യൂസുഫ് പറഞ്ഞു.

“ടൂർണമെന്റിൽ ഇന്ത്യ ഒരു മത്സരവും തോൽക്കുമെന്ന് ഞാൻ കരുതുന്നില്ല. അവർക്ക് തോൽക്കാൻ നിർഭാഗ്യം വേണം. അവരുടെ ടീമിൽ ഒരു ദൗർബല്യവുമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

കോഹ്ലിക്ക് 35ആം പിറന്നാളിലും 25കാരന്റെ ഫിറ്റ്നസ് ആണെന്ന് ഷൊഹൈബ് മാലിക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയെ പ്രശംസിച്ച് പാകിസ്താൻ താരം ഷോയിബ് മാലിക്. കോഹ്ലി കരിയറിൽ താൻ ചെയ്യുന്ന പ്രയത്‌നവും ഫിറ്റ്‌നസ് ലെവലും നോക്കുമ്പോൾ കോഹ്‌ലി 25 വയസ്സുകാരനാണെന്ന് തോന്നുന്നുവെന്ന് മാലിക് പറഞ്ഞു.

“കോഹ്‌ലിയെ അഭിനന്ദിക്കാൻ വാക്കുകൾ പോരാ. സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിന് ഒപ്പമെത്തിയത് അദ്ദേഹമാണെന്നതിൽ എനിക്ക് സംശയമില്ല. എന്നാൽ രസകരമായ ഒരു കാര്യം കൂടിയുണ്ട്, കോഹ്ലിയുടെ സെഞ്ച്വറികൾ തന്റെ ടീമിനെ മത്സരങ്ങൾ വിജയിപ്പിക്കുന്നു. അതാണ് പ്രധാനം,” എ സ്പോർട്സിൽ മാലിക് പറഞ്ഞു.

“സെഞ്ച്വറി എന്നത് ഒരു വലിയ ഇടപാടാണ്; അതിന്റെ ക്രെഡിറ്റ് നൽകണം. പക്ഷേ അതിനൊപ്പം കളി ജയിച്ചാൽ അതിനപ്പുറം ഒന്നുമില്ല. വിരാട് സാഹചര്യങ്ങളെ നന്നായി വിലയിരുത്തുന്നു എന്നതാണ് മറ്റൊരു രസകരമായ കാര്യം.”അദ്ദേഹം പറഞ്ഞു.

“അവന്റെ ശാരീരിക ക്ഷമത വേറെ ലെവലാണ്. ഇന്ന് അദ്ദേഹം തന്റെ 35-ാം ജന്മദിനം ആഘോഷിച്ചു, പക്ഷേ വിക്കറ്റുകൾക്കിടയിൽ ഓടുമ്പോൾ അയാൾക്ക് 25 വയസ്സുള്ളതായി തോന്നുന്നു. അതിനാൽ, ശാരീരിക ക്ഷമത വളരെ പ്രധാനമാണ്, കാരണം അത് നിങ്ങളെ കോഹ്‌ലിയെപ്പോലെ സ്ഥിരതയുള്ളവരാക്കുന്നു. 50 ഓവർ ഫീൽഡിംഗ് കഴിഞ്ഞ് അദ്ദേഹം ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത് നിങ്ങൾ കാണുന്നു.” മാലിക് തുടർന്നു.

“അവനിൽ ഒരു വ്യത്യാസവുമില്ല. കൂടാതെ ഹോട്ട് സ്പോട്ടുകളിലും അവൻ ഫീൽഡ് ചെയ്യുന്നു. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ അദ്ദേഹം എപ്പോഴും അവിടെയുണ്ട്” മാലിക് കൂട്ടിച്ചേർത്തു.

Exit mobile version