ഒറ്റയാന്‍ മാക്സ്വെൽ!!! അഫ്ഗാന്‍ മോഹങ്ങളെ തകര്‍ത്തെറിഞ്ഞ് ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഇരട്ട ശതകം

ലോകകപ്പിലെ അട്ടിമറികള്‍ തുടരുകയെന്ന അഫ്ഗാനിസ്ഥാന്‍ മോഹങ്ങളെ തച്ചുതകര്‍ത്ത് ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെൽ. 292 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയെ 91/7 എന്ന നിലയിലേക്ക് ഒതുക്കുവാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചുവെങ്കിലും പിന്നീട് കണ്ടത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സ് ആയിരുന്നു.

46.5 ഓവറിൽ ഓസ്ട്രേലിയയുടെ വിജയം മാക്സ്വെൽ ഉറപ്പാക്കുമ്പോള്‍ താരം 128 പന്തിൽ പുറത്താകാതെ 201 റൺസാണ് നേടിയത്. 21 ബൗണ്ടറിയും പത്ത് സിക്സും അടങ്ങിയതായിരുന്നു മാക്സ്വെല്ലിന്റെ താണ്ഡവം. മറുവശത്ത് 68 പന്തിൽ വെറും 12 റൺസ് നേടി പാറ്റ് കമ്മിന്‍സ് ഒരു വശം കാത്ത് നിര്‍ണ്ണായക ചെറുത്ത്നില്പുയര്‍ത്തി. ക്രാംപ്സിനെ അതിജീവിച്ച് മാക്സ്വെൽ വിജയം കുറിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്റെ സെമി മോഹങ്ങളാണ് താരം തച്ചുടച്ചത്.

ഗ്ലെന്‍ മാക്സ്വെല്ലിന്റെ ക്യാച്ച് താരത്തിന്റെ സ്കോര്‍ 33ൽ നിൽക്കുമ്പോള്‍ മുജീബ് വിട്ടത് അഫ്ഗാന് തിരിച്ചടിയായി മാറി.  പിന്നീട് കൗണ്ടര്‍ അറ്റാക്കിംഗിലൂടെ മാക്സ്വെൽ മത്സരം മാറ്റി മറിയ്ക്കുന്നതാണ് കണ്ടത്. അതിവേഗത്തിൽ സ്കോറിംഗ് നടത്തിയ താരം അഫ്ഗാന്‍ ക്യാമ്പിൽ ഭീതി പരത്തി.

76 പന്തിൽ നിന്ന് തന്റെ ശതകം മാക്സ്വെൽ പൂര്‍ത്തിയാക്കിയപ്പോള്‍ പാറ്റ് കമ്മിന്‍സ് റിസ്ക് ഇല്ലാതെ മറുവശത്ത് നിലയുറപ്പിക്കുയായിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാര്‍ക്കാര്‍ക്കും തന്നെ മാക്സ്വെല്ലിനെ കീഴടക്കാന്‍ സാധിക്കാതെ പോയപ്പോള്‍ പരിക്ക് താരത്തിന് ഭീഷണിയായി വന്നു.

എന്നാൽ അതിനെയും അതിജീവിച്ച് മാക്സ്വെൽ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സും ചേസിംഗും ആരാധകര്‍ക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

202 റൺസാണ് മാക്സ്വെല്ലും പാറ്റ് കമ്മിന്‍സും എട്ടാം വിക്കറ്റിൽ നേടിയത്. അതിൽ 12 റൺസ് മാത്രമായിരുന്നു കമ്മിന്‍സിന്റെ സംഭാവന. അഫ്ഗാനിസ്ഥാനായി നവീന്‍ ഉള്‍ ഹക്ക്, അസ്മത്തുള്ള ഒമര്‍സായി, റഷീദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഷാകിബിന് പകരം അനമുൽ ഹഖ് ബംഗ്ലാദേശ് ടീമിൽ

വിരലിന് പരിക്കേറ്റതിനാൽ ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനു പകരക്കാരനായി അനമുൽ ഹഖ് ബിജോയിയെ ബംഗ്ലാദേശ് ടീമിൽ എത്തിച്ചു. ബംഗ്ലാദേശിന്റെ അഭ്യർത്ഥന 2023 ഐസിസി ലോകകപ്പിന്റെ ഇവന്റ് ടെക്‌നിക്കൽ കമ്മിറ്റി അംഗീകരിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ അവസാന ലീഗ് മത്സരത്തിൽ ഷാകിബ് കളിക്കില്ല എന്ന് ഉറപ്പായിരുന്നു‌. തിങ്കളാഴ്ച ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെയിൽ ആയിരുന്നു ഷാക്കിബിന് പരിക്കേറ്റത്‌. അദ്ദേഹത്തിന്റെ എക്സ്-റേയിൽ വിരലിന് ഒടിവ് കണ്ടെത്തി. തിരികെ കളത്തിൽ എത്താൻ മൂന്നോ നാലോ ആഴ്ചയാകുമെന്ന് കണക്കാക്കപ്പെടുന്നു. അദ്ദേഹം ഇന്ന് ബംഗ്ലാദേശിലേക്ക് പോകും. ഓസ്ട്രേലിയക്ക് എതിരെയുള്ള അവസാന മത്സരം ജയിച്ചാൽ മാത്രമെ ബംഗ്ലാദേശിന് ചാമ്പ്യൻസ് ട്രോഫി യോഗ്യത ലഭിക്കൂ.

ലോകകപ്പിൽ ശതകം നേടുന്ന ആദ്യ അഫ്ഗാന്‍ താരമായി സദ്രാന്‍ , ഓസ്ട്രേലിയയ്ക്കെതിരെ 291 റൺസ് നേടി അഫ്ഗാനിസ്ഥാന്‍

ലോകകപ്പിൽ നിര്‍ണ്ണായക മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ ഓസ്ട്രേലിയയ്ക്കെതിരെ 291 റൺസ് നേടി. ഇബ്രാഹിം സദ്രാന്‍ നേടിയ 129 റൺസിന്റെ ബലത്തിലാണ് അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ നേടിയത്. 18 പന്തിൽ 35 റൺസ് നേടി റഷീദ് ഖാനും അവസാന ഓവറുകളിൽ സ്കോറിംഗിന് വേഗത നൽകി.

റഹ്മത് ഷാ (30) ആണ് മറ്റൊരു പ്രധാന സ്കോറര്‍. ഹഷ്മത്തുള്ള ഷഹീദി(26), അസ്മത്തുള്ള ഒമര്‍സായി(22), റഹ്മാനുള്ള ഗുര്‍ബാസ്(21) എന്നിവരും പൊരുതി നോക്കി. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹാസൽവുഡ് രണ്ട് വിക്കറ്റ് നേടി.

ഓസ്ട്രേലിയക്ക് എതിരായ മത്സരത്തിൽ ഷാകിബ് കളിക്കില്ല

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ അവസാന ലീഗ് മത്സരത്തിൽ ഷാകിബ് കളിക്കില്ല. ഷാക്കിബ് അൽ ഹസന് വിരലിന് പൊട്ടൽ കാരണം കളിക്കാൻ ആകില്ല എന്ന് ടീം അറിയിച്ചു‌. തിങ്കളാഴ്ച ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെയിൽ ആയിരുന്നു ഷാക്കിബിന് പരികേറ്റത്‌. വേദനസംഹാരികൾ കഴിച്ച് ആയിരുന്നു അദ്ദേഹം ബാറ്റിംഗ് തുടർന്നത്‌.

അദ്ദേഹം 65 പന്തിൽ 12 ഫോറും രണ്ട് സിക്സും സഹിതം 82 റൺസ് നേടിയി പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു. അദ്ദേഹത്തിന്റെ എക്സ്-റേയിൽ വിരലിന് ഒടിവ് കണ്ടെത്തി. തിരികെ കളത്തിൽ എത്താൻ മൂന്നോ നാലോ ആഴ്ചയാകുമെന്ന് കണക്കാക്കപ്പെടുന്നു. അദ്ദേഹം ഇന്ന് ബംഗ്ലാദേശിലേക്ക് പോകും. ഓസ്ട്രേലിയക്ക് എതിരെയുള്ള അവസാന മത്സരം ജയിച്ചാൽ മാത്രമെ ബംഗ്ലാദേശിന് ചാമ്പ്യൻസ് ട്രോഫി യോഗ്യത ലഭിക്കൂ.

ചരിത്രത്തിൽ ആദ്യമായി അഫ്ഗാനിസ്താൻ ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടി

2025ൽ നടക്കുന്ന ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്താനും ഉണ്ടാകും. ഇന്നലെ ശ്രീലങ്ക ബംഗ്ലാദേശിനോട് പരാജയപ്പെട്ടതോടെയാണ് അഫ്ഗാൻ ചാമ്പ്യൻസ് ട്രോഫി യോഗ്യത നേടിയത്‌. അവരുടെ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് അഫ്ഗാനിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി യോഗ്യത നേടുന്നത്. ചാമ്പ്യൻസ് ട്രോഫിയുടെ 2025 പതിപ്പ് പാകിസ്ഥാനിൽ ആകും നടക്കുക ‌ ആതിഥേയരെ ഒഴികെ, 2023 ലോകകപ്പിലെ മികച്ച 7 ടീമുകളും ടൂർണമെന്റിൽ കളിക്കാൻ യോഗ്യത നേടും.

ഈ ലോകകപ്പിൽ ഇതുവരെ മുൻ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്, പാകിസ്ഥാൻ, ശ്രീലങ്ക, പിന്നെ നെതർലന്റ്സ് എന്നിവരെ തോൽപ്പിച്ച് ആറാം സ്ഥാനത്ത് നിൽക്കുകയാണ് അഫ്ഗാൻ. അവർക്ക് ഇപ്പോഴും സെമി പ്രതീക്ഷയും ഉണ്ട്. അഫ്ഗാനിസ്ഥാൻ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്‌.

ഹഫീസ് കോഹ്ലിയെ കുറിച്ച് പറഞ്ഞത് തീർത്തും അസംബന്ധം ആണെന്ന് മൈക്കിൾ വോൺ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയതിന് ശേഷം വിരാട് കോഹ്ലിയെ സെൽഫിഷ് എന്ന് ഹഫീസ് വിളിച്ചത് വലിയ വിവാദമായിരുന്നു. ഈ വിഷയത്തിൽ മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ മുഹമ്മദ് ഹഫീസിനെതിരെ ആഞ്ഞടിച്ചു. ഹഫീസിന്റെ അഭിപ്രായങ്ങൾ ‘തീർത്തും അസംബന്ധം’ ആൺ എന്ന് വിളിച്ച വോൺ എക്സിൽ കുറിച്ചു. ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പിച്ചിൽ ഉത്തരവാദിത്തത്തോടെ കളിക്കുകയാണ് കോഹ്‌ലി ചെയ്തത് എന്ന് വോൺ പറഞ്ഞു.

“ഹഫീസ്, മികച്ച ക്രിക്കറ്റ് കളിച്ച് 8 ടീമുകളെ ഇന്ത്യ തകർത്തിട്ടുണ്ട്. കോഹ്ലിക്ക് 49 സെഞ്ച്വറികൾ ഉണ്ട്. പ്രയാസമുള്ള പിച്ചിൽ ടീമിന്റെ ബാറ്റിങിനെ നയിക്കുന്ന ഇന്നിംഗ്സ് ആണ് കോഹ്ലി കളിച്ചത്‌. അദ്ദേഹത്തിന്റെ ടീം 200നു മുകളിൽ റൺസിന് വിജയിക്കുകയും ചെയ്തു. നിങ്ങൾ പറഞ്ഞത് തീർത്തും അസംബന്ധമാണ്.” – വോൺ എക്സിൽ കുറിച്ചു‌

ശരിയോ തെറ്റോ എന്ന ചര്‍ച്ചയുണ്ടാവും, പക്ഷേ നിയമത്തിലുള്ള കാര്യമാണെങ്കിൽ ശ്രമിച്ച് നോക്കുന്നതിൽ തെറ്റില്ല – ഷാക്കിബ് അൽ ഹസന്‍

ആഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട് ആയതിന് കാരണം ബംഗ്ലാദേശിന്റെ അപ്പീൽ ആയിരുന്നു. ആ അപ്പീൽ പിന്‍വലിക്കുവാന്‍ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അൽ ഹസന്‍ തയ്യാറായിരുന്നുവെങ്കിൽ താരത്തിന് പുറത്താകൽ ഒഴിവാക്കാമായിരുന്നു. എന്നാൽ താന്‍ ചെയ്തത് ക്രിക്കറ്റ് നിയമങ്ങളിൽ പരാമര്‍ശിച്ചിട്ടുള്ള കാര്യം മാത്രമാണെന്നും അതിനാൽ തന്നെ ശരിയോ തെറ്റോ എന്ന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തന്നെ അത് ബാധിക്കുന്നില്ലെന്നും ബംഗ്ലാദേശ് നായകന്‍ കൂട്ടിചേര്‍ത്തു.

താന്‍ ചെയ്തത് തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുവാനായി നിയമത്തിലുള്ള കാര്യം മാത്രമാണെന്നും ഷാക്കിബ് വ്യക്തമാക്കി. മാത്യൂസ് സ്ട്രൈക്ക് എടുക്കുവാനുള്ള സമയം കഴിഞ്ഞുവെന്നും ഇപ്പോള്‍ അപ്പീൽ ചെയ്താൽ വിക്കറ്റ് ലഭിയ്ക്കുമെന്ന് തന്റെ ടീമംഗമാണ് പറഞ്ഞതെന്നും താന്‍ അപ്പീൽ ചെയ്തപ്പോള്‍ അമ്പയര്‍മാര്‍ താന്‍ അപ്പീലുമായി തുടരുന്നുണ്ടോ എന്നാണ് ചോദിച്ചതെന്നും താന്‍ ശരിയെന്ന് തോന്നിയ നിയമപ്രകാരം ശരിയായ കാര്യമാണ് ചെയ്തതെന്നും ഷാക്കിബ് പറഞ്ഞു.

ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യറിനെക്കാൾ നന്നായി സ്പിൻ കളിക്കുന്ന ആരുമില്ല എന്ന് കെയ്ഫ്

ശ്രേയസ് അയ്യരെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഈ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച സ്പിൻ കളിക്കാരനാണ് അയ്യർ എന്നും മധ്യ ഓവറുകളിൽ നന്നായി സ്പിൻ കളിക്കുന്നതാണ് അദ്ദേഹത്തിന്റെ ശക്തിയെന്നും കെയ്ഫ് കൂട്ടിച്ചേർത്തു. കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 87 പന്തിൽ ഏഴ് ബൗണ്ടറിയും രണ്ട് സിക്സും സഹിതം 77 റൺസ് നേടാൻ അയ്യറിനായിരുന്നു.

“അദ്ദേഹം അസാധാരണമായി സ്പിൻ കളിക്കുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം ഐപിഎല്ലിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ, ഈ ടീമിൽ അവനെക്കാൾ നന്നായി ആരും സ്പിൻ കളിക്കുന്നില്ല, കാരണം അവൻ സിംഗിളും ഡബിൾസും എടുക്കുകയും സിക്സറുകൾ അടിക്കുകയും ചെയ്യുന്നു. വാങ്കഡെയിൽ നടന്ന അവസാന മത്സരത്തിൽ അദ്ദേഹം 106 മീറ്റർ സിക്‌സ് അടിച്ചു” ശ്രേയസ്

“മധ്യ ഓവറുകളിൽ, ഡോട്ട് ബോളുകൾ ഉപയോഗിച്ച് സ്പിൻ സമ്മർദ്ദം സൃഷ്ടിക്കുമ്പോൾ, അവൻ അവിടെ ബൗണ്ടറികൾ കണ്ടെത്തുന്നു, അതാണ് അവന്റെ ശക്തി,” കൈഫ് പറഞ്ഞു.

“അദ്ദേഹം വിരാടിന് ബാറ്റിംഗ് അൽപ്പം എളുപ്പമാക്കി, കാരണം മധ്യനിരയിൽ കോഹ്ലിക്ക് ബൗണ്ടറികൾ ലഭിക്കാതിരുന്നപ്പോൾ ശ്രേയസ് അയ്യർ അവിടെ ബൗണ്ടറികൾ അടിക്കുകയായിരുന്നു. അതിനാൽ വിരാടിന്റെ ബാറ്റിംഗിലെ സമ്മർദ്ദം ചെറുതായി ഒഴിവായി” കൈഫ് പറഞ്ഞു.

ഇന്ത്യയുടേതാണ് ഏതു പിച്ചിലെയും മികച്ച ബൗളിംഗ് അറ്റാക്ക് എന്ന് രവി ശാസ്ത്രി

ഈ ലോകകപ്പിലെ ഇന്ത്യൻ ബൗളിംഗ് അറ്റാക്ക് എല്ലാ തലത്തിലും ഏറ്റവും മികച്ച ബൗളിംഗ് അറ്റാക്ക് ആണെന്ന് രവി ശാസ്ത്രി. ഏത് പിച്ചിലും ഇന്ത്യക്ക് ആണ് ഏറ്റവും നല്ല ബൗളിംഗ് അറ്റാക്ക് ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു.

“ഇത് മികച്ച ഓൾറൗണ്ട് ബൗളിംഗ് ആക്രമണമാണ്. ഈ സാഹചര്യങ്ങളിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സാഹചര്യങ്ങളിലും ഇന്ത്യയുടേത് മികച്ച ബൗളിംഗ് അറ്റാക്ക് ആണ്” ശാസ്ത്രി പറഞ്ഞു.

ഇന്ത്യയുടെ അഞ്ച് പ്രധാന ഇന്ത്യൻ ബൗളർമാരും
ഈ ലോകകപ്പിൽ പത്തോ അതിലധികമോ വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇതാദ്യമായാണ് ഇങ്ങനെ ഒന്ന് നടക്കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് യൂണിറ്റ് ആണ് ഇത് എന്ന് ഗംഭീറും പറഞ്ഞു.

“ഇത് ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളിംഗ് ആക്രമണമാണ്. നിങ്ങൾ സഹീർ ഖാനെ കൂടെ ഇതിനൊപ്പം ചേർത്താൽ, ഇത് ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളിംഗ് ആക്രമണമായിരിക്കും,” ഗൗതം ഗംഭീർ പറഞ്ഞു.

തന്റെ 15 വർഷത്തെ കരിയറിൽ ഇത്രയും തരംതാഴ്ന്ന ഒരു എതിർ ടീമിനെ കണ്ടിട്ടില്ലെന്ന് ആഞ്ചലോ മാത്യൂസ്

ഏകദിന ലോകപ്പിലെ വിവാദ മത്സരത്തിനു ശേഷം സംസാരിച്ച ആഞ്ചലോ മാത്യൂസ് ബംഗ്ലാദേശിന് എതിരെ ആഞ്ഞടിച്ചു. ഇത്രയും തരംതാഴ്ന്ന ഒരു എതിരാളികളെ താൻ തന്റെ കരിയറിൽ കണ്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് ആഞ്ചലോ മാത്യൂസിനെ ടൈം ഔട്ടിൽ ഔട്ട് ആക്കിയിരുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായിരുന്നു ഇങ്ങനെ ഒരു സംഭവം.

മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ആണ് ആഞ്ചലോ മാത്യൂസ് ബംഗ്ലാദേശിനെതിരെ ആഞ്ഞടിച്ചത്. ഈ പ്രവർത്തി അപമാനകരം ആണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്, വേറെ ഒരു ടീമും ഇത് ചെയ്യില്ല. അദ്ദേഹം പറഞ്ഞു.

“ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ക്രീസിലെത്തി സ്വയം ഒരുങ്ങാൻ എനിക്ക് രണ്ട് മിനിറ്റ് സമയമുണ്ടായിരുന്നു, അത് ഞാൻ ചെയ്തു. തുടർന്ന് ഉണ്ടായത് അത് ഹെൽമറ്റ് തകരാറായിരുന്നു,” മാത്യൂസ് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

“സാമാന്യബുദ്ധി എവിടെ പോയി എന്ന് എനിക്കറിയില്ല, കാരണം വ്യക്തമായും ഷാക്കിബിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഉണ്ടായ പ്രവർത്തി അപമാനകരമാണ്, അവർ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതല്ല ചെയ്യുക – രണ്ട് മിനിറ്റിനുള്ളിൽ നിങ്ങൾ തയ്യാറാകണമെന്ന് നിയമത്തിൽ പറയുന്നു. തനിക്ക് ഇനിയും സമയം ഉണ്ടായിരുന്നു” മാത്യൂസ് ആഞ്ഞടിച്ചു.

“എനിക്ക് ഷാകിബിനോടും ബംഗ്ലാദേശ് ടീമിനോടും അങ്ങേയറ്റം ബഹുമാനമുണ്ടായിരുന്നു. വ്യക്തമായും, നിങ്ങൾ എല്ലാവരും ജയിക്കാൻ വേണ്ടി കളിക്കുന്നു. അത് നിയമത്തിനുള്ളിൽ ആണെങ്കിൽ, അത് ശരിയാണ്. എന്നാൽ നിയമം വ്യക്തമായി പറയുന്നു, ഇന്നത്തെ സംഭവത്തിൽ, രണ്ട് മിനിറ്റിനുള്ളിൽ ഞാൻ അവിടെ എത്തി. വീഡിയോ തെളിവുകൾ ഉണ്ട്,ഞാൻ തെളിവോടെയാണ് സംസാരിക്കുന്നത്,” സംഭവത്തെക്കുറിച്ച് മാത്യൂസ് പറഞ്ഞു.

മോശം ഫോമിലൂടെ കടന്നു പോയപ്പോൾ ഈഗോ ഉപേക്ഷിക്കാൻ കോഹ്ലിക്ക് ആയി എന്ന് രവി ശാസ്ത്രി

വിരാട് കോഹ്ലി അദ്ദേഹത്തിന്റെ മോശം ഘട്ടത്തിലൂടെ കടന്നു പോയത് അദ്ദേഹത്തിന്റെ ഈഗോ കളയാൻ അദ്ദേഹത്തെ സഹായിച്ചു എന്ന് രവി ശാസ്ത്രി. “ഈ ഗെയിം നിങ്ങളിൽ വിനീതമായ സ്വാധീനം ചെലുത്തുന്നുവെന്ന് നിങ്ങൾക്കറിയാം. ഇത് നിങ്ങളെ ഒരുപാട് പഠിപ്പിക്കുന്നു. നിങ്ങളുടെ സ്വഭാവം കെട്ടിപ്പടുക്കുന്നതിന് പുറമെ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാൻ കഴിയുന്ന നിരവധി ഗുണങ്ങൾ ഇത് നിങ്ങളെ പഠിപ്പിക്കുന്നു.” രവി ശാസ്ത്രി പറഞ്ഞു.

“മോശം സമയത്തിലൂടെ കടന്നു പോയത് അവന് അവന്റെ ഈഗോ കുഴിച്ചുമൂടാൻ സഹായകമായി. വിരാട് കോഹ്‌ലി മികച്ച റണ്ണിൽ ആയിരുന്നു, ഓരോ ദിവസവും ഒരു പുതിയ ടീ ഷർട്ട് വാങ്ങാൻ പോകും എന്ന മട്ടിൽ സെഞ്ച്വറി നേടുകയായിരുന്നു വിരാട് കോഹ്‌ലി. എന്നാൽ ചില കാര്യങ്ങൾ അൽപ്പം അമിത ആത്മവിശ്വാസം നിങ്ങൾക്ക് ഉണ്ടാകും, നിങ്ങൾക്ക് ഏത് ബൗളറെയും സാഹചര്യങ്ങളെയും നേരിടാൻ ആകും എന്ന് നിങ്ങൾ കരുതുന്നു, തുടർന്ന് നിങ്ങൾക്ക് റൺസ് ലഭിക്കാത്ത ഒരു പാച്ചിലൂടെ നിങ്ങൾ കടന്നുപോകുകയും അത് തുടരുകയും ചെയ്യുന്നു,” ശാസ്ത്രി പറഞ്ഞു.

“അപ്പോൾ എന്താണ് സംഭവിക്കുന്നത്, നിങ്ങൾ ആദ്യം മുതൽ അടിസ്ഥാന കാര്യങ്ങളിലേക്ക് മടങ്ങണം. അവൻ പോയി അതെല്ലാം ചെയ്തു. ഇപ്പോൾ അവന്റെ ശരീര ഭാഷയിലും ശാന്തതയിലും, ക്രീസിലെ ശാന്തതയിലും, സമ്മർദ്ദം മറികടക്കാനുള്ള കഴിവിലും പോലും ഇപ്പോൾ നിങ്ങൾക്ക് വ്യത്യാസം കാണാൻ കഴിയും. അവൻ ഇപ്പോൾ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ അവൻ ശാന്തനാണ്”അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാന്റോയ്ക്കും ഷാക്കിബിനും ശതകം നഷ്ടം, ബംഗ്ലാദേശിന് 3 വിക്കറ്റ് വിജയം

ശ്രീലങ്കയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിപ്പിച്ച് ബംഗ്ലാദേശ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അസലങ്കയുടെ ശതകത്തിന്റെ മികവിൽ 279 റൺസ് നേടിയെങ്കിലും ലക്ഷ്യം ബംഗ്ലാദേശ് 41.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. നജ്മുള്‍ ഹൊസൈന്‍ ഷാന്റോ – ഷാക്കിബ് അൽ ഹസന്‍ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 169 റൺസ് കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന ഘട്ടത്തില്‍ ആഞ്ചലോ മാത്യൂസ് ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കുകയായിരുന്നു.

ഷാക്കിബ് 82 റൺസ് നേടിയപ്പോള്‍ ഷാന്റോ 90 റൺസ് നേടിയാണ് പുറത്തായത്. പിന്നീട് വിക്കറ്റുകളുമായി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ശ്രീലങ്കയ്ക്കായെങ്കിലും വിജയം തടുത്തുനിര്‍ത്തുവാന്‍ അവര്‍ക്കായില്ല.

ഷാക്കിബും നജ്മുള്‍ ഹൊസൈനും പുറത്തായ ശേഷം മഹമ്മുദുള്ള(22), തൗഹിദ് ഹൃദോയ്(15*) എന്നിവര്‍ നിര്‍ണ്ണായക റണ്ണുകള്‍ നേടി. തന്‍സിം ഹസന്‍ ഷാക്കിബ് 9 റൺസുമായി തൗഹിദിനൊപ്പം പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി ദിൽഷന്‍ മധുഷങ്ക മൂന്നും മഹീഷ് തീക്ഷണ, ആഞ്ചലോ മാത്യൂസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version